ടീം ഇന്ത്യയ്ക്ക് സന്തോഷ വാര്‍ത്ത, അവന്‍ ഫിറ്റ്‌നസ് വീണ്ടെടുത്തു, ശ്രീലങ്കയിലേക്ക് പറക്കും

Image 3
CricketTeam India

ഐപിഎല്‍ 14ാം സീസണിനിടെ പരിക്കേറ്റ് പുറത്തായ ടി നടരാജന്‍ ഫിറ്റ്‌നസ് വീണ്ടെടുത്തു. നടരാജന്‍ തന്നെയാണ് വീട്ടില്‍ പരിശീലനം പുനരാരംഭിച്ചതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്ത് വിട്ടത്. ജൂലൈയില്‍ ഇന്ത്യന്‍ ടീം യുവതാരനിരയുമായി ശ്രീലങ്കന്‍ പര്യടനം നടത്തുന്നുണ്ട്. പരിശീലനം പുനരാരംഭിച്ചതിനാല്‍ ടി നടരാജനും ടീമിന്റെ ഭാഗമാകും.

2020ലെ ഐപിഎല്ലിലൂടെ ഉയര്‍ന്നുവന്ന നടരാജന്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി അരങ്ങേറ്റം നടത്തിക്കഴിഞ്ഞു. തുടര്‍ച്ചയായി യോര്‍ക്കര്‍ ചെയ്ത് ഇന്ത്യയുടെ ഡെത്ത് ഓവര്‍ നിരയില്‍ സ്ഥാനം പിടിച്ച നടരാജന്‍ ചുരുങ്ങിയ സമയംകൊണ്ട് ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. എന്നാല്‍ തുടര്‍ച്ചയായി പരിക്കേല്‍ക്കുന്നത് താരത്തിന് തിരിച്ചടിയായിരിക്കുകയാണ്.

കാലിനേറ്റ പരിക്കിനെത്തുടര്‍ന്ന് അദ്ദേഹത്തിന് ശസ്ത്രക്രിയ നടത്തിയിരുന്നു. 2021 ഐപിഎല്ലിന്റെ ആദ്യ മത്സരങ്ങളില്‍ നട്ടുവുണ്ടായിരുന്നെങ്കിലും പരിക്കിനെത്തുടര്‍ന്ന് തുടരാനായില്ല.

ശ്രീലങ്കന്‍ പര്യടനത്തില്‍ നടരാജന്‍ ഇന്ത്യക്കൊപ്പം ഉണ്ടെങ്കില്‍ ടീമിനത് കൂടുതല്‍ ഗുണം ചെയ്യും. സീനിയര്‍ താരങ്ങളെല്ലാം ഇംഗ്ലണ്ട് പര്യടനത്തിന് പോകുമ്പോള്‍ യുവതാരനിരയുമായാണ് ഇന്ത്യ ശ്രീലങ്കയിലേക്ക് പോവുക. ഭുവനേശ്വര്‍ കുമാറിനൊപ്പം ഡെത്ത് ഓവര്‍ നിരയില്‍ നട്ടുവും ഇടം പിടിച്ചേക്കും. ഒക്ടോബറിലും നവംബറിലുമായി ടി20 ലോകകപ്പ് നടക്കാനിരിക്കെ ശ്രീലങ്കന്‍ പര്യടനത്തില്‍ തിളങ്ങേണ്ടത് യുവതാരങ്ങള്‍ക്കെല്ലാം നിര്‍ണ്ണായകമാണ്.

ഇന്ത്യക്കായി ഒരു ടെസ്റ്റില്‍ നിന്ന് മൂന്ന് വിക്കറ്റും രണ്ട് ഏകദിനത്തില്‍ നിന്ന് 3 വിക്കറ്റും നാല് ടി20യില്‍ ഏഴ് വിക്കറ്റുമാണ് നടരാജന്‍ വീഴ്ത്തിയത്. ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ പേസറായ നടരാജന്‍ 24 മത്സരത്തില്‍ നിന്ന് 20 വിക്കറ്റാണ് നേടിയത്. അടുത്ത വര്‍ഷം മെഗാ താരലേലമാണ് നടക്കുന്നത്. ഹൈദരാബാദ് നടരാജനെ കൈവിട്ടേക്കും. അങ്ങനെയാണെങ്കില്‍ നടരാജനെ സ്വന്തമാക്കാന്‍ വാശിയേറിയ പോരാട്ടം തന്നെ നടന്നേക്കും.