കോഹ്ലി തിരുത്തണം; രൂക്ഷവിമർശനവുമായി ഇതിഹാസ താരങ്ങൾ

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20 മത്സരം ഇന്ത്യ ആധികാരികമായി ജയിച്ചുവെങ്കിലും മത്സരത്തിലെ ക്യാപ്റ്റൻ കോഹ്‌ലിയുടെ ടീം സെലക്ഷനെതിരെ ക്രിക്കറ്റ് ആരാധകർക്കിടയിലും പണ്ഡിറ്റുകൾക്കിടയിലും വിമർശനം പുകയുന്നു. നേരത്തെ ഇന്ത്യൻ ഇതിഹാസ താരം വീരേന്ദര്‍ സെവാഗ് കൊഹ്‌ലിയെ വിമർശിച്ചു രംഗത്തു വന്നിരുന്നു. ഏറ്റവുമൊടുവിൽ മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത്. ഒന്നാം ടി20 മത്സരത്തിൽ ശ്രേയസ് അയ്യർക്ക് ടീമിൽ ഇടം നൽകാത്തതാണ് മുൻ ഇന്ത്യൻ താരങ്ങളെ ചൊടിപ്പിച്ചത്. 

ഏകദിനത്തില്‍ രണ്ടോ മൂന്നോ ഇന്നിങ്‌സില്‍ തിളങ്ങാനായില്ല എന്ന കാരണത്താൽ ശ്രേയസിനെ മാറ്റിനിർത്തുന്നത് നീതിയല്ലെന്നാണ് കൈഫിന്റെ വിമർശനം. എന്നാൽ ഇതാണ് കോലിയുടെയും രവി ശാസ്ത്രിയുടെയും കീഴിൽ ഇന്ത്യന്‍ ടീമിന്റെ സംസ്‌കാരം എന്നും ഇത് ശരിയല്ലെന്നും കൈഫ് പറയുന്നു.

ഇക്കാര്യത്തിൽ കോഹ്ലി ഗാംഗുലിയുടെ പാത പിന്തുടരണമെന്നാണ് കൈഫിന്റെ ഉപദേശം. സൗരവ് ഗാംഗുലിയുടെ കാലത്ത് ഒരു താരത്തിന് നല്‍കാന്‍ കഴിയുന്ന എല്ലാ പിന്തുണയും അദ്ദേഹം നല്‍കുമായിരുന്നുവെന്ന് കൈഫ് ഓർക്കുന്നു. ഫോം ഔട്ടാണെങ്കിലും മികച്ച താരങ്ങൾക്ക് പിന്തുണ നല്‍കിയാണ് ദാദ മികച്ച ടീമുണ്ടാക്കിയത്. ഈ പാരമ്പര്യം കോലി നഷ്ടപ്പെടുത്തുകയാണെന്നും കൈഫ് പറയുന്നു.

നേരത്തെ ടീം സിലക്ഷനിൽ കോഹ്ലി സാമാന്യ മര്യാദകളോ നിയമങ്ങളോ പാലിക്കുന്നില്ല എന്ന വിമർശനവുമായി വിരേന്ദർ സെവാഗും രംഗത്തെത്തിയിരുന്നു.കോഹ്‌ലിയുടെ കീഴിൽ ഒരു താരത്തിനും ഇന്ത്യന്‍ ടീമില്‍ സ്ഥിരമായി കളിക്കാന്‍ സാധിക്കുന്നില്ലെന്നും നിസാര കാരണങ്ങൾ പറഞ്ഞു മികച്ച താരങ്ങളെ പോലും മാറ്റി നിർത്തുകയാണെന്നും സെവാഗ് പറയുന്നു. എന്നാൽ സ്വന്തം കാര്യം വരുമ്പോഴാകട്ടെ സെലക്ഷനിലെ ഈ അളവുകോല്‍ കോഹ്ലി കാറ്റില്‍പ്പറത്തുകയാണെന്നായിരുന്നു സെവാഗിന്റെ വിമർശനം.

യുവതാരമായിരുന്നപ്പോൾ എം എസ് ധോണി നൽകിയ പിന്തുണയുടെ ബലത്തിലാണ് ഇന്ന് കാണുന്ന കോഹ്‌ലിയുടെ വളർച്ചയെന്നും സെവാഗ് ചൂണ്ടിക്കാട്ടുന്നു. 2014 കാലഘട്ടത്തില്‍ എംഎസ് ധോണി നൽകിയ അളവറ്റ പിന്തുണയെ കുറിച്ച് കോഹ്ലി വാചാലനാവാറുണ്ട് . 2014 ൽ ഇംഗ്ലണ്ട് പര്യടനത്തില്‍ വമ്പന്‍ പരാജയമായിരുന്ന കോലിയെ തുടർന്നും ടീമില്‍ കളിപ്പിക്കാന്‍ ധോണി നിർബന്ധം പിടിച്ചിരുന്നു.

എന്നാല്‍ കോലിയില്‍ നിന്നും ഇത്തരമൊരു പിന്തുണ ടീമിലെ മറ്റു യുവതാരങ്ങൾക്ക് ലഭിക്കുന്നില്ലെന്ന് ശ്രേയസിന്റെ കാര്യം ഉദാഹരിച്ചു സെവാഗ് പറയുന്നു. ‘അടുത്ത കാലത്തായി നടന്ന ട്വന്റി-20 പരമ്പരകളിലെല്ലാം മികച്ച പ്രകടനം കാഴ്ചവച്ച ബാറ്റ്‌സ്മാനാണ് ശ്രേയസ്. പിന്നെ എന്ത് അടിസ്ഥാനത്തിലാണ് ശ്രേയസിനെ പ്ലേയിങ് ഇലവനില്‍ നിന്നും ഒഴിവാക്കിയത്? സെവാഗ് ചോദിക്കുന്നു.

മറ്റു താരങ്ങളുടെ കാര്യത്തിൽ ഇത്രക്ക് കർക്കശക്കാരനായ കോഹ്ലി പക്ഷെ സ്വന്തം കാര്യത്തിൽ അങ്ങനെയല്ല. ഫോമില്ലാതെ നില്‍ക്കുമ്പോള്‍ ഇടവേളയെടുക്കില്ല, ബാറ്റിങ് പൊസിഷന്‍ ഒരിക്കലും മാറില്ല, ടീമിന് പുറത്തു പോവില്ല.. ഈ പ്രവണത തെറ്റാണെന്നും എല്ലാവര്ക്കും ടീം സെലക്ഷനിൽ ഒരേ അളവുകോൽ തന്നെ പുലർത്തണമെന്നും സെവാഗ് പറഞ്ഞിരുന്നു.

You Might Also Like