കോച്ചായി ഇന്ത്യയ്ക്കാരെ നിയമിക്കാന്‍ ക്ലബുകള്‍ക്ക് ധൈര്യമുണ്ടോ?, അവഗണനയില്‍ മനംമടുത്ത് താങ്‌ബോയ്

മുഖ്യപരിശീലകനായി ഒരു ഇന്ത്യയ്ക്കാരനെ നിയമിക്കാന്‍ ഒരു ഐഎസ്എല്‍ ക്ലബിന് എന്നാണ് ധൈര്യമുണ്ടാകുക. ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് അറിയാന്‍ ഏറ്റവും കൗതകമുളള ഈ ചോദ്യം ഉതിര്‍ത്തിരിക്കുന്നത് ഐഎസ്എല്ലില്‍ നിരവധി ടീമുകളുടെ സഹപരിശീലകനായിട്ടുളള താങ്‌ബോയ് സിങ്‌ദോയാണ്.

തന്റെ പരിശീലക അനുഭവങ്ങളെ കുറിച്ച് പ്രമുഖ കായിക മാധ്യമമായ ഖേല്‍നൗവിനോട് സംസാരിക്കെയാണ് ചൂടുളള ഈ ചോദ്യം താങ്‌ബോയ് ഉതിര്‍ത്തത്.

എ.എഫ്.സി പ്രോ ലൈസന്‍സുള്ള ഇന്ത്യന്‍ കോച്ചുകളെ ഹെഡ് കോച്ചായി നിയമിക്കാമെന്ന് എ.ഐ.എഫ്.സി അടുത്തിടെ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. ഒരു പ്രധാന പരിശീലകനെ തേടി ലോകമെമ്പാടും കറങ്ങുന്നതിനുപകരം രാജ്യത്തിനകത്തുള്ള പ്രതിഭകളെ വിശ്വാസത്തിലെടുക്കാന്‍ ഐഎസ്എല്‍ ക്ലബ്ബുകളോട് മുന്‍ ഷില്ലോംഗ് ലജോംഗ് കോച്ച് അഭ്യര്‍ത്ഥിക്കുന്നു.

‘ഇത് ലീഗിന്റെ വളരെ പ്രോത്സാഹജനകമായ തീരുമാനമാണ്. ഞങ്ങളെ പോലെയുള്ള ഇന്ത്യന്‍ പരിശീലകരെ മുഖ്യ പരിശീലകരായി നിയമിക്കാന്‍ ഐഎസ്എല്‍ ക്ലബ്ബുകള്‍ക്ക് ആത്മവിശ്വാസമുണ്ടോ? ഇന്ത്യന്‍ പരിശീലകര്‍ അതിന് യോഗ്യത തെളിയിച്ചവര്‍ തന്നെയാണ്’ താങ്‌ബോയ് പറയുന്നു.

ഒരു പ്രൊഫഷണല്‍ പരിശീലകന് ലഭിക്കേണ്ട എല്ലാ പിന്തുണയും ബഹുമാനവും ലഭിക്കുകയാണെങ്കില്‍ ഐഎസ്എല്‍ ടീമുകളെ എളുപ്പത്തില്‍ വളര്‍ത്തി എടുത്ത് മികച്ച പ്രകടനം കാഴ്ചവെപ്പിക്കാന്‍ കഴിവുള്ള ഇന്ത്യന്‍ കോച്ചുമാര്‍ ഉണ്ടെന്ന് താങ്‌ബോയ് ഉറച്ച് വിശ്വസിക്കുന്നു. ഇന്ത്യന്‍ പരിശീലകരോട് കുറച്ചുകൂടി വിശ്വാസവും പിന്തുണയും കാണിച്ചുകൂടേയെന്നും അദ്ദേഹം ചോദിക്കുന്നു.

2013 മുതല്‍ 2017 വരെ ഐലീഗില്‍ ഷില്ലോംഗ് ലജോഗിന്റെ പരിശീലകനായിരുന്നു താങ്‌ബോയ്. യുവതാരങ്ങളെ വളര്‍ത്തിയെടുക്കുന്നതില്‍ മികവ് കാട്ടിയ താങ്‌ബോയെ കേരള ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കുകയായിരുന്നു. ബ്ലാസ്‌റ്റേഴ്‌സില്‍ നിരവധി നോര്‍ത്ത് ഈസ്റ്റ് താരങ്ങളെ എത്തിച്ചതിന് പിന്നില്‍ താങ്‌ബോയുടെ കരങ്ങളുണ്ടായിരുന്നു. റെഡീം തലാഗ്, ഐസാക്ക് വാന്‍ലാല്‍സേമാ, നിം ഡോര്‍ദി തമാംഗ് തുടങ്ങിയ താരങ്ങളെ വളര്‍ത്തികൊണ്ട് വന്നത് താങ്‌ബോയ് ആയിരുന്നു.

ഐഎസഎല്‍ ആദ്യ സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ സഹപരിശീലകനായും ഇദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ഒഡീഷ എഫ്‌സിയുടെ സഹപരിശീലകനായിരുന്ന താങ്‌ബോയ് നിലവില്‍ ഒരു ക്ലബുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടില്ല.

You Might Also Like