വന്‍ ഓഫര്‍, ഇന്ത്യന്‍ ഫുട്‌ബോളിനെ ഞെട്ടിച്ച് രഞ്ജിത്ത് ബജാജ്

ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന് വലിയ ഓഫര്‍ നല്‍കി മിനര്‍വ്വ പഞ്ചാബ് ഉടമ രഞ്ജിത് ബജാജ്. ഇന്ത്യന്‍ ഫുട്‌ബോള്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് തന്റെ കീഴിലുളള മിനര്‍വ്വ പഞ്ചാബിന്റെ സൗകര്യങ്ങള്‍ വിട്ടുനല്‍കാന്‍ സമ്മതമാണെന്നാണ് ബജാജ് അറിയിച്ചിരിക്കുന്നത്. ഇക്കാര്യം ചൂണ്ടികാണിച്ച് എഐഎഫ്എഫിന് അദ്ദേഹം കത്തയച്ചു.

രണ്ട് കത്തുകളാണ് ബജാജ് ഇതുസംബന്ധിച്ച് അയച്ചിരിക്കുന്നത്. ആദ്യ കത്തില്‍ ഇന്ത്യന്‍ പരിശീലകരുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന് എ, ബി ഗ്രേഡ് പരിശീലകര്‍ കോച്ചിംഗ് കോഴ്‌സ് എഐഎഫ്എഫ് സംഘടിപ്പിക്കുകയാണെങ്കില്‍ മിനര്‍വ്വ പഞ്ചാബിന്റെ എല്ലാ സൗകര്യങ്ങളും വിട്ടുതരാമെന്ന് ബജാജ് പറയുന്നു.

മിനര്‍വ്വ പഞ്ചാബ് ക്യാമ്പസ്, ഗ്രൗണ്ട്, ജിം, ഫിസിയോ, പൂള്‍ തുടങ്ങിയാണ് കോച്ചിംഗ് ക്യാമ്പിനായി സൗജന്യമായി വിട്ടുനല്‍കാമെന്ന് ബജാജ് വാഗ്ദാനം ചെയ്യുന്നത്.

രണ്ടാമത്തെ കത്തില്‍ മറ്റൊരു ഓഫറാണ് ബജാജ് മുന്നോട്ട് വെക്കുന്നത്. അണ്ടര്‍ 17 ഫിഫ ലോകകപ്പിന് ഒരുങ്ങുന്ന വനിത ടീമിനും അണ്ടര്‍ 16 എഎഫ്‌സി ചാമ്പ്യന്‍ഷിപ്പിന് ഒരുങ്ങുന്ന ആണ്‍കുട്ടികള്‍ക്കും ട്രെയിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നതിന് മിനര്‍വ്വ പഞ്ചാബിന്റെ സൗകര്യങ്ങള്‍ ഉപയോഗിക്കാമെന്നാണ് ബജാജ് വാഗ്ദാനം ചെയ്യുന്നത്. ഭക്ഷണവും താമസവും ഉള്‍പ്പെടെയാണ് സൗജന്യമായി ബജാജ് നല്‍കാമെന്ന് വാഗ്ദാനം നല്‍കിയിരിക്കുന്നത്.

നേരത്തെ ഐലീഗ് ക്ലബായിരുന്ന മിനര്‍വ്വ പഞ്ചാബിനെ രഞ്ജിത്ത് ബജാജ് വിറ്റൊഴിവാക്കിയിരുന്നു. പഞ്ചാബ് എഫ്‌സിയെന്ന പേരില്‍ കളിക്കുന്നത് മിനര്‍വ്വ പഞ്ചാബ് ടീമാണ്. ഇതോടെ ഒഴിഞ്ഞ് കിടക്കുന്ന ക്യാമ്പസാണ് എഐഎഫ്എഫിന് രഞ്ജിത്ത് ബജാജ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

You Might Also Like