ക്ലബുകള്‍ കൊറോണയെ മുതലെടുക്കരുത്, മുന്നറിയിപ്പുമായി താരങ്ങളുടെ സംഘടന

Image 3
FootballISL

കോവിഡ് 19ന്‍ മൂലം സാമ്പത്തിക രംഗം ആകെ താറുമാറായിരിക്കുകയാണല്ലോ. എല്ലായിടത്ത് നിന്നും പ്രതിസന്ധികളുടെ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഫുട്‌ബോള്‍ ലോകവും ആ പ്രതിസന്ധിയില്‍ നിന്ന് മുക്തമല്ല.

എന്നാല്‍ ഈ സാഹചര്യം മുതലെടുക്കാന്‍ ചില ക്ലബുകള്‍ ശ്രമിക്കുന്നതായി ആരോപണവുമായി ഇന്ത്യന്‍ ഫുടബോള്‍ താരങ്ങളുടെ സംഘടനയായ ഫുട്‌ബോള്‍ പ്ലേയേഴ്‌സ് ഓഫ് ഇന്ത്യ (എഫ്പിഎഐ) രംഗത്തെത്തി. ഈ പ്രതിസന്ധി മുതലെടുത്ത് ക്ലബുകള്‍ താരങ്ങളുടെ വേതനം മുടക്കരുതെന്നാണ് എഫ്പിഎഐ ഔദ്യോഗികമായി ആവശ്യപ്പെട്ടിരിക്കുന്നത്.

സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുള്ള ഒരു സാഹചര്യത്തിലൂടെയാണ് എല്ലാവരും കടന്നുപോകുന്നത്. പല താരങ്ങളുമായും സംസാരിച്ചു. തങ്ങളുടെ വേതനം മുടങ്ങുമോ എന്ന് അവര്‍ ഭയക്കുന്നതായി എഫ്പിഎഐ പ്രസിഡന്റ് റെന്നെഡി സിങ് പറഞ്ഞു.

‘ഒരു ക്ലബ്ബുമായി ഏര്‍പ്പെടുന്ന കരാറിന്റെ കോപ്പി എല്ലാവരും കൈവശം വെക്കണം. ഇതാണ് എനിക്ക് യുവതാരങ്ങളോട് പറയാനുള്ളത്. സാഹചര്യം മുതലെടുത്ത് കളിക്കാനറിയുന്ന ക്ലബ്ബുകളുണ്ട്. എന്നിരുന്നാലും ഞാന്‍ കളിച്ച കാലത്തില്‍ നിന്ന് കാര്യങ്ങള്‍ ഏറെ മാറി എന്ന് തോന്നുന്നു, ‘ മുന്‍ ഇന്ത്യന്‍ താരം ഗോള്‍.കോമിനോട് പറഞ്ഞു.

ക്ലബ്ബുകള്‍ക്കും സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടാകും പക്ഷെ വൈകിയായാലും എല്ലാ താരങ്ങള്‍ക്കും കൃത്യമായി വേതനം ലഭിച്ചെന്ന് ഉറപ്പാക്കണമെന്നും സംഘട ആവശ്യപ്പെട്ടു. താരങ്ങള്‍ക്കും കുടുംബമുണ്ട്. അത് എല്ലാവരും ഓര്‍ക്കണം. അനിഷ്ട സംഭവങ്ങളുണ്ടായാല്‍ താരങ്ങളും പക്വതയോടെ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നേരത്തെ കേരള ബ്ലാസ്റ്റേഴ്‌സ് ഉള്‍പ്പെടെയുളള ക്ലബുകള്‍ താരങ്ങള്‍ക്ക് വേതനം നല്‍കുന്നതില്‍ കുടിശ്ശിക വരുത്തിയതായി ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല കോവിഡ് പ്രതിസന്ധി മൂലം താരങ്ങളുടെ വേതനം വെട്ടികുറക്കാനും ബ്ലാസ്റ്റേഴ്‌സ് നീക്കം നടത്തിയിരുന്നു.

പ്രൊഫഷണല്‍ ഫുട്‌ബോള്‍ താരങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് എഫ്പിഎഐ. 2007ല്‍ അന്ന് ഇന്ത്യന്‍ നായകനായ ബൈച്ചുങ് ബൂട്ടിയായാണ് എഫ്പിഎഐ സ്ഥാപിക്കുന്നത്. ഫുട്‌ബോള്‍ താരങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുക, ക്ഷേമം ഉറപ്പുവരുത്തുക, പ്രൊഫഷണലിസം വര്‍ദ്ധിപ്പിക്കുക എന്നിവയാണ് എഫ്പിഎഐയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍. ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി, മുന്‍ ദേശീയ താരങ്ങളായ അഭിഷേക് യാദവ്, ക്ലിഫോര്‍ഡ് മിറാന്‍ഡ, ആല്‍വിറ്റോ ഡി കുനാ എന്നിവരാണ് സംഘടനാ വൈസ് പ്രസിഡന്റുമാര്‍.