തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കി ബെറ്റിയ, ബ്ലാസ്‌റ്റേഴ്‌സിന് കാത്തിരിപ്പ്

Image 3
FootballISL

ബ്ലാസ്റ്റേഴ്‌സിലേക്ക് വരുമെന്ന് പ്രതീക്ഷിക്കുന്ന മോഹന്‍ ബഗാന്‍ മിഡ്ഫീല്‍ഡര്‍ ജൊസബെ ബെറ്റിയയെ തേടി ഒരു സന്തോഷവാര്‍ത്ത. കൊല്‍ക്കത്തന്‍ വമ്പന്‍മാരായ മോഹന്‍ ബഗാന്റെ കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരമായി സ്പാനിഷ് താരം ജൊസബെ ബെറ്റിയയെ തിരഞ്ഞെടുത്തു.

കഴിഞ്ഞ സീസണില്‍ മോഹന്‍ ബഗാനെ ചരിത്രത്തിലാദ്യമായി രണ്ടാം തവണ ഐലീഗ് ചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണ്ണായ പങ്കാണ് വഹിച്ചത്.

നിലവിലെ ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ കിബു വികൂനയ്ക്ക് കീഴില്‍ കളിച്ച മോഹന്‍ ബഗാനായി 16 മത്സരങ്ങളിലും വിയര്‍പ്പൊഴുക്കി കളിച്ച ബെറ്റിയ മൂന്ന് ഗോളും മൂന്ന് അസിസ്റ്റും സ്വന്തമാക്കിയിരുന്നു. അണ്ടര്‍ 18 ടീം അംഗം സജ്ജാല്‍ ബാഗിന്റെ കഴിഞ്ഞ സീസണിലെ മികച്ച യുവതാരമായും തിരഞ്ഞെടുത്തു.

എല്ലാവര്‍ഷം ജൂലൈ 29ന് മോഹന്‍ ബഗാന്‍ ‘മോഹന്‍ ബഗാന്‍ ഡേ’ ആയി ആഘോഷിക്കാറുണ്ട്. അന്നാണ് സാദാരണ പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്യാറ്. കോവിഡ് മഹാമാരി മൂലം ഇപ്രവാശ്യം എങ്ങനെയാണ് വിതരണം ചെയ്യുക എന്ന് വ്യക്തമല്ല. 1911ല്‍ ബ്രിട്ടീഷ് റെജിമെന്റല്‍ ടീമിനെ തോല്‍പിച്ച് ഐഎഫ്എ ഷീല്‍ഡ് നേടിയതിന്റെ ഓര്‍മയ്ക്കായാണ് എല്ലാവര്‍ഷവും ജൂലൈ 29ന് മോഹന്‍ ബഗാന്‍ ഡേ ആയി ആഘോഷിക്കുന്നത്.

നിലവില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഓഫര്‍ നല്‍കിയിട്ടുളള താരമാണ് ജൊസബെ ബൈറ്റിയ. 75 ലക്ഷം രൂപയാണ് ബെറ്റിയക്കായി ബ്ലാസ്റ്റേഴ്‌സ് നല്‍കിയിരിക്കുന്ന ഓഫര്‍. താരം ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. പുതിയ അവാര്‍ഡ് നേട്ടത്തിന്റെ പശ്ചാത്തലത്തില്‍ മറ്റ് ക്ലബുകള്‍ ഏതെങ്കിലും മികച്ച ഓഫര്‍ നല്‍കുമോയെന്ന കാത്തിരിപ്പിലാണ് താരം.