അവന്റെ വിശ്വരൂപം ഏറ്റവും കരുത്തര്‍ക്കെതിരെയായിരുന്നു, മറവിയിലേക്ക് തള്ളരുത് ഈ ഹീറോയെ

കെ നന്ദകുമാര്‍പിള്ള

ദിലീപ് വെങ്സര്‍ക്കാര്‍.. ക്രിക്കറ്റിന്റെ മെക്ക എന്നറിയപ്പെടുന്ന ലോര്‍ഡ്‌സിനെ പ്രണയിച്ച ഇംഗ്ലണ്ടിന് പുറത്തുള്ള ഒരേയൊരു താരം. ഇന്ത്യയുടെ 1979, 1982, 1986 ടൂറുകളിലായി ലോര്‍ഡ്സില്‍ നടന്ന ടെസ്റ്റുകളില്‍ ഏതെങ്കിലും ഒരിന്നിംഗ്സില്‍ വെങ്സര്‍ക്കാര്‍ സെഞ്ച്വറി നേടിയിട്ടുണ്ട്. 103, 157, 126* ഇതാണ് ആ സ്‌കോറുകള്‍. 1990 ലെ സീരീസില്‍ ലോര്‍ഡ്സില്‍ ഒരു അര്‍ദ്ധ സെഞ്ചുറിയും(52*) അദ്ദേഹം നേടിയിട്ടുണ്ട്.

ഞാന്‍ ക്രിക്കറ്റ് കണ്ടു തുടങ്ങുന്ന 1986 – 87 കാലത്ത് ഇന്ത്യന്‍ മധ്യനിരയിലെ വിശ്വസ്ത ബാറ്റ്‌സ്മാന്‍ ആയിരുന്നു കേണല്‍ എന്ന് എല്ലാവരും സ്‌നേഹത്തോടെ വിളിച്ചിരുന്ന ദിലീപ് ബല്‍വന്ത് വെങ്സര്‍ക്കാര്‍. കപില്‍ദേവ്, ശ്രീകാന്ത് എന്നിവര്‍ക്കൊപ്പം നിര്‍ത്താവുന്ന ഒരു വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ കൂടി ആയിരുന്നു വെങ്സര്‍ക്കാര്‍.

1985 ലെ വേള്‍ഡ് ചാംപ്യന്‍ഷിപ് ഓഫ് ക്രിക്കറ്റ് സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ കപില്‍ദേവിനൊപ്പം വെങ്സര്കാര് നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങും അവരുടെ പാര്‍ട്ണര്‍ഷിപ്പും ക്രിക്കറ്റ് പ്രേമികളുടെ മനസ്സില്‍ മായാതെ നില്കും. 207 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ സ്‌കോര്‍ 32 ഓവര്‍ കഴിഞ്ഞപ്പോള്‍ 102 റണ്‍സ്. അടുത്ത 18 ഓവറില്‍ ആറിനടുത്ത് റണ്‍റേറ്റില്‍ 105 റണ്‍സ് നേടണമെന്ന അവസ്ഥ. ന്യൂസിലാന്‍ഡ് ബൗളേഴ്സ് ആത്മവിശ്വാസത്തിന്റെ പരകോടിയില്‍. പക്ഷെ അടുത്ത 11 ഓവറില്‍ കപില്‍ – വെങ്സര്‍ക്കാര്‍ സഖ്യം കളി അവസാനിപ്പിച്ചു. കപില്‍ 37 പന്തില്‍ 54 റണ്‍സ് എടുത്തപ്പോള്‍ 59 പന്തില്‍ വെങ്സര്കാര് നേടിയത് 63 റണ്‍സ്.

ലോകത്തെ ഒരുവിധം ബാറ്റ്സ്മാന്മാരെല്ലാം വെസ്റ്റ് ഇന്‍ഡീസ് ഫാസ്റ്റ് ബൗളേഴ്സിന്റെ മുന്‍പില്‍ മുട്ടിടിച്ചു നിന്ന കാലത്ത്, നമ്മുടെ കേണല്‍ വ്യത്യസ്തനായിരുന്നു. കരിയറില്‍ നേടിയ 17 സെഞ്ചുറികളില്‍ 6 എണ്ണം വിന്ഡീസിനെതിരെ ആയിരുന്നു. 116 ടെസ്റ്റുകള്‍ കളിച്ച അദ്ദേഹം 6868 റണ്‍സുമായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യക്കാരുടെ പട്ടികയില്‍ എട്ടാം സ്ഥാനത്തുണ്ട്. കുറെ നാള്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ കൂടി ആയിരുന്നു വെങ്സര്‍ക്കാര്‍.

1976 ല്‍ ആരംഭിച്ച കരിയറിന് 1991 ഓസ്ട്രേലിയന്‍ ടൂറോടുകൂടി അദ്ദേഹം വിരാമമിട്ടു.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

 

You Might Also Like