ഇന്ത്യ ഓപ്പണിംഗില്‍ സര്‍പ്രൈസ് മാറ്റത്തിനൊരുങ്ങുന്നു, രാഹുലിന്റെ കാര്യം ത്രിശങ്കുവില്‍

ഏഷ്യ കപ്പിനായി ദുബൈയിലെത്തിയ ഇന്ത്യന്‍ ടീം കൈമെയ് മറന്നുളള പരിശീലനത്തിലാണ്. ബദ്ധവൈരികളായ പാകിസ്ഥാനാണ് ആദ്യ മത്സരത്തിലെ എതിരാളികള്‍ എന്നതിനാല്‍ എന്ത് വിലകൊടുത്തും മത്സരം ജയിക്കാന്‍ ടീം ഇന്ത്യ ഒരുങ്ങുന്നത്. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ടി20 ലോകകപ്പിലാണ് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടിയത്. മത്സരത്തില്‍ 10 വിക്കറ്റിനാണ് പാകിസ്ഥാന്‍ ജയിച്ചത്.

ഇതോടെ അതേവേദിയില്‍ പാകിസ്ഥാന് മറുപടിനല്‍കാനാകും ഇന്ത്യ ശ്രമിക്കുക. ഇത്തവണ ഓപ്പണിങ് കോമ്പിനേഷനെ മാറ്റി പാകിസ്താനെ ഇന്ത്യ അമ്പരപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കൊപ്പം മുന്‍ നായകന്‍ വിരാട് കോഹ്ലി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാനിടയുണ്ടെന്നാണ് സൂചന. രാഹുലിനെ പിന്നിലേക്ക് മാറ്റിയേക്കും.

ഇതേക്കുറിച്ച് ടീം മാനേജ്മെന്റ് സൂചനകളൊന്നും നല്‍കിയിട്ടില്ലെങ്കിലും ഇത്തരമൊരു സംശയം ആരാധകര്‍ക്കുണ്ടാവാന്‍ ചില കാരണങ്ങളുണ്ട്. ദുബായില്‍ ഇന്ത്യന്‍ ടീം കഴിഞ്ഞ ദിവസം നെറ്റ്സില്‍ പരിശീലനത്തിന് ഇറങ്ങിയപ്പോള്‍ ആദ്യം ഒരുമിച്ച് ബാറ്റ് ചെയ്തത് രോഹിത് ശര്‍മയും വിരാട് കോഹ്ലയുമായിരുന്നു. ഇന്ത്യന്‍ ബൗളര്‍മാരായ അര്‍ഷ്ദീപ് സിങ്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ എന്നിവര്‍ക്കെതിരേയെല്ലാം ഒരു യഥാര്‍ഥ മല്‍സരത്തിലെ ഓപ്പണിങ് ജോടികളെപ്പോലെ ഏറെ നേരം ബാറ്റ് വീശുകയും ചെയ്തു.

രോഹിത് ശര്‍മയും വിരാട് കോലിയുമാണ് പാകിസ്താനെതിരേ ഓപ്പണ്‍ ചെയ്യുന്നതെങ്കില്‍ കെഎല്‍ രാഹുല്‍ ഏതു പൊസിഷനില്‍ കളിക്കുമെന്നതാണ് ചോദ്യം. കോലിയുടെ മൂന്നാംനമ്പര്‍ റോളില്‍ തന്നെയാവുമോ രാഹുല്‍ കളിക്കുകയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. കാരണം നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവും അഞ്ചാമനായി റിഷഭ് പന്തും തന്നെ തുടരുമെന്നുറപ്പാണ്. അതുകൊണ്ടു തന്നെ രാഹുലിന് ഒഴിവുള്ളതും മൂന്നാം നമ്പര്‍ മാത്രമാണ്.

അതെസമയം രാഹുല്‍ മോശം ഫോമിലൂടെയാണ് ഇപ്പോള്‍ കടന്ന് പോകുന്നത്. മൂന്നാം നമ്പറില്‍ രാഹുല്‍ തിളങ്ങുമോയെന്ന് കാത്തിരുന്ന് തന്നെ കാണണം.

You Might Also Like