ഇന്ത്യ ലോകകപ്പ് നേടിയപ്പോള്‍ ഒരു നിര്‍ഭാഗ്യവാനായ മലയാളി ഉണ്ടായിരുന്നു, ലോകകപ്പ് ഓര്‍മ്മ
കെ നന്ദകുമാര്‍പിള്ള
2011 ലോകകപ്പ് ഫൈനലിന്റെ അവസാന അഞ്ചോവറോളം കാണാന്‍ സാധിച്ചില്ല എന്നത്, ക്രിക്കറ്റുമായി ബന്ധപ്പെട്ട് എന്റെ വലിയ ദുഖങ്ങളില്‍ ഒന്നാണ്. അന്ന് ഞാന്‍ ആഫ്രിക്കയില്‍ എറിത്രിയ എന്ന രാജ്യത്ത് ജോലി ചെയുന്ന സമയം. വളരെ അവികസിതമായ ഒരു രാജ്യമാണ് എറിത്രിയ. എഡ്യൂക്കേഷന്‍, കമ്മ്യൂണിക്കേഷന്‍, ട്രാന്‍സ്പോര്‍ട്ടേഷന്‍, മെഡിക്കല്‍ തുടങ്ങി എല്ലാ മേഖലകളിലും ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു രാജ്യം. ഇതിനൊപ്പമാണ് ഇടക്ക് അപ്രതീക്ഷിതമായി ഉണ്ടാകാറുള്ള കറന്റ് കട്ട്.
ക്രിക്കറ്റ് മത്സരങ്ങള്‍ ഉള്ള ദിവസം എന്റെ ഏറ്റവും വലിയ പ്രാര്‍ത്ഥന കറന്റ് പോകരുതേ എന്നതായിരുന്നു. ലോകകപ്പ് തുടങ്ങി. മത്സരങ്ങള്‍ ഓരോന്നായി കടന്നു പോയി. ഭാഗ്യം, ഇന്ത്യയുടെ കളി ഉള്ള ദിവസങ്ങളില്‍ ഒന്നും കറന്റ് കട്ട് ഉണ്ടായില്ല. സെമി ഫൈനല്‍ വരെ പ്രശ്‌നങ്ങള്‍ ഇല്ലാതെ കടന്നു പോയി.
പക്ഷെ എല്ലാം തകിടം മറിഞ്ഞത് അന്നായിരുന്നു, ഫൈനല്‍ ദിവസം. അന്ന് രാവിലെ മുതല്‍ തന്നെ കറന്റ് വന്നും പോയും ഇരുന്നു. കളി തുടങ്ങിയപ്പോഴും അതിനു മാറ്റമുണ്ടായില്ല. അവസാനം പേടിച്ചത് തന്നെ സംഭവിച്ചു. യുവരാജ് സിംഗ് ക്രീസിലേക്ക് വന്ന് ഏകദേശം ഓരോവര്‍ കഴിഞ്ഞപ്പോള്‍ കറന്റ് പോയി. പിന്നീട് ഞങ്ങള്‍ മറ്റു സ്ഥലങ്ങളില്‍ ഉള്ള സുഹൃത്തുക്കള്‍ വഴി സ്‌കോര്‍ അപ്‌ഡേറ്റ് ചെയ്യുകയായിരുന്നു. ധോണിയുടെ ബാറ്റില്‍ നിന്ന് ഗാലറിയിലേക്ക് പറന്ന സിക്‌സറും, അതിനു ശേഷമുള്ള ആഘോഷങ്ങളും എല്ലാം പിന്നീടുള്ള ദിവസങ്ങളില്‍ ഹൈലൈറ്റ്‌സ് കണ്ടാണ് സംതൃപ്തി അടഞ്ഞത്.
ഇന്ത്യ ഇനിയൊരു ലോകകപ്പ് ജയിച്ചാല്‍ മാത്രമേ, അത് നേരിട്ട് കണ്ടാല്‍ മാത്രമേ അന്നത്തെ സങ്കടം തീരുകയുള്ളു.
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍