മുന്നിൽ നിന്നും നയിച്ചു രോഹിത്, കങ്കാരുവധത്തോടെ ടീം ഇന്ത്യ ആ കടം വീട്ടി; രാജകീയമായി സെമിയിലേക്ക്.

Image 3
CricketTeam IndiaWorldcup

2024 ടി20 ലോകകപ്പ്: ആവേശകരമായ ഗ്രൂപ്പ്8 മത്സരത്തിൽ ഓസീസിനെ 24 റൺസിന് തകർത്ത് രോഹിത് ശർമ്മയും കൂട്ടരും സെമി ഫൈനലിലേക്ക് മുന്നേറി. സെമിയിലേക്ക് കടക്കാൻ ജയം അനിവാര്യമായിരുന്നു ഓസീസിന്റെ ലോകകപ്പ് സ്വപ്നങ്ങൾ ഇതോടെ ഏറെക്കുറെ അവസാനിച്ചു.  ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ഇന്ത്യ, രോഹിത് ശർമ്മയുടെ തകർപ്പൻ പ്രകടനത്തിന്റെ മികവിൽ 20 ഓവറിൽ 205/5 എന്ന മികച്ച സ്കോർ നേടി. 41 പന്തിൽ നിന്ന് 92 റൺസ് നേടിയ രോഹിത് ശർമ്മ, ടി20യിൽ 200 സിക്സറുകൾ നേടുന്ന ആദ്യ ബാറ്റ്സ്മാനായി ചരിത്രം കുറിച്ചു. സൂര്യകുമാർ യാദവ് (31), ശിവം ദുബെ (28), ഹാർദിക് പാണ്ഡ്യ (27*) എന്നിവരുടെ മികച്ച പ്രകടനവും ഇന്ത്യയുടെ സ്കോർ ഉയർത്തി.

206 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയയ്ക്ക് ട്രാവിസ് ഹെഡിന്റെ (76) മികച്ച ഇന്നിംഗ്സ് നൽകിയ പ്രതീക്ഷകൾ അർഷ്ദീപ് സിംഗ് (3 വിക്കറ്റ്), കുൽദീപ് യാദവ് (2 വിക്കറ്റ്) എന്നിവർ തകർത്തു. ഇന്ത്യയുടെ മികച്ച ബൗളിംഗിനു മുന്നിൽ ഓസ്ട്രേലിയയ്ക്ക് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് മാത്രമേ നേടാനായുള്ളൂ.

മത്സര സംഗ്രഹം:
ഇന്ത്യ: 20 ഓവറിൽ 205/5 (രോഹിത് ശർമ്മ 92, സൂര്യകുമാർ യാദവ് 31; മിച്ചൽ സ്റ്റാർക്ക് 2/45)
ഓസ്ട്രേലിയ: 20 ഓവറിൽ 181/7 (ട്രാവിസ് ഹെഡ് 76, മിച്ചൽ മാർഷ് 37; അർഷ്ദീപ് സിംഗ് 3/37)

വിജയത്തോടെ ഇന്ത്യക്ക് 2023 ഏകദിനലോകകപ്പിൽ ഓസീസിനോട് തോറ്റ് കിരീടം നഷ്ടമായതിനുള്ള മധുരപ്രതികാരമായും മത്സരം മാറി. ഓസ്‌ട്രേലിയക്ക് ഇനി സെമി സാധ്യത അറിയാൻ ബംഗ്ലാദേശ്-അഫ്ഗാനിസ്ഥാൻ മത്സരഫലത്തിനായി കാത്തരിക്കണം.

രസകരമായ യോഗ്യതാ സാധ്യതകൾ

ബംഗ്ലാദേശ്, ഓസ്ട്രേലിയ, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകൾ തമ്മിലുള്ള യോഗ്യതാ സാധ്യതകൾ ഏറെ രസകരമായ ഒരു ഘട്ടത്തിലാണ്.

ബംഗ്ലാദേശ്: 61 റൺസിനു മുകളിൽ വിജയിക്കുകയോ 13 ഓവറിൽ ലക്ഷ്യം പിന്തുടരുകയോ ചെയ്താൽ ബംഗ്ലാദേശ് സെമി ഫൈനലിലെത്തും.
അഫ്ഗാനിസ്ഥാൻ: ബംഗ്ലാദേശിനെ തോൽപ്പിച്ചാൽ അവർ സെമിയിലെത്തും.
ഓസ്ട്രേലിയ : ബംഗ്ലാദേശ് 61 റൺസിൽ കുറവ് മാർജിനിൽ അഫ്‌ഗാനെ തോൽപ്പിച്ചാൽ ഓസീസ് സെമിയിലെത്തും.

ഈ സാഹചര്യത്തിൽ, മത്സരത്തിന്റെ ഓരോ പന്തും നിർണായകമാകും. ബംഗ്ലാദേശ് ഒരു വലിയ മാർജിനിൽ വിജയിക്കാൻ ശ്രമിക്കുമ്പോൾ, അഫ്ഗാനിസ്ഥാൻ അവരെ തടയാൻ പരമാവധി ശ്രമിക്കും.