കാണ്‍പൂരില്‍ ചരിത്രം പിറന്നു, 45 ഓവര്‍ ബാക്കി നില്‍ക്കെ ചരിത്ര ജയവുമായി ടീം ഇന്ത്യ
കാണ്‍പൂരില്‍ ഇന്ത്യ ചരിത്രമെഴുതിയിരിക്കുകയാണ്. മഴമൂലം 235 ഓവര്‍ നഷ്ടമായ മത്സരത്തില്‍ 45 ഓവര്‍ ബാക്കി നില്‍ക്കെ അവിശ്വസനീയ ജയം നേടി ബംഗ്ലാദേശിനെതിരെ പരമ്പര തൂത്തുവാരിയിരിക്കുകയാണ് ടീം ഇന്ത്യ. ഏഴ് വിക്കറ്റിനാണ് രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ ജയം.
ബംഗ്ലാദേശ് ഉയര്‍ത്തിയ 95 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. ഇന്ത്യയ്ക്കായി യശ്വസ്വി ജയ്‌സ്വാള്‍ അര്‍ധ സെഞ്ച്വറി നേടി. 45 പന്തില്‍ എട്ട് ഫോറും ഒരു സിക്‌സും സഹിതം 51 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്. ഈ ടെസ്റ്റില്‍ ജയ്‌സ്വാളിന്റെ രണ്ടാമത്തെ ഫിഫ്റ്റിയാണിത്.
37 പന്തില്‍ നാല് ഫോറടക്കം 29 റണ്‍സുമായി കോഹ്ലിയും നാല് റണ്‍സുമായി റിഷഭ് പന്തും പുറത്താകാതെ നിന്നു. രോഹിത്ത് ശര്‍മ്മ (8), ഗില്‍ (6) എന്നിവര്‍ക്ക് തിളങ്ങാനായില്ല.
നേരത്തെ അഞ്ചാം ദിനം രണ്ടാം ഇന്നിംഗ്‌സില്‍ ബംഗ്ലാദേശിനെ ഇന്ത്യ 146 റണ്‍സിന് എറിഞ്ഞിടുകയായിരുന്നു. ഇതോടെ ഒന്നാം ഇന്നിംഗ്‌സില്‍ 51 റണ്‍സ് ലീഡ് നേടിയ ഇന്ത്യയ്ക്ക് കാര്യങ്ങള്‍ എളുപ്പമായി.
മൂന്ന് വിക്കറ്റ് വീതം നേടിയ ജസ്പ്രിത് ബുംറയും രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയും ആണ് ബംഗ്ലാദേശിനെ എറിഞ്ഞിട്ടത്. ആകാശ് ദീപ് ഒരു വിക്കറ്റും സ്വന്തമാക്കി. ബുംറ 10 ഓവറില്‍ 17 റണ്‍സ് വഴങ്ങിയും അശ്വിന്‍ 15 ഓവറില്‍ 50 റണ്‍സ് വഴങ്ങിയും ജഡേജ 10 ഓവറില്‍ 34 റണ്‍സ് വഴങ്ങിയുമാണ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്.
ബംഗ്ലാദേശിനായി ഷദ്മാന്‍ ഇസ്ലാം അര്‍ധ സെഞ്ച്വറി നേടി. 101 പന്തില്‍ 10 ഫോറടക്കം 50 റണ്‍സാണ് ഷദ്മാന്‍ ഇസ്ലാം നേടിയത്. മുഷ്ഫിഖുര്‍ റഹീം 37ഉം നജ്മുല്‍ ഹൊസൈന്‍ ഷാന്റോ 19ും സാക്കിര്‍ ഹസന്‍ 10ഉം റണ്‍സെടുത്തു. മറ്റാര്‍ക്കും രണ്ടക്കം പോലും കടക്കാനായില്ല.
മത്സരത്തില്‍ ആദ്യ ഇന്നിംഗ്‌സില്‍ ബംഗ്ലാദേശ് 233 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യ അതിവേഗം ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സും നേടിയിരുന്നു.