കൊടുങ്കാറ്റിനെ പിടിച്ച് നിര്‍ത്തി കില്ലര്‍ മില്ലര്‍ സെഞ്ച്വറി, പൊരുതി വീണ പ്രോട്ടീസിനും സല്യൂട്ട്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടി20യില്‍ 16 റണ്‍സിന്റെ ജയവുമായി ഇന്ത്യയ്ക്ക് പരമ്പര. റണ്‍ മഴ പെയ്ത ഗുഹവാത്തിയില്‍ ഇന്ത്യയുടെ 238 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ അതേനാണയത്തില്‍ തിരിച്ചടിച്ച ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സാണ് നേടിയത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇതിനോടകം ഇന്ത്യ 2-0ത്തിന് സ്വന്തമാക്കി.

ദക്ഷിണാഫ്രിക്കയ്ക്കായി മില്ലര്‍ വെറും 47 പന്തില്‍ എട്ട് ഫോറും ഏഴ് സിക്‌സും സഹിതം 106 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. അന്താരാഷ്ട്ര ടി20യിലെ രണ്ടാം സെഞ്ച്വറിയാണ് മില്ലര്‍ ഇന്ന് നേടിയത്. മില്ലര്‍ക്കൊപ്പം ക്വിന്റണ്‍ ഡികോക്കും അര്‍ധ സെഞ്ച്വറി നേടി പുറത്താകാതെ നിന്നു. 48 പന്തില്‍ മൂന്ന ഫോറും നാല് സിക്‌സും സഹിതം 69 റണ്‍സാണ് ഡികോക്ക് നേടിയത്.

ദക്ഷിണാഫ്രിക്കയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ദീപക് ചഹര്‍ എറിഞ്ഞ ആദ്യ ഓവറില്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംമ്പ ബവുമയക്ക് ഒരു റണ്‍സ് പോലും എടുക്കാനായില്ല. പിന്നാലെ ബവുമയും റിലി റോസോയും അക്‌സര്‍ പട്ടേലിന്റെ ഓവറില്‍ കൂടാരം കയറുകയും ചെയ്തു.

എന്നാല്‍ പിന്നീടാണ് ദക്ഷിണാഫ്രിക്കയുടെ പോരാട്ടം തുടങ്ങിയത്. സൂപ്പര്‍ താരം എയ്ഡന്‍ മാര്‍ക്കം 19 പന്തില്‍ നാല് ഫോറും ഒരു സിക്‌സും സഹിതം 33 റണ്‍സെടുത്ത് തുടക്കമിട്ട വെടിക്കെട്ട് മില്ലറും ഡികോക്കും ചേര്‍ന്ന് പൂര്‍ത്തിയാക്കുകയായിരുന്നു. ഇന്ത്യയുടെ സ്‌കോര്‍ ഇത്ര ഉയര്‍ന്നത് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് വിജയിക്കാനാകാതെ പോയത്.

ഇന്ത്യയ്ക്കായി അര്‍ഷദീപ് രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും 62 റണ്‍സാണ് വിട്ടുകൊടുത്തത്. അക്‌സര്‍ പട്ടേല്‍ 53 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റും വീഴ്ത്തി. നാല് ഓവറില്‍ ഒരു മെയ്ഡിനടക്കം 24 റണ്‍സ് മാത്രം വിട്ടുകൊടുത്ത ദീപക് ചഹറാണ് ഇന്ത്യന്‍ ബൗളിംഗ് നിരയില്‍ പിടിച്ചുനിന്നത്.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കായി ബാറ്റെടുത്തവരെല്ലാം വെടിക്കെട്ടിന്റെ വെളിച്ചപ്പാടായപ്പോള്‍ കൂറ്റന്‍ സ്‌കോര്‍ പിറക്കുകയായിരുന്നു. ഇന്ത്യയ്ക്കായി കെഎല്‍ രാഹുലും സൂര്യകുമാര്‍ യാദവും അര്‍ധ സെഞ്ച്വറി നേടി. കോഹ്ലിയ്ക്ക് ഒരു റണ്‍സകലേയും രോഹിത്തിന് ഏഴ് റണ്‍സ് അകലേയും അര്‍ധ സെഞ്ച്വറി നഷ്ടമായി.

ഇന്ത്യയ്ക്ക് തകര്‍പ്പന്‍ തുടക്കമാണ് രാഹുലും രോഹിത്തും നല്‍കിയത്. 9.5 ഓവറില്‍ 96 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. 37 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും സഹിതം 43 റണ്‍സെടുത്ത രോഹിത്തിനെയാണ് ഇന്തയ്ക്ക് ആദ്യം നഷ്ടമായത്. പതിവില്‍ നിന്ന് വ്യത്യസ്തമായി വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത രാഹുല്‍ 24 പന്തിലാണ് അര്‍ധ സെഞ്ച്വറി തികച്ചത്. 28 പന്തില്‍ 57 റണ്‍സെടുത്ത രാഹുല്‍ മഹാരാജിന്‍രെ പന്തില്‍ എല്‍ബി വിക്കറ്റില്‍ കുടുങ്ങുകയായിരുന്നു.

പിന്നീടാണ് ഇന്ത്യയുടെ ശരിക്കുളള വെടിക്കെട്ട് പുറത്ത് വന്നത്. സൂര്യ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്ക് മേല്‍ രാക്ഷസരൂപം ആടുകയായിരുന്നു. വെറും 18 പന്തില്‍ അര്‍ധ സെഞ്ച്വറി തികച്ച സൂര്യ 22 പന്തില്‍ അഞ്ച് വീതം ഫോറും സിക്‌സും സഹിതം 61 റണ്‍സാണ് നേടിയത്. നിര്‍ഭാഗ്യകരമായ റണ്ണൗട്ടാണ് സൂര്യയ്ക്ക് തിരിച്ചടിയായത്.

മറുവശത്ത് കോഹ്ലിയും വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുക്കുകയായിരുന്നു. 28 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും സഹിതം പുറത്താകാതെ 49 റണ്‍സാണ് കോഹ്ലി നേടിയത്. സൂര്യയ്ക്ക് പകരം ക്രീസിലെത്തിയ കാര്‍ത്തിക് ഏഴ് പന്തില്‍ ഒരു ഫോറും രണ്ട് സിക്‌സും സഹിതം 17 റണ്‍സുമായി തകര്‍പ്പന്‍ ഫിനിഷറായി. അവസാന ഓവറില്‍ കോഹ്ലിയ്ക്ക് ബാറ്റ് ചെയ്യാന്‍ അവസരം ലഭിക്കാതെ പോയതാണ് അദ്ദേഹത്തിന് ഫിഫ്റ്റി അടിക്കാന്‍ കഴിയാതെ പോയത്.

ദക്ഷിണാഫ്രിക്കന്‍ നിരയില്‍ കേശവ് മഹാരാജ് ഒഴിരെ മറ്റെല്ലാവരും തല്ലുവാങ്ങി. മഹാരാജ് നാല് ഓവറില്‍ 23 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. റബാഡ നാല് ഒാവറില്‍ 57 റണ്‍സും പാര്‍നെല്‍ നാല് ഓവറില്‍ 54 റണ്‍സും വഴങ്ങി. നോര്‍ജെ മൂന്ന് ഓവറില്‍ 41 റണ്‍സും സ്വന്തമാക്കി.

You Might Also Like