അവിശ്വസനീയ വെടിക്കെട്ടുമായി ഓപ്പണര്‍മാര്‍, പടുകൂറ്റന്‍ ജയവുമായി ഇന്ത്യ

അണ്ടര്‍ 19വനിത  ലോകകപ്പില്‍ പടുകൂറ്റന്‍ ജയവുമായി വീണ്ടും ഇന്ത്യ. 122 റണ്‍സിനാണ് ഇന്ത്യ യുഎഇയെ തോല്‍പിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ യുഎഇയ്ക്ക് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സ് എടുക്കാനെ ആയുളളു.

ആദ്യ മത്സരത്തിലേതുപോലെ തന്നെ ഇന്ത്യയ്ക്കായി ഓപ്പണര്‍മാര്‍ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യന്‍ ഓപ്പണര്‍മാര്‍ കാഴ്ച്ചവെച്ചത്. ശ്വേത ശെഹര്‍വത്ത് 49 പന്തില്‍ 10 ഫോറടക്കം പുറത്താകാതെ 74 റണ്‍സെടുത്തപ്പോള്‍ ഷഫാലി വര്‍മ്മ 34 പന്തില്‍ 12 ഫോറും നാല് സിക്‌സ് അടക്കം 78 റണ്‍സ് അടിച്ചുകൂട്ടി. ഇരുവരും ആദ്യ വിക്കറ്റില്‍ വെറും 8.3 ഓവറില്‍ 111 റണ്‍സാണ് സ്വന്തമാക്കിയത്.

റിച്ചിഗോഷ് 49 റണ്‍സും ഗോഗാഡി ത്രിഷ 11 റണ്‍സും സ്വന്തമാക്കി. സോനിയ മെഹ്ദി രണ്ട് റണ്‍സുമായി പുറത്താകാതെ നിന്നു.

മറുപടി ബാറ്റിംഗില്‍ യുഎഇയ്ക്കായി 26 റണ്‍സെടുത്ത മഹിക ഗൗര്‍ ആണ് ടോപ് സ്‌കോറര്‍. ലാവന്‍യ കെനി 24ലും തീര്‍ത്ത സതീഷ് 16ഉം റണ്‍സെടുത്തു. ഇന്ത്യയ്ക്കായി ഷബ്‌നം, ടിറ്റാസ് സദു, മന്നത്ത് കഷ്യപ്, പര്‍ഷാവി ചോപ്ര എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഗ്രൂപ്പ് ഡിയില്‍ നാല് പോയിന്റുമായി ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. ബുധനാഴ്ച്ച സ്‌കോട്ടലെന്റിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

You Might Also Like