അരങ്ങേറ്റം അമ്പരപ്പിച്ച് ഇന്ത്യന്‍ താരം, ഇംഗ്ലണ്ട് ഭേദപ്പെട്ട നിലയില്‍

Image 3
CricketTeam India

ഇന്ത്യന്‍ വനിതകള്‍ക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാംദിനം ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്‌കോര്‍. ഒന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് ആറിന് 269 എന്ന നിലയിലാണ്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങേിയ ഇംഗ്ലണ്ട് ഒരു ഘട്ടത്തില്‍ ശക്തമായ നിലയില്‍ ആയിരുന്നു.

എന്നാല്‍ അവസാനങ്ങളില്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ നടത്തിയ പ്രകടനം ഇംഗ്ലണ്ടിനെ നിയന്ത്രിച്ചുനിര്‍ത്തി. 95 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഹീതര്‍ നൈറ്റാണ് ഇംഗ്ലണ്ടിന്റെ ടോസ് സ്‌കോറര്‍. അരങ്ങേറ്റക്കാരി സ്നേഹ് റാണ ഇന്ത്യക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി.

ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ടെസ്റ്റിലേക്ക് തിരിച്ചെത്തിയ ഇന്ത്യക്ക് അത്ര മികച്ച തുടക്കമല്ലായിരുന്നു. തുടക്കത്തില്‍ വിക്കറ്റ് നേടാന്‍ ഇന്ത്യന്‍ പേസര്‍മാരായ ജുലന്‍ ഗോസ്വാമി, ശിഖ പാണ്ഡേ, പൂജ വസ്ത്രകര്‍ എന്നിവര്‍ക്കായില്ല. ലോറന്‍ വിന്‍ഫീല്‍ഡ് ഹില്‍ (35), താമി ബ്യൂമോണ്ട് (66) സഖ്യം ആദ്യ വിക്കറ്റില്‍ 69 റണ്‍സ് കൂട്ടിചേര്‍ത്തു. വിന്‍ഫീല്‍ഡിനെ പുറത്താക്കി വസ്ത്രക്കറാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്.

മൂന്നാമതായി ക്രീസിലെത്തിയ ഹീതര്‍ നൈറ്റ് ഇന്ത്യന്‍ ബൗളര്‍മാരെ ഭംഗിയായി നേരിട്ടു. ഇതിനിടെ ബ്യൂമോണ്ട് മടങ്ങിയെങ്കിലും നാലാമതായി ക്രീസിലെത്തിയ നതാലി സ്‌കിവര്‍ (42) നൈറ്റിന് മികച്ച പിന്തുണ നല്‍കി. ഇരുവരും 90 റണ്‍സ് കൂട്ടിചേര്‍ത്തു. സ്‌കിവറിനെ ദീപ്തി ശര്‍മ വിക്കറ്റിന് മുന്നില്‍കുടുക്കിയതോടെ ഇംഗ്ലണ്ടിന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായി.

എമി എലന്‍ ജോണ്‍സ് (1), ജോര്‍ജിയ എല്‍വിസ് (5) എന്നിവര്‍ക്കൊപ്പം ഹീതര്‍ നൈറ്റും മടങ്ങി. സ്റ്റംപെടുക്കുമ്പോള്‍ കാതറീന്‍ ബ്രന്റ് (7), സോഫിയ ഡഗ്ലി (12) എന്നിവരാണ് ക്രീസില്‍. റാണയ്ക്ക് പുറമെ ദീപ്തി ശര്‍മ രണ്ടും പൂജ ഒരു വിക്കറ്റും നേടി.