ഒളിമ്പിക്‌സില്‍ ബാറ്റേന്താന്‍ ടീം ഇന്ത്യയിറങ്ങുന്നു, പാക് ടീം ഇന്ത്യയിലേക്ക്

Image 3
CricketTeam India

ലോസ് ആഞ്ചലസ് ഒളിമ്പിക്സില്‍ ക്രിക്കറ്റ് കൂടി ഉള്‍പ്പെടുത്താനുളള ഐസിസിയുടെ നീക്കത്തിന് ബിസിസിഐയുടെ പച്ചക്കൊടി. ഇന്ത്യന്‍ വനിതാ, പുരുഷ ടീമുകളെ 2028ലെ ലോസ് ആഞ്ചലസ് ഒളിംപിക്സില്‍ ഇറക്കാന്‍ ഏറെ നാളത്തെ ചര്‍ച്ചകള്‍ക്ക് ശേഷം ബിസിസിഐ സമ്മതിച്ചു. 1900ലാണ് ക്രിക്കറ്റ് അവസാനമായി ഒളിംപിക്സില്‍ മത്സര ഇനമായത്.

അടുത്ത വര്‍ഷം നടക്കുന്ന ബിര്‍മിങ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസിലേക്ക് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ അയക്കുന്ന കാര്യത്തിലും ബിസിസിഐ അനുകൂല നിലപാട് സ്വീകരിച്ചു. വ്യാഴാഴ്ച ചേര്‍ന്ന ബിസിസിഐയുടെ ഉന്നതതല യോഗത്തിലാണ് തീരുമാനം.

നേരത്തെ ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തുന്നതിനെതിരെ ബിസിസിഐ നിലപാട് സ്വീകരിച്ചിരുന്നു. ഉത്തേജക വിരുദ്ധ ഏജന്‍സിയായ നാഡയ്ക്ക് കീഴില്‍ ക്രിക്കറ്റ് വരേണ്ടി വരുന്ന സാഹചര്യമാണ് ബിസിസിഐയുടെ എതിര്‍പ്പിന് വഴി വെച്ചത്. എന്നാലിപ്പോള്‍ നാഡയുടെ കീഴിലാണ് ബിസിസിഐ ഇപ്പോള്‍. ഇതോടെ ആ എതിര്‍പ്പ് കെട്ടടങ്ങുകയായിരുന്നു.

അതെസമയം വരുന്ന ടി20 ലോകകപ്പില്‍ പാക് ക്രിക്കറ്റ് താരങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും വിസ അനുവദിക്കുന്ന കാര്യത്തിലും ബിസിസിഐ തീരുമാനമായി.

ഇന്ത്യയില്‍ എത്തുമ്പോള്‍ അവര്‍ക്ക് വിസ അനുവദിക്കുമെന്നാണ് ബിസിസിഐയുടെ ഉന്നതതല യോഗം തീരുമാനമെടുത്തിരിക്കുന്നത്. ഇതോടെ ഏറെ നാളുകള്‍ക്ക് ശേഷം പാകിസ്ഥാന്‍ ഇന്ത്യന്‍ മണ്ണില്‍ കളിയ്ക്കുമെന്ന് ഉറപ്പായി.