ഇന്ത്യന്‍ താരത്തിന്റെ കാഷുള്‍പ്പെടെ ഹോട്ടല്‍ റൂമില്‍ നിന്ന് മോഷണം പോയി

ഇംഗ്ലണ്ട് പര്യടനത്തിനെത്തിയ ഇന്ത്യന്‍ താരം താമസിച്ച ഹോട്ടല്‍ റൂമില്‍ വന്‍ മോഷണം. തന്റെ മുറിയില്‍ നിന്ന് ബാഗ് മോഷണം പോയെന്ന് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം വിക്കറ്റ് കീപ്പര്‍ ടാനിയ ഭാട്ടിയ അറിയിച്ചു. തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ ഇക്കാര്യം അറിയിച്ച താരം ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഒരുക്കിയ സുരക്ഷയെ വിമര്‍ശിക്കുകയും ചെയ്തു.

‘ലണ്ടനിലെ മാരിയട്ട് ഹോട്ടല്‍ മാനേജ്‌മെന്റില്‍ നിരാശ തോന്നുന്നു. ആരോ എന്റെ മുറിയില്‍ കയറി പണവും കാര്‍ഡുകളും വാച്ചുകളും ആഭരണങ്ങളും അടങ്ങിയ ബാഗ് മോഷ്ടിച്ചു. വളരെ അരക്ഷിതമായി തോന്നുന്നു. ഇക്കാര്യത്തില്‍ എത്രയും വേഗം അന്വേഷണം നടത്തി പരിഹാരമുണ്ടാക്കുമെന്ന് കരുതുന്നു. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ ഹോട്ടല്‍ പങ്കാളികള്‍ ഒരുക്കിയ സുരക്ഷ എത്ര മോശം.’- ട്വിറ്ററില്‍ ടാനിയ കുറിച്ചു.

ടീം ഹോട്ടലില്‍ നിന്ന് ടാനിയയുടെ പണവും കാര്‍ഡുകളും വാച്ചുകളും ആഭരണങ്ങളും മോഷ്ടിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇംഗ്ലണ്ടില്‍ നടന്ന മത്സരങ്ങള്‍ക്കുള്ള ഇന്ത്യയുടെ ഏകദിന, ടി20 ടീമിന്റെ ഭാഗമായിരുന്നു ടാനിയ ഭാട്ടിയ.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു. മൂന്നാം ഏകദിനത്തില്‍ 16 റണ്‍സിന് ഇംഗ്ലണ്ടിനെ മലര്‍ത്തിയടിച്ച ഇന്ത്യ മുതിര്‍ന്ന പേസര്‍ ജുലന്‍ ഗോസ്വാമിയ്ക്ക് അര്‍ഹിക്കുന്ന യാത്ര അയപ്പും നല്‍കി.

You Might Also Like