തകർപ്പൻ ജയം; വിൻഡീസിനെ ചുരുട്ടിക്കൂട്ടി ടീം ഇന്ത്യ
വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ തകർപ്പൻ ജയത്തോടെ ടീം ഇന്ത്യ പരമ്പര തൂത്തുവാരി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 266 റണ്‍സ് എന്ന ലക്ഷ്യത്തിന് 96 റൺസ് അകലെ വിൻഡീസ് ബാറ്സ്മാന്മാരെല്ലാം കൂടാരം കയറി. മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയ മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും ചേർന്നാണ് വിൻഡീസ് ബാറ്റിങ്ങിനെ തകർത്തത്.
ടോസ് നേടി ആദ്യം ബാറ്റിംഗ് ആരംഭിച്ചെങ്കിലും മികച്ച തുടക്കമല്ല ഇന്ത്യക്ക് ലഭിച്ചത്. 42 റണ്‍സ് എടുക്കുന്നതിനിടെ ആദ്യ മൂന്ന് വിക്കറ്റുകൾ ഇന്ത്യക്ക് നഷ്ടമായിരുന്നു. രോഹിത് ശര്‍മയും (13), വിരാട് കോലിയും (0) ഒരേ ഓവറില്‍ അൽസാരിക്ക്മ വിക്കറ്റ് സമ്മാനിച്ചു മടങ്ങി. തിരിച്ചുവരവില്‍ സ്റ്റാർ ഓപ്പണർ ധവാനും കാര്യമായി തിളങ്ങാനായില്ല. പത്തു റൺസ് എടുത്തു നിൽക്കെ ഡെയ്ന്‍ സ്മിത്തിന്റെ പന്തില്‍ ജേസണ്‍ ഹോള്‍ഡര്‍ക്ക് ക്യാച്ച് നൽകി ധവാൻ മടങ്ങി.
തുടർന്ന് ക്രീസിൽ നിലയുറപ്പിച്ച ശ്രയസ്- പന്ത് കൂട്ടുകെട്ടായിരുന്നു ഇന്ത്യയെ വൻ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. നാലാമാനായി ക്രീസിലെത്തിയ ശ്രേയസും, അഞ്ചാമതായെത്തിയ പന്തും ചേർന്ന് 110 റൺസിന്റെ കൂറ്റൻ കൂട്ടുകെട്ട് പടുത്തുയർത്തി. ഒരു സിക്‌സും ആറ് ഫോറും അടക്കം 56 റൺസോടെ പന്തും, 111 പന്തില്‍ 80 റണ്‍സുമായി ശ്രേയസും പുറത്താവുമ്പോഴേക്കും ഇന്ത്യയുടെ നില ഭദ്രമായി കഴിഞ്ഞിരുന്നു. വാലറ്റത്ത് ദീപക് ചാഹര്‍ (38), വാഷിംഗ്ടണ്‍ സുന്ദര്‍ (33) എന്നിവരുടെ പ്രകടനവും നിർണായകമായി.
മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 37.1 ഓവറില്‍ 169 റൺസ് കുറിക്കുന്നതിനിടെ എല്ലാവരും പുറത്തായി. തകർപ്പൻ ബാറ്റിംഗുമായി ഇന്ത്യൻ വിജയത്തിന്റെ ചുക്കാൻ പിടിച്ച ശ്രേയസ് അയ്യരാണ് മാൻ ഓഫ് ദി മാച്ച്. പാരമ്പരയിലുടനീളം മികച്ച പ്രകടനം നടത്തിയ പ്രസിദ്ധ് കൃഷ്ണ മാൻ ഓഫ് ദി സീരിസുമായി.
ടീമുകള്‍
ടീം ഇന്ത്യ: ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോലി, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ശ്രയസ് അയ്യര്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ദീപക് ചാഹര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.
വിന്‍ഡീസ്: ഷായ് ഹോപ്, ബ്രണ്ടന്‍ കിംഗ്, ഡാരന്‍ ബ്രാവോ, ഷമാറാ ബ്രൂക്ക്‌സ്, നിക്കോളാസ് പുരാന്‍, ജേസണ്‍ ഹോള്‍ഡര്‍, ഫാബിയന്‍ അലന്‍, ഒഡെയ്ന്‍ സ്മിത്ത്, അള്‍സാരി ജോസഫ്, ഹെയ്ഡന്‍ വാല്‍ഷ്, കെമര്‍ റോച്ച്.