ശ്രേയസിലേറി, വെടിക്കെട്ടില്ലാതെ സഞ്ജു, ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍

ഇന്ത്യയ്‌ക്കെതിരെ അഞ്ചാം ടി20യില്‍ വെസ്റ്റിന്‍ഡീസിന് 189 റണ്‍സ് വിജയലക്ഷ്യം. അര്‍ധ സെഞ്ച്വറി നേടിയ ശ്രേയസ് അയ്യരുടെ മികവിലാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്. മലയാളി താരം സഞ്ജു സാംസണ് 15 റണ്‍സെടുത്ത് പുറത്തായി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കായി ഇഷാന്‍ കിഷനും ശ്രേയസ് അയ്യരും ആണ് ഓപ്പണറായി ഇറങ്ങിയത്. 11 റണ്‍സെടുത്ത ഇഷാന്‍ കിഷനാണ് ആദ്യം പുറത്തായത്. പിന്നാലെ ദീപക് ഹൂഡയ്‌ക്കൊപ്പം ശ്രേയസ് മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയായിരുന്നു. ഹൂഡ 25 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം 38 റണ്‍സെടുത്തു.

ശ്രേയസാകട്ടെ 40 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സും സഹിതം 64 റണ്‍സാണ് സ്വന്തമാക്കിയത്. പിന്നീടെത്തിയ സഞ്ജു സാംസണ്‍ 11 പന്തില്‍ രണ്ട് ഫോറടക്കം 15 റണ്‍സുമായി നന്നായി തുടങ്ങിയെങ്കിലും സ്മിത്തിന്റെ പന്തില്‍ ബൗള്‍ഡായി.

ഹാര്‍ദ്ദിക്ക് പാണ്ഡ്യ 16 പന്തില്‍ 28 റണ്‍സെടുത്ത് അവസാന ഓവറുകളില്‍ ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തി. ദിനേഷ് കാര്‍ത്തിക് 12ഉം അക്‌സര്‍ പട്ടേല്‍ ഒന്‍പത് റണ്‍സും എടുത്ത് പുറത്തായി.

വിന്‍ഡീസിനായി ഒഡിയന്‍ സ്മിത്ത് നാല് ഓവറില്‍ 33 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഹൈഡന്‍ വാല്‍ഷും ഡൊമിനിക്ക് ഡ്രാക്‌സും ജേസണ്‍ ഹോള്‍ഡറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

വെസ്റ്റിന്‍ഡീസിനെതിരെ അഞ്ചാം ടി20യില്‍ ഇന്ത്യ ഇറങ്ങുക അടിമുടി മാറ്റവുമായി. നായകന്‍ രോഹിത്ത് ശര്‍മ്മ അടക്കമുളള താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കപ്പെട്ടപ്പോള്‍ ഇഷാന്‍ കിഷനും കുല്‍ദീപ് യാദവും ഇതാദ്യമായി ടീമില്‍ തിരിച്ചെത്തി. ഹാര്‍ദ്ദിക്ക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുന്നത്. നാല് സ്പിന്നര്‍മാരും മൂന്ന് വിക്കറ്റ് കീപ്പര്‍ മാരും അടങ്ങുന്നതാണ് ഇന്ത്യന്‍ ടീം.

You Might Also Like