രോഹിത്ത് ബ്രില്യന്‍സില്‍ അമ്പരന്ന് ക്രിക്കറ്റ് ലോകം, ക്യാപ്റ്റന്‍സിയില്‍ 100ല്‍ 100 നല്‍കി സൂപ്പര്‍ താരങ്ങള്‍

Image 3
CricketTeam India

വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിന മത്സരം കൂടി ജയിച്ചതോടെ രോഹിത്ത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സിയെ അഭിനന്ദനം കൂടി മൂടുകയാണ് ക്രിക്കറ്റ് ലോകം. നിരവധി പ്രമുഖ താരങ്ങളുള്‍പ്പെടെ രോഹിത്തിന്റെ പ്രകടനത്തെ കൈ മെയ് മറന്ന് പ്രശംസിയ്ക്കുകയാണ് ഇപ്പോള്‍.

ബൗളിങ് ചേയ്ഞ്ചിലും ഫീല്‍ഡിങ് സെറ്റ് ചെയ്യുന്നതിലും രോഹിത്ത് പ്രകടിപ്പിക്കുന്ന മേധാവിത്വത്തിലൂടെ ഇന്ത്യ ക്വാളിറ്റി ക്യാപ്റ്റന്‍സി അനുഭവിച്ച് അറിയുകയാണ്. രണ്ടാം ഏകദിനത്തില്‍ ഇന്ത്യയുടെ വിജയത്തിന് നിര്‍ണ്ണായകമായതും രോഹിത്തിന്റെ ക്യാപ്റ്റന്‍സി മികവായിരുന്നു.

ഒഡെയ്ന്‍ സ്മിത്തിനെ പുറത്താക്കാന്‍ വാഷിങ്ടണ്‍ സുന്ദറെ കൊണ്ടുവന്ന രോഹിത്തിന്റെ നായക മികവിനെ പ്രശംസിച്ചിരിക്കുകയാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ ദിനേഷ് കാര്‍ത്തിക്. ബുദ്ധിപരമായ നീക്കമെന്നാണ് കാര്‍ത്തിക് പറഞ്ഞത്.

‘ഒഡെയ്ന്‍ സ്മിത്ത് മനോഹരമായി ബാറ്റ് ചെയ്ത് മുന്നേറിയപ്പോള്‍ വാഷിങ്ടണ്‍ സുന്ദറെ കൊണ്ടുവന്ന രോഹിത്തിന്റെ നീക്കം വളരെ മനോഹരമായിരുന്നു. ബുദ്ധിപരമായ നീക്കമായിരുന്നു ഇത്. വലം കൈയന്‍മാര്‍ക്കെതിരേ ഓഫ് സ്പിന്നര്‍മാരെ കൊണ്ടുവരുന്നത് കൗതുകകരമായ നീക്കമാണ്. സുന്ദറിന് സമ്മര്‍ദ്ദത്തെ അതിജീവിച്ച് വിക്കറ്റ് നേടാനായി എന്നതാണ് അതിന്റെ മനോഹാരിത. ബാറ്റ്സ്മാന്‍ വലിയ ഷോട്ടുകളുമായി മുന്നേറവെ ബൗളര്‍ തങ്ങളുടെ പ്രതിഭകാട്ടേണ്ടതായുണ്ട്. നായകന്‍ ആവിശ്യപ്പെടുന്നത് ചെയ്യാന്‍ സുന്ദറിനായി. ഇടവേളക്ക് ശേഷം സുന്ദറിനകൊണ്ടുവന്നപ്പോള്‍ സ്മിത്തിന്റെ വിക്കറ്റ് നേടാന്‍ അവന് സാധിച്ചു’- കാര്‍ത്തിക് പറഞ്ഞു.

രോഹിത്തിന്റെ ഫീല്‍ഡിങ് സെറ്റിങ്ങി പ്രശംസിച്ച് മുന്‍ പാക് താരം സല്‍മാന്‍ ബട്ട് രംഗത്തെത്തി. ‘രോഹിത്തിന്റെ ബൗളിങ് ചെയ്ഞ്ചുകളും ഫീല്‍ഡിങ് വിന്യാസവും മനോഹരമായിരുന്നു. ആക്രമിക്കുന്ന മനോഭാവത്തോടെയായിരുന്നു ഇന്ത്യയുടെ പ്രകടനം. നായകനെന്ന നിലയില്‍ ഏറ്റവും മികച്ച പ്രകടനമാണ് അവന്‍ നടത്തിയത്. ചെറിയ സ്‌കോര്‍ പിറന്ന മത്സരത്തില്‍ നായകന്റെ തന്ത്രങ്ങളാണ് പരീക്ഷിക്കപ്പെടുന്നത്’ ബട്ട് പറഞ്ഞു

]വിരാട് കോഹ്ലിയുടെ ക്യാപ്റ്റന്‍സിയെ ഐസിസി കിരീടമില്ലാത്തതിന്റെ പേരില്‍ പലരും വിമര്‍ശിക്കാറുണ്ട്. എന്നാല്‍ അവന്റെ വിജയ ശരാശരി മികച്ചതാണെന്ന് ഓര്‍ക്കുക. രോഹിത്ത് തന്റെ മികവ് എത്രത്തോളമെന്ന് ഐപിഎല്ലിലൂടെ തെളിയിച്ചതാണ്. രോഹിത്ത് മികച്ച നായകനാണ്. എന്നാല്‍ കോലിയെ മോശം നായകനെന്ന് ഞാന്‍ വിളിക്കില്ല’ സല്‍മാന്‍ ബട്ട് കൂട്ടിച്ചേര്‍ത്തു.

മുന്‍ ദക്ഷിണാഫ്രിക്കന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷോണ്‍ പൊള്ളോക്കും രോഹിത്തിന്റെ ക്യാപ്റ്റന്‍സിയെ പ്രശംസിച്ചു. ‘ തന്റെ ക്യാപ്റ്റന്‍സിയെ രോഹിത് നന്നായി ആസ്വദിക്കുന്നുണ്ട്. തന്റെ ശൈലികളെ നന്നായി ക്യാപ്റ്റന്‍സിയില്‍ അവന്‍ ഉപയോഗിക്കുന്നുണ്ട്. റിഷഭിനെ ടോപ് ഓഡറില്‍ ഇറക്കിയത് രോഹിത്തിന്റെ ഒരു പരീക്ഷണമാണ്. ക്യാപ്റ്റനെന്ന നിലയില്‍ സാഹചര്യങ്ങളെ പരമാവധി ഉപയോഗിക്കാന്‍ അവന് സാധിക്കുന്നുണ്ട്’- ഷോണ്‍ പൊള്ളോക്ക് പറഞ്ഞു.

സഹതാരങ്ങളെ പ്രചോദിപ്പിച്ച് നിര്‍ത്തുന്ന രോഹിത്തിന്റെ നായക ഗുണത്തെയാണ് പ്രഗ്യാന്‍ ഓജ പ്രശംസിച്ചത്. ‘എല്ലാ നായകന്മാരും പദ്ധതി മെനയുന്നവരാണ്. എന്നാല്‍ ഭാഗ്യവും അവര്‍ക്കൊപ്പം നില്‍ക്കേണ്ടതായുണ്ട്. ഒരു ബൗളറോട് പന്തെറിയാന്‍ ആവിശ്യപ്പെടുമ്പോള്‍ അവന്‍ വിക്കറ്റ് നേടാന്‍ ഭാഗ്യം കൂടി വേണം. എന്നാല്‍ രോഹിത്തിന്റെ പദ്ധതികളെ ഒരിക്കലും വിലകുറച്ച് കാണുന്നില്ല. ചില സമയങ്ങളില്‍ ബാറ്റ്സ്മാന്‍ വലിയ വെല്ലുവിളി ഉയര്‍ത്തും. ഒഡെയ്ന്‍ സ്മിത്ത് ചെയ്തത് അതാണ്. എന്നാല്‍ അതിനെ മറികടക്കാന്‍ രോഹിത്തിനായി. സ്‌കൂള്‍ ക്രിക്കറ്റിലെ സുഹൃത്തുക്കളെപ്പോലെ തന്റെ ബൗളര്‍മാരെ പ്രചോദിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന രോഹിത്തിന്റെ ക്യാപ്റ്റന്‍സി കാണാന്‍ മനോഹരം’- ഓജ പറഞ്ഞു.