ഹര്‍ഷല്‍ മാജിക്കില്‍ വിന്‍ഡീസിന് അടിതെറ്റി, ടി20 പരമ്പരയും തൂത്തുവാരി രോഹിത്തിസം

Image 3
CricketTeam India

വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പരയും തൂത്തുവാരി ടീം ഇന്ത്യ. മൂന്നാം ടി20യില്‍ 17 റണ്‍സിനാണ് ഇന്ത്യ വിന്‍ഡീസിനെ തകര്‍ത്തത്. ഇന്ത്യ ഉയര്‍ത്തിയ 185 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ വെസ്റ്റിന്‍ഡീസിന് ഒന്‍പത് വിക്കറ്റിന് 167 റണ്‍സ് എടുക്കാനെ ആയുളളു.

ഇന്ത്യയ്ക്കായി ഹര്‍ഷല്‍ പട്ടേല്‍ മൂന്നും വെങ്കിടേഷ് അയ്യരും ദീപക് ചഹറും ഷാര്‍ദുല്‍ താക്കൂറും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. നാല് ഓവറില്‍ 22 റണ്‍സ് വഴങ്ങിയാണ് ഹര്‍ഷല്‍ പട്ടേല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. വെങ്കിടേഷ് ആകട്ടെ 2.1 ഓവറില്‍ 23 റണ്‍സ് വഴങ്ങിയും ദീപക് ചഹര്‍ ആകട്ടെ 1.5 ഓവറില്‍ 15 റണ്‍സ് വഴങ്ങിയുമാണ് രണ്ട് വിക്കറ്റ് വീഴ്ത്തിയത്. ദീപക് ചഹര്‍ പരിക്കേറ്റ് നേരത്തെ കളം വിട്ടത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ഷാര്‍ദുല്‍ താക്കൂറാകട്ടെ നാലോവറില്‍ 33 റണ്‍സ് വഴങ്ങിയാണ് രണ്ട് വിക്കറ്റ് വീഴ്ത്തിയത്.

വെസ്റ്റിന്‍ഡീസിനായി നിക്കോളാസ് പൂരാനും റോവ്മാന്‍ പവലും റെമേരിയോ ഷെപ്പിയേഡുമാണ് പൊരുതി നോക്കിയത്. നിക്കോളാസ് പൂരാന്‍ മൂന്നാം ടി20യിലും അര്‍ധ സെഞ്ച്വറി നേടി. 47 പന്തില്‍ എട്ട് ഫോറും ഒരു സിക്‌സും സഹിതം 61 റണ്‍സാണ് എഠുത്തത്. പലാകട്ടെ 14 പന്തില്‍ 25 റണ്‍സും ഷെപ്പിയേഡ് 21 പന്തില്‍ 29 റണ്‍സും എടുത്തു. മറ്റാര്‍ക്കും ഒന്ന് പൊരുതാന്‍ പോലും ആയില്ല.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 184 റണ്‍സെടുത്തു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ അടക്കമുള്ള മുന്‍നിര ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയപ്പോള്‍ സൂര്യകുമാര്‍ യാദവിന്റെയും വെങ്കടേഷ് അയ്യരുടെയും ബാറ്റിംഗ് വെടിക്കെട്ടിന്റെ കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്.

31 പന്തില്‍ ഒരു ഫോറും ഏഴ് സിക്‌സും സഹിതം 65 റണ്‍സെടുത്ത് ഇന്നിംഗ്‌സിലെ അവസാന പന്തില്‍ പുറത്തായ സൂര്യകുമാറാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. വെങ്കടേഷ് അയ്യര്‍ 19 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം 35 റണ്‍സുമായി പുറത്താകാതെ നിന്നു. ഇരുവരും ചേര്‍ന്ന് ആവസാന രണ്ടോവറില്‍ 42 റണ്‍സും അഞ്ചോവറില്‍ 86 റണ്‍സും അടിച്ചു കൂട്ടി.

റിതുരാജ് ഗെയക്കുവാദ് (4), ഇഷാന്‍ കിഷന്‍ (34), ശ്രേയസ് അയ്യര്‍ (25), രോഹിത്ത് ശര്‍മ്മ (7) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ സംഭാവന. 24ന് ശ്രീലങ്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത പരമ്പര.