സറ്റംമ്പിന് പിന്നില്‍ അലറുന്ന സഞ്ജു, ഫീല്‍ഡര്‍മാര്‍ക്കും ബൗളര്‍മാര്‍ക്കും ഇരിക്കപ്പൊറുതിയില്ല, ഇത് പുതിയ സഞ്ജു
സഞ്ജു സാംസനെന്ന വിക്കറ്റ് കീപ്പറെ ഇന്ത്യന്‍ ക്രിക്കറ്റ് ലോകം ശരിയ്ക്കും ശ്രദ്ധിച്ചത് ഇന്ത്യയുടെ വിന്‍ഡീസ് പരമ്പര മുതലാണ്. സ്റ്റംമ്പിന് പിന്നില്‍ നിശബ്ദനായി കാണപ്പെടുന്ന സഞ്ജു പരമ്പരയില്‍ മികച്ച കീപ്പിംഗ് കൊണ്ട് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരുന്നു.
അതെസമയം മൂന്നാം ഏകദിനത്തില്‍ വിചിത്രമായ അഭിപ്രായ പ്രകടനങ്ങള്‍കൊണ്ടും സഞ്ജു ശരിയ്ക്കും ഞെട്ടിച്ചു. സ്ലെഡ്ജിംഗിനോ സ്റ്റമ്പിന് പിന്നില്‍ നിന്നുള്ള പ്രോത്സാഹനത്തിന്റെ പേരിലോ ഇതുവരെ ശ്രദ്ധ നേടിയിട്ടില്ലാത്ത സഞ്ജുവിന്റെ ഈ മെയ്‌ക്കോവര്‍ പലര്‍ക്കും പുതിയ അനുഭവമായിരുന്നു.
ഇന്ത്യന്‍ സ്പിന്നര്‍മാരായ ദീപക് ഹൂഡ, യുസ്വേന്ദ്ര ചാഹല്‍ അക്സര്‍ പട്ടേല്‍ എന്നിവരോട് പന്തെറിയാന്‍ എത്തിയപ്പോഴെല്ലാം സഞ്ജു സാംസണ് ചിലത് പറയാനുണ്ടായിരുന്നു. ചിലപ്പോള്‍ ബൗളറോട്, ചിലപ്പോള്‍ ഫീല്‍ഡര്‍മാരോട് സഞ്ജു മാറി മാറി ഉച്ചത്തില്‍ സംസാരിച്ചുകൊണ്ടിരുന്നു.
വെസ്റ്റന്‍ഡീസ് ചേസിന്റെ മൂന്നാം ഓവറില്‍ അക്‌സര്‍ പട്ടേലിനോട് സഞ്ജു നല്‍കിയ നിര്‍ദ്ദേശം വളരെ മികച്ചതായിരുന്നു. അക്‌സര്‍ പട്ടേലിന്റെ ഒരു പന്ത് ഓഫ് സ്റ്റംപിന് പുറത്തേക്ക് പോയി. ഈ പന്തില്‍ ഡ്രൈവ് ചെയ്ത ഹോപിന്റെ ഷോട്ട് കവര്‍പോയന്റിനടുത്തുള്ള ഫീല്‍ഡറിനടുത്തേക്കാണ് എത്തിയത്. ഇത് ശ്രദ്ധയില്‍പ്പെട്ട സഞ്ജു വിക്കറ്റിലേക്ക് പന്തെറിയാനായി അക്ഷറിനോട് ഉച്ചത്തില്‍ ആവശ്യപ്പെട്ടു. ഹിന്ദിയിലാണ് സഞ്ജു അക്ഷറിനോട് സംസാരിച്ചത്. ‘ചല്‍ ബാപ്പു അഭി ഗില്ലി പെ വാപാസ് ആജാ (അക്‌സര്‍ ഇപ്പോള്‍ സ്റ്റമ്പിലേക്കുളള ബൗളിംഗിലേക്ക് മടങ്ങൂ) ഹോപ്പിന് ഇത് മനസ്സിലായില്ല.
സഞ്ജു പറഞ്ഞ പ്രകാരം അക്ഷര്‍ വിക്കറ്റിലേക്ക് പന്തെറിഞ്ഞു. പ്രതിരോധിക്കാന്‍ ശ്രമിച്ച ഹോപ്പിന്റെ ശ്രമം പാളി. പന്ത് ബാറ്റിലുരസി സ്ലിപ്പിലുള്ള ധവാന്റെ അടുത്തേക്ക് നീങ്ങി. ബുദ്ധിമുട്ടേറിയ ക്യാച്ച് എന്നാല്‍ ധവാന് കൈയ്യിലൊതുക്കാനായില്ല.
നായകനെന്ന നിലയില്‍ തനിയ്ക്ക് ചിലത് ചെയ്യാനുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു സഞ്ജുവിന്റെ കീപ്പിംഗ് പ്രകടനം. കഴിഞ്ഞ രണ്ട് സീസണുകളില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ ആയിരുന്നു സഞ്ജു. രാജസ്ഥാന്‍ ഇത്തവണ ഫൈനലിലെത്തിയപ്പോഴും ചുക്കാന്‍ പിടിച്ചത് സഞ്ജുവിന്റെ നേതൃഗുണമായിരുന്നു. ഇന്ത്യ – വെസ്റ്റിന്‍ഡീസ് പരമ്പരയിലുടനീളം ഫീല്‍ഡ് പ്ലേസ്മെന്റുകളില്‍ ധവാനെ സഹായിക്കുന്നതിലും സഞ്ജു സമയം കണ്ടെത്തിയിരുന്നു.