പുതിയ ടീം ഇന്ത്യ ലങ്കയിലേക്ക് പറന്നു, ഇനി പ്രതീക്ഷ മുഴുവന്‍ ഈ യുവാക്കളില്‍

ലങ്കന്‍ പര്യടനത്തിനുളള ടീം ഇന്ത്യ ശ്രീലങ്കയിലേക്ക് പറന്നു. ശിഖര്‍ ധവാന്‍ നയിക്കുന്ന 20 അംഗ ഇന്ത്യന്‍ ടീമും ദ്രാവിഡിന്റെ നേതൃത്വത്തിലുളള പരിശീലകന സംഘവും രണ്ട് സെലക്ടര്‍മാരുമാണ് ഇന്ത്യയുടെ ലങ്കന്‍ സംഘത്തില്‍ ഉളളത്. മൂന്ന് വീതം ഏകദിന, ടി20 മത്സരങ്ങളാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിയ്ക്കുന്നത്.

ജൂലൈയിലാണ് രണ്ടു പരമ്പരകളും നടക്കുക. ലങ്കയിലേക്കു പുറപ്പെടുന്നതിനു മുമ്പ് ധവാനു കീഴിലുള്ള 20 പേരുള്‍പ്പെടുന്ന ഇന്ത്യന്‍ ടീമിന്റെ ഫോട്ടോ ബിസിസിഐ ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്.

യുവത്വത്തിനും അനുഭവസമ്പത്തിനും പ്രാധാന്യം നല്‍കിയുള്ള ടീമാണ് ലങ്കയില്‍ അങ്കത്തിനിറങ്ങുക. ധവാനെക്കൂടാതെ ഭുവനേശ്വര്‍ കുമാര്‍, ഹാര്‍ദിക് പാണ്ഡ്യ, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, മനീഷ് പാണ്ഡെ എന്നിവരാണ് ടീമിലെ പരിചയമ്പന്നരായ താരങ്ങള്‍. ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ഭുവിയാണ്. മലയാളി താരം സഞ്ജു സാംസണും ലങ്കന്‍ ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്.

നിരവധി യുവതാരങ്ങളും ഇന്ത്യന്‍ സംഘത്തിലുണ്ട്. മറുനാടന്‍ മലയാളി താരം ദേവ്ദത്ത് പടിക്കല്‍, ചേതന്‍ സക്കരിയ, റുതുരാജ് ഗെയ്ക്ക്വാദ്, നിതീഷ് റാണ, വരുണ്‍ ചക്രവര്‍ത്തി, കൃഷ്ണപ്പ ഗൗതം എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍. ഇവരില്‍ എല്ലാവര്‍ക്കും ലങ്കയില്‍ അവസരം നല്‍കുകയെന്നത് അപ്രായോഗികമാണന്നും പരമ്പര ലക്ഷ്യമിട്ട് ഏറ്റവും മികച്ച ടീമിനെയായിരിക്കും ഇറക്കുകയെന്നും ദ്രാവിഡ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനം നടത്തുന്ന സൂര്യകുമാര്‍ യാദവ്, മനീഷ് പാണ്ഡെ എന്നിവരെ സംബന്ധിച്ച് വളരെ നിര്‍ണായകമായ പര്യടനമായിരിക്കും ഇത്. ധവാനോടൊപ്പം ഓപ്പണ്‍ ചെയ്യാന്‍ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൃഥ്വി ഷായും ദേവ്ദത്തും റുതുരാജും. പൃഥ്വിയാണ് ഫേവറിറ്റെങ്കിലും ദേവ്ദത്തും റുതുരാജും പ്രതീക്ഷ കൈവിട്ടിട്ടില്ല.

വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു മലയാളി താരം സഞ്ജു സാംസണും ഇഷാന്‍ കിഷനും തമ്മിലാണ് മല്‍സരം. നിലവിലെ ഫോമില്‍ സഞ്ജുവിന് നറുക്കുവീഴാനാണ് സാധ്യത. റിഷഭ് പന്ത് ഇന്ത്യയുടെ നമ്പര്‍ വണ്‍ വിക്കറ്റ് സ്ഥാനം ഉറപ്പിച്ചതിനാല്‍ റിസര്‍വ് സ്ഥാനത്തിനു വേണ്ടിയാണ് സഞ്ജുവും ഇഷാനു തമ്മില്‍ പിടിവലി.

ബൗളിങിനു ചുക്കാന്‍ പിടിക്കുക വൈസ് ക്യാപ്റ്റന്‍ കൂടിയായ ഭുവിയായിരിക്കും. സഹോദരന്‍മാരായ രാഹുല്‍ ചഹര്‍- ദീപക് ചഹര്‍ എന്നിവരും മറ്റൊരു സഹോദര ജോടികളായ ക്രുനാല്‍ പാണ്ഡ്യ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരും ബൗളിങിന് കരുത്തേകും. കുല്‍ ചാ സഖ്യമെന്നറിയപ്പെടുന്ന കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍ ജോടിയും ടീമിനൊപ്പമുണ്ട്.

ഇന്ത്യന്‍ ടീം
ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കല്‍, റുതുരാജ് ഗെയ്ക്വാദ്, സൂര്യകുമാര്‍ യാദവ്, മനീഷ് പാണ്ഡെ, നിതീഷ് റാണ, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, കൃഷ്ണപ്പ ഗൗതം, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), യുസ്വേന്ദ്ര ചഹല്‍, രാഹുല്‍ ചഹര്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ഭുവനേശ്വര്‍ കുമാര്‍ (വൈസ് ക്യാപ്റ്റന്‍), ദീപക് ചഹര്‍, നവദീപ് സെയ്നി, ചേതന്‍ സക്കരിയ

 

You Might Also Like