എല്ലാവരും അവസരം പ്രതീക്ഷിക്കരുത്, ലങ്കയില്‍ ലക്ഷ്യം മറ്റൊന്ന്, തുറന്ന് പറഞ്ഞ് ദ്രാവിഡ്

Image 3
CricketTeam India

യുവതാരങ്ങളുമൊത്തുളള ഇന്ത്യയുടെ ലങ്കന്‍ പര്യടനം പരിശീലകനെന്ന നിലയില്‍ കൂടുതല്‍ പഠിക്കാനും മെച്ചപ്പെടാനുമുള്ള അവസരമായാണ് കാണുന്നതെന്ന് രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കി. ലങ്കന്‍ പര്യടനത്തിനു മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ദ്രാവിഡ്

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലക്ഷ്യമിടുന്ന ഒരുപിടി കളിക്കാന്‍ ഇന്ത്യന്‍ സംഘത്തിലുണ്ട്. എന്നാല്‍ എല്ലാവരുടെയും ആദ്യ ലക്ഷ്യം ലങ്കയ്ക്കെതിരായ പരമ്പര വിജയമാണ്. പരമ്പര വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കാനും അതു വഴി സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റാനും താരങ്ങള്‍ക്കു കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്’ ദ്രാവിഡ് വ്യക്തമാക്കി.

ടി20 ലോകകപ്പിനു മുമ്പ് ഇന്ത്യക്കു മൂന്നു ടി20 മല്‍സരങ്ങള്‍ മാത്രമേയുള്ളൂ. അത് ലങ്കയ്ക്കെതിരേയാണ്. ലോകകപ്പ് ടീമിലേക്കു തങ്ങള്‍ക്കു എന്തൊക്കെയാണ് വേണ്ടതെന്ന കാര്യത്തില്‍ സെലക്ടര്‍മാര്‍ക്കു ധാരണയുണ്ടായിരിക്കും. ലോകകപ്പിനു മുമ്പ് ഐപിഎല്ലും നടക്കാനിരിക്കുന്നുണ്ട്. ലോകകപ്പില്‍ രണ്ടോ, മൂന്നോ സ്ഥാനങ്ങളിലേക്കു മാത്രമേ സെലക്ടര്‍മാര്‍ക്കു താരങ്ങളെ ആവശ്യമുണ്ടാവുകയുള്ളൂ.

ചില സെലക്ടര്‍മാര്‍ ഞങ്ങളോടൊപ്പം ലങ്കയിലേക്കു വരുന്നുണ്ട്. അവരുമായി ഞങ്ങള്‍ ചര്‍ച്ച നടത്തും. ഇംഗ്ലണ്ടിലെ ടീം മാനേജ്മെന്റുമായി അധികം ബന്ധപ്പെട്ടിട്ടില്ല. ലോക ചാംപ്യന്‍ഷിപ്പ് ഫൈനലിനിടെ അവരെ ബുദ്ധിമുട്ടിക്കാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും ദ്രാവിഡ് പറഞ്ഞു.

നsരത്തേ ഇന്ത്യന്‍എ ടീം, അണ്ടര്‍ 19 ടീം എന്നിവയ്ക്കൊപ്പം കോച്ചായി പല പര്യനടങ്ങള്‍ക്കും പോയിട്ടുണ്ടെങ്കിലും വരാനിരിക്കുന് ലങ്കന്‍ പര്യടനം അല്‍പ്പം വ്യത്യസ്തമാണെന്നു ദ്രാവിഡ് വ്യക്തമാക്കി. മികച്ച 20 കളിക്കാരാണ് ലങ്കന്‍ പര്യടനത്തിനുള്ള സംഘത്തിലുള്ളത്. എല്ലാവര്‍ക്കും ഈ ചെറിയ പരമ്പരയില്‍ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത് അപ്രായോഗികമാണ്. പരമ്പര നേടാന്‍ സാധിക്കുന്ന ഏറ്റവും മികച്ച കോമ്പിനേഷനായിരിക്കും ഞങ്ങള്‍ പരീക്ഷിക്കുക. ഒരുപാട് യുവതാരങ്ങള്‍ സംഘത്തിലുണ്ട്. കളിക്കാനായില്ലെങ്കിലും ധവാനെപ്പോലെയുള്ള സീനിയര്‍ താരങ്ങളില്‍ നിന്നും അവര്‍ക്കു പലതും പഠിക്കാനാവുമെന്നും ദ്രാവിഡ് നിരീക്ഷിച്ചു.

ഭാവിയിലും ഇതുപോലെ ഒരേ സമയത്ത് രണ്ടു ഇന്ത്യന്‍ ടീമുകളെ ഇറക്കുകയെന്നത് നടക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല. ഒരുപാട് ഓഹരി ഉടമകളും ബോര്‍ഡും സ്പോണ്‍സര്‍മാരും മീഡിയ റൈറ്റ്സുമെല്ലാം ഇതുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഹ്രസ്വകാലത്തേക്കു ഇതു നടക്കും. എന്നാല്‍ ദീര്‍ഘകാലത്തേക്കു ഇതു തുടരാനാവുമോയെന്നതിനെക്കുറിച്ച് ഒരുപാട് ചര്‍ച്ചകള്‍ ആവശ്യമാണെന്നു ദ്രാവിഡ് അഭിപ്രായപ്പെട്ടു.

കോച്ചെന്ന നിലയില്‍ ഓരോ അനുഭവസമ്പത്തില്‍ നിന്നും നിങ്ങള്‍ക്കു കൂടുതല്‍ പഠിക്കാന്‍ സാധിക്കും. നിങ്ങള്‍ സ്വയം നിങ്ങളെക്കുറിച്ചും ക്രിക്കറ്റിനെക്കുറിച്ചുമെല്ലാം ഇതിലൂടെ പഠിക്കും. എനിക്കു കൂടുതല്‍ പഠിക്കാനും മെച്ചപ്പെടാനുമുള്ള മറ്റൊരു അവസരമാണിത്. താന്‍ വളരെ ആവേശത്തിലാണെന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു