2011 ലോകകപ്പ് ഫൈനല്‍ ഒത്തുകളി, ഗുരുതര ആരോപണവുമായി ലങ്കന്‍ കായിക മന്ത്രി
ഇന്ത്യ ജേതാക്കളായ 2011 ലോകകപ്പ് ഫൈനലില്‍ ഒത്തുകളി നടന്നതായി ആരോപണം. ശ്രീലങ്കന്‍ മുന്‍ കായിക മന്ത്രി മഹിന്ദനന്ദ അല്‍തുഗമാജേ യാണ് ഗുരുതര ആരോപണം ഉയര്‍ത്തുന്നത്. ഇന്ത്യ ലോകകപ്പ് നേടുന്ന സമയത്ത് മഹിന്ദനന്ദ അല്‍തുഗമാജേയായിരുന്നു ശ്രീലങ്കന്‍ കായിക മന്ത്രി.
2011 ലോകകപ്പ് ഫൈനല്‍ ഇന്ത്യക്ക് ശ്രീലങ്ക വിറ്റതാണെന്നാണും ആ സമയവും താന്‍ അങ്ങനെയാണ് വിശ്വസിച്ചിരുന്നത് എന്ന് മഹിന്ദനന്ദ അല്‍തുഗമാജേ പറയുന്നു. നേരത്തെ, 1996ല്‍ ലങ്കക്ക് ലോക കിരീടം നേടിക്കൊടുത്ത നായകന്‍ അര്‍ജുനാ രണതുംഗയും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു.
2011ല്‍ നമ്മളായിരുന്നു ജയിക്കേണ്ടിയിരുന്നത്. എന്നാല്‍ നമ്മള്‍ നമ്മുടെ കയ്യില്‍ നിന്ന് കളി വിറ്റു. അതിനെ കുറിച്ച് ഇപ്പോള്‍ എനിക്ക് സംസാരിക്കാനാവും. കളിക്കാരെ ഞാന്‍ ഇതില്‍ ഉള്‍പ്പെടുത്തുന്നില്ല. എന്നാല്‍ ചില വിഭാഗങ്ങള്‍ ഇതിനായി പ്രവര്‍ത്തിച്ചു, മഹീന്ദനന്ദ ആരോപിച്ചു.
2011ലെ ലോകകപ്പ് ഫൈനലിലെ തോല്‍വിയെ കുറിച്ച് അന്വേഷിക്കണം എന്ന് രണതുംഗയും പറഞ്ഞിരുന്നു. ഫൈനല്‍ നടക്കുന്ന സമയം കമന്റേറ്ററായി രണതുംഗയും ഉണ്ടായിരുന്നു. ഇതിനെ കുറിച്ച് ഇപ്പോള്‍ വെളിപ്പെടുത്താന്‍ എനിക്കാവില്ല. പക്ഷേ ഒരുനാള്‍ വെളിപ്പെടുത്തും. അന്വേഷണം നടത്തണം എന്നും രണതുംഗ പറഞ്ഞിരുന്നു.