ഗാംഗുലി ക്യാപ്റ്റന്‍, കൂടെ വീരുവും പത്താന്മാരും ഹര്‍ഭജനും, തകര്‍പ്പന്‍ ടീം പ്രഖ്യാപിച്ച് ബിസിസിഐ

ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനത്തിന്റെ ആഘോഷങ്ങളുടെ വിരമിച്ച താരങ്ങളുമായി ടീം ഇന്ത്യ കളത്തിലിറങ്ങുന്നു. റെസ്റ്റ് ഓഫ് വേള്‍ഡിനെയാണ് ഇന്ത്യന്‍ ടീം നേരിടുന്നത്. സെപ്തംബര്‍ 15ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ വെച്ചാവും വിരമിച്ചവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഈ തകര്‍പ്പന്‍ മത്സരം നടക്കുക.

ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനത്തിന്റെ ആഘോഷങ്ങളുടെ ഭാഗമായാണ് ഇത്തരമൊരു മത്സരം സംഘടിപ്പിക്കുന്നത്. നേരത്തെ നിലവിലെ ഇന്ത്യന്‍ ടീമും റെസ്റ്റ് ഓഫ് വേള്‍ഡ് ടീമും തമ്മില്‍ മത്സരം നടത്താന്‍ സര്‍ക്കാര്‍ ബിസിസി ഐയോട് ആവിശ്യപ്പെട്ടെങ്കിലും ടീമിന്റെ തിരക്കേറിയ മത്സരക്രമത്തെത്തുടര്‍ന്ന് സമയം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

ഇന്ത്യന്‍ ടീമിനെ നയിക്കുന്നത് ബിസിസിഐ പ്രസിഡന്റ് കൂടിയായ സൗരവ് ഗാംഗുലിയാണ്. വലിയ ഇടവേളക്ക് ശേഷമാണ് ഗാംഗുലി വീണ്ടും പാഡണിയുന്നത്. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ അഭാവനമാണ് ഏറെ നിരാശയുണ്ടാക്കുന്ന ഒരു അസാനിദ്ധ്യം. റെസ്റ്റ് ഓഫ് വേള്‍ഡ് ടീമിനെ നയിക്കുന്നത് മുന്‍ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗനാണ്. ഇംഗ്ലണ്ട് നായകസ്ഥാനം മോര്‍ഗന്‍ ഒഴിഞ്ഞിട്ട് രണ്ട് മാസമേ ആയിട്ടുള്ളൂ.

രണ്ടായിരത്തിന്റെ തുടക്കത്തില്‍ ഗാംഗുലിയ്‌ക്കൊപ്പം മിന്നിതിളങ്ങിയ സൂപ്പര്‍ താരങ്ങളും ഇന്ത്യന്‍ ടീമിന്റെ ഭാഗമായിട്ടുണ്ട്. വെടിക്കെട്ട് ബാറ്റ്സ്മാന്‍ വീരേന്ദര്‍ സെവാഗ്, മുഹമ്മദ് കൈഫ്, ഇര്‍ഫാന്‍ പത്താന്‍, യൂസഫ് പത്താന്‍ തുടങ്ങിയവരാണ് ഇന്ത്യന്‍ ടീമിലെ പ്രധാനികള്‍. ഇത് ആരാധകര്‍ക്ക് മറക്കാനാകാത്ത ഓര്‍മ്മ സമ്മാനിയ്ക്കുമെന്ന് ഉറപ്പാണ്.

ഇന്ത്യന്‍ ടീമില്‍ മലയാളി താരം എസ് ശ്രീശാന്തും ഉള്‍പ്പെട്ടിട്ടുണ്ട്. ഒത്തുകളി വിവാദത്തില്‍ ഉള്‍പ്പെടുകയും ബിസിസി ഐ ആജീവനാന്ത വിലക്കേര്‍പ്പെടുത്തുകയും ചെയ്ത ശ്രീശാന്ത് ഏറെ നാളത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് വിലക്ക് മാറ്റിയെടുത്തത്. കേരളത്തിനായി രഞ്ജി ട്രോഫി കളിക്കാന്‍ ശ്രീശാന്തിന് സാധിച്ചെങ്കിലും ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരവ് നടത്താന്‍ അവസരം ലഭിച്ചിരുന്നില്ല. എന്നാലിപ്പോള്‍ തന്റെ പഴയ താരങ്ങളോടൊപ്പം കളിക്കാനുള്ള അവസരം ശ്രീശാന്തിന് ലഭിച്ചിരിക്കുകയാണ്.

റെസ്റ്റ് ഓഫ് വേള്‍ഡ് ടീം നിസാരരല്ല. ഓയിന്‍ മോര്‍ഗനൊപ്പം ലിന്‍ഡല്‍ സിമ്മണ്‍സ്, ഹെര്‍ഷ്വല്‍ ഗിബ്സ്, ജാക്സ് കാലിസ്, സനത് ജയസൂര്യ, തുടങ്ങിയവരെല്ലാമുണ്ട്.

ഇന്ത്യന്‍ ടീം- സൗരവ് ഗാംഗുലി (ക്യാപ്റ്റന്‍), വീരേന്ദര്‍ സെവാഗ്, മുഹമ്മദ് കൈഫ്, യൂസഫ് പഠാന്‍, സുബ്രമണ്യ ബദരിനാഥ്, ഇര്‍ഫാന്‍ പഠാന്‍, പാര്‍ത്ഥിവ് പട്ടേല്‍, സ്റ്റുവര്‍ട്ട് ബിന്നി, എസ് ശ്രീശാന്ത്, ഹര്‍ഭജന്‍ സിങ്, നമാന്‍ ഓജ, അശോക് ഡിന്‍ഡ, പ്രഗ്യാന്‍ ഓജ, അജയ് ജഡേജ, ആര്‍പി സിങ്, ജോഗീന്ദര്‍ ശര്‍മ, രിതീന്ദര്‍ സിങ് സോധി.

റെസ്റ്റ് ഓഫ് വേള്‍ഡ്- ഓയിന്‍ മോര്‍ഗന്‍, ലിന്‍ഡല്‍ സിമ്മണ്‍സ്, ഹെര്‍ഷ്വല്‍ ഗിബ്സ്, ജാക്സ് കാലിസ്, സനത് ജയസൂര്യ, മാറ്റ് പ്രിറര്‍, നതാന്‍ മക്കല്ലം, ജോണ്ടി റോഡ്സ്, മുത്തയ്യ മുരളീധരന്‍, ഡെയ്ല്‍ സ്റ്റെയിന്‍, ഹാമില്‍ട്ടന്‍ മസാകഡ്സ, മഷറഫെ മൊര്‍ത്താസ, അസ്ഹര്‍ അഫ്ഗാന്‍, മിച്ചല്‍ ജോണ്‍സണ്‍, ബ്രെറ്റ് ലീ, കെവിന്‍ ഒബ്രെയ്ന്‍, ദിനേഷ് രാംദിന്‍.

 

You Might Also Like