ഈ അപമാനം ആണ് പാകിസ്ഥാനെ നിരാശനാക്കുന്നത്, അത്ഭുതം സംഭവിച്ചാല്‍ പോലും അപമാനം മായ്ക്കാന്‍ 29 വര്‍ഷം കാത്തിരിക്കേണ്ടി വരും

Image 3
CricketTeam India

കെ നന്ദകുമാര്‍ പിള്ള

ഇരുപത്തിഒന്‍പതു വര്‍ഷങ്ങള്‍.. ക്രിക്കറ്റ് കളി നടക്കുന്ന വിവിധ ഭൂഖണ്ഡങ്ങളിലായി, ലോകകപ്പ് വേദികളില്‍ തുല്യ ശക്തികളായി കരുതുന്ന ആ രണ്ടു രാജ്യങ്ങള്‍, 50 ഓവര്‍, ടി20 മത്സരങ്ങളിലായി ഏറ്റു മുട്ടിയത് പന്ത്രണ്ടു തവണ. ആ പന്ത്രണ്ടിലും വിജയം ഒരു രാജ്യത്തിനൊപ്പം. ഇന്ത്യയുടെ ഈ തേരോട്ടത്തിനു കിട പിടിക്കാന്‍ ക്രിക്കറ്റ് എന്നല്ല, ഏതെങ്കിലും കായിക ഇനത്തില്‍ ഏതെങ്കിലും ഒരു രാജ്യത്തിന് സാധിക്കുമോ സംശയമാണ്… പറഞ്ഞു വരുന്നത് ലോകകപ്പുകളിലെ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരങ്ങളെക്കുറിച്ചാണ്..

1992 മാര്‍ച്ച് 4. സിഡ്നി. അന്നായിരുന്നു തുടക്കം. ഇന്ത്യയിലും പാകിസ്താനിലും ഷാര്‍ജയിലും നടക്കുന്ന മത്സരങ്ങളില്‍ ഇന്ത്യക്ക് മേല്‍ പാകിസ്ഥാന്‍ പൂര്‍ണമായും മേധാവിത്തം പുലര്‍ത്തുന്ന കാലം. 1985 – 86 സീസണ്‍ തൊട്ട് ഈ മത്സരത്തിന് തൊട്ടു മുന്‍പ് വരെ കളിച്ച 22 മത്സരങ്ങളില്‍ 18 എണ്ണവും വിജയിച്ചത് പാക്കിസ്ഥാന്‍ ആണെന്നതില്‍ നിന്ന് മനസിലാക്കാം ക്രിക്കറ്റില്‍ അവര്‍ക്ക് ഇന്ത്യക്ക് മേല്‍ ഉണ്ടായിരുന്ന ആധിപത്യം. വിദഗ്ധരെല്ലാം 0.9 വിജയ സാധ്യത പാകിസ്താന് നല്‍കിയപ്പോള്‍ ഇന്ത്യക്ക് നല്‍കിയത് 0.1 സാധ്യത മാത്രം.

സിഡ്നിയിലെ അന്നത്തെ വിജയത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഉയര്‍ന്നു വരാറുള്ളത് സച്ചിന്റെയും കപിലിന്റെയും പേരുകളാണ്. അവരുടെ പാര്‍ട്ണര്‍ഷിപ്പാണ് ആ വിജയത്തില്‍ നിര്‍ണായകമായത് എന്നതിനോട് 100% യോജിക്കുമ്പോഴും തന്റെ മൂന്നാം മത്സരം മാത്രം കളിച്ച അജയ് ജഡേജ എന്ന യുവാവ് ഇമ്രാന്‍ ഖാന്‍, വാസിം അക്രം, അക്വിബ് ജാവേദ്, മുഷ്താഖ് അഹ്മദ് എന്നീ ബൗളര്‍മാരെ പ്രതിരോധിച്ച് തുടക്കത്തില്‍ നേടിയ 46 റണ്‍സ് കാണാതിരിക്കാന്‍ ആവില്ല, ജഡേജയുടെ ഇന്നിംഗ്‌സ് ആണ് 216 എന്ന പൊരുതാവുന്ന ഒരു സ്‌കോറിലേക്ക് എത്താന്‍ ഇന്ത്യക്ക് അടിത്തറ പാകിയത്. തുടക്കത്തിലേ ഇന്‍സമാമിനെ നഷ്ടപ്പെട്ട പാകിസ്താന് വേണ്ടി ആമിര്‍ സുഹൈല്‍ അര്‍ധസെഞ്ചുറിയുമായി പൊരുതിയെങ്കിലും 173 റണ്‍സിന് ഓള്‍ ഔട്ട് ആകാനായിരുന്നു അവരുടെ വിധി. വെറ്ററന്‍ താരം ജാവേദ് മിയാന്‍ദാദ് 110 പന്തില്‍ ഇഴഞ്ഞു നേടിയ 40 റണ്‍സ് ഇന്ത്യയെ സഹായിച്ചു എന്ന് പറയുന്നതില്‍ തെറ്റില്ല.

നാലു വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടുമൊരു മാര്‍ച്ച്. ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍. വേദി ബാംഗ്ലൂരിലെ ചിന്നസാമി സ്റ്റേഡിയം. കണക്കു തീര്‍ക്കാന്‍ ഉറച്ചു തന്നെയായിരുന്നു പാകിസ്ഥാന്റെ വരവ്. മാനസികമായി പാകിസ്താന് ഉണര്‍വ് നല്കാന്‍ ഇമ്രാന്‍ ഖാന്‍ അടക്കമുള്ള മുന്‍ താരങ്ങളുടെ പ്രസ്താവനകള്‍. സിഡ്നിയിലെ തോല്‍വി മറന്ന് പോരാടാന്‍ അവര്‍ ടീമിനെ ഉത്തേജിപ്പിച്ചു കൊണ്ടേയിരുന്നു. (അല്ലെങ്കിലും, വാചകമടിയുടെ കാര്യത്തില്‍ ഇന്നും ഒരു കുറവും പാക്കിസ്ഥാന്‍ മുന്‍ താരങ്ങള്‍ വരുത്തിയിട്ടില്ലല്ലോ).

93 റണ്‍സുമായി സിദ്ധു തുടങ്ങി വെച്ചത് അവസാന ഓവറുകളില്‍ അജയ് ജഡേജ വീരോചിതമായ അവസാനിപ്പിച്ചപ്പോള്‍ 250 ല്‍ നില്കുമായിരുന്ന ഇന്ത്യയുടെ സ്‌കോര്‍ 287 എന്ന അന്നത്തെ കൂറ്റന്‍ സ്‌കോറിലേക്ക് എത്തി. ആമിര്‍ സുഹൈല്‍ – സയീദ് അന്‍വര്‍ ഓപ്പണിങ് കൂട്ടുകെട്ട് ഇപ്രാവശ്യം പ്രതികാരം വീട്ടും എന്ന് തന്നെ കരുതി. പക്ഷെ, ഒരു നിമിഷത്തെ അമിതാവേശം സുഹൈലിന് വിനയായി. സുഹൈലിന്റെ ഓഫ് സ്റ്റമ്പ് തെറിപ്പിച്ച് പ്രസാദ് നല്‍കിയ പഴുതിലൂടെ ഇരച്ചു കയറിയ ഇന്ത്യന്‍ ബൗളര്‍മാര്‍ പാകിസ്താനെ വരിഞ്ഞു മുറുക്കി. 50 ഓവറില്‍ അവര്‍ക്ക് നേടാനായത് 249 റണ്‍സ് മാത്രം. 3 വിക്കറ്റുകളുമായി പ്രസാദും കുംബ്ലെയും മികച്ചു നിന്നു.
ഇപ്രാവശ്യവും ഇന്ത്യന്‍ വിജയത്തിന് സഹായകമായി 64 പന്തില്‍ 38 റണ്‍സ് നേടിയ ജാവേദ് മിയാന്‍ദാദിന്റെ ഇന്നിംഗ്‌സ് നമ്മള്‍ അംഗീകരിക്കാതെ പോകരുത്. 1993 നു ശേഷം ഒരു മത്സരവും കളിക്കാത്ത ജാവേദ് മിയാന്‍ദാദിനെ 1996 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയത് പാകിസ്ഥാന്റെ ഒരു സ്ട്രാറ്റജിക് മിസ്റ്റേക്ക് ആയിരുന്നു.

1999 ജൂണ്‍, ഓള്‍ഡ് ട്രാഫൊര്‍ഡ് : സൂപ്പര്‍ സിക്‌സിലെ ഇന്ത്യ-പാക് പോരാട്ടം. വീണ്ടും ടോസ് ലഭിച്ച ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. ദ്രാവിഡും അസരുദ്ദിനും നേടിയ അര്ധസെഞ്ചുറികളും സച്ചിന്റെ 45 റണ്‍സും ഓള്‍ഡ് ട്രാഫൊര്‍ഡിലെ തണുത്ത കാറ്റ് വീശുന്ന അന്തരീക്ഷത്തില്‍ 227 എന്ന പൊരുതാവുന്ന സ്‌കോര്‍ ഇന്ത്യക്ക് സമ്മാനിച്ചു. 5 ഓവറില്‍ 34 റണ്‍സുമായി പാക്കിസ്ഥാന്‍ മികച്ച തുടക്കം കുറിച്ചെങ്കിലും പിച്ചിന്റെ ആനുകൂല്യം പൂര്‍ണമായും മുതലെടുത്ത വെങ്കടേഷ് പ്രസാദ് സ്റ്റേഡിയത്തില്‍ വീശിക്കൊണ്ടിരുന്ന കാറ്റിനൊപ്പം ഒരു കൊടുങ്കാറ്റായി വീശിയപ്പോള്‍ പാക്കിസ്ഥാന്‍ 180 റണ്‍സിന് ഓള്‍ ഔട്ട്. 27 റണ്‍സ് വഴങ്ങി പ്രസാദ് വീഴ്ത്തിയത് 5 വിക്കറ്റുകള്‍.

2003 മാര്‍ച്ച്. വേദി സൗത്ത് ആഫ്രിക്കയിലെ സെഞ്ചുറിയന്‍. ഈ മത്സരത്തിന് മുന്‍പ് വരെ സൗത്ത് ആഫ്രിക്കയില്‍ ഇന്ത്യ ജയിച്ച നാലു മത്സരങ്ങളില്‍ രണ്ടും സെഞ്ചുറിയനില്‍ വെച്ചായിരുന്നു. ഇപ്രാവശ്യം ആദ്യം ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ച പാക്കിസ്ഥാന്‍ സയീദ് അന്‍വറിന്റെ സെഞ്ചുറിയുടെ സഹായത്തോടെ 273 എന്ന മികച്ച ടാര്‍ഗറ്റ് ആണ് ഇന്ത്യക്ക് നല്‍കിയത്. സച്ചിന്‍ – സെവാഗ് സഖ്യം നല്‍കിയ വെടിക്കെട്ട് തുടക്കം ആദ്യ അഞ്ചോവറില്‍ തന്നെ കളി ഇന്ത്യയുടെ കയ്യിലെത്തിച്ചു. സച്ചിന്‍ നിറഞ്ഞാടിയ മത്സരം 26 പന്ത് ബാക്കി നില്‍ക്കേ ഇന്ത്യ ജയിച്ചു. സച്ചിന് രണ്ടു റണ്‍സിന് സെഞ്ചുറി നഷ്ടമായി എന്നത് സന്തോഷത്തിനിടയിലും നിരാശയായി. ദ്രാവിഡ്-യുവരാജ് കൂട്ടുകെട്ട് പുറത്താകാതെ നേടിയ 99 റണ്‍സും ആ കളിയിലെ മധുരിക്കുന്നൊരു ഓര്‍മയാണ്.

എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം 2011 ലെ മാര്‍ച്ച്. ലോകകപ്പ് സെമി എന്ന ഹൈ വോള്‍ടേജ് മത്സരം. വേദി മൊഹാലിയിലെ മനോഹരമായ സ്റ്റേഡിയം. സച്ചിന്‍ നല്‍കിയ രണ്ടു മൂന്നു സിംപിള്‍ അവസരങ്ങള്‍ പാഴാക്കിയതിനു പാകിസ്താന് സ്വയം പഴിക്കുകയെ നിവര്‍ത്തിയുള്ളു. 85 റണ്‍സുമായി സച്ചിന്‍ കളം നിറഞ്ഞപ്പോള്‍ ഇന്ത്യ കുറിച്ചത് 260 റണ്‍സ്. മിസ്ബാ ഉള്‍ ഹഖ് മാത്രം അര്‍ധസെഞ്ചുറി നേടി. അഞ്ച് ഇന്ത്യന്‍ ബൗളര്‍മാര്‍ 2 വിക്കറ്റ് വീതം വീഴ്ത്തിയ മത്സരത്തില്‍ പാകിസ്താനെ ഇന്ത്യ 231 റണ്‍സിന് ഓള്‍ ഔട്ട് ആക്കി.

നാലു വര്‍ഷത്തിന് ശേഷം 2015 ഫെബ്രുവരി. ഓസ്ട്രേലിയയിലെ അഡിലൈഡ് സ്റ്റേഡിയം. സെഞ്ചുറിയോടെ വിരാട് കോഹ്ലിയും, 73 റണ്‍സുമായി ധവാനും 56 പന്തില്‍ 74 റണ്‍സുമായി സുരേഷ് റെയ്‌നയും തകര്‍ത്തടിച്ചപ്പോള്‍ ഇന്ത്യ സ്‌കോര്‍ബോര്‍ഡിലേക്ക് ചേര്‍ത്തത് 300 റണ്‍സ്. വീണ്ടും 76 റണ്‍സുമായി മിസ്ബാ ഉല്‍ ഹഖ് മാത്രം ശ്രമിച്ചു നോക്കി. പക്ഷെ, 224 നു ഓള്‍ ഔട്ട് ആകാനായിരുന്നു പാകിസ്ഥാന്റെ വിധി.

2019 ജൂണ്‍. 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഓള്‍ഡ് ട്രാഫൊര്‍ഡില്‍ വീണ്ടുമൊരു ഇന്ത്യ-പാക് പോരാട്ടം. 113 പന്തില്‍ 140 റണ്‍സുമായി രോഹിത് ശര്‍മ്മ പാകിസ്താനെ കശക്കിയെറിഞ്ഞു. കൂട്ടിനു 57 റണ്‍സോടെ രാഹുലും 77 റണ്‍സോടെ കോഹ്ലിയും. ഇന്ത്യ കുറിച്ചത് 336 റണ്‍സ്. പാക്കിസ്ഥാന്‍ ഇന്നിങ്‌സില്‍ മഴ രസം കൊല്ലിയായി വന്നെങ്കിലും D / L മെത്തേഡില്‍ ഇന്ത്യക്ക് 89 റണ്‍സ് വിജയം.
ടി20 ലോകകപ്പ് 2007. ലീഗില്‍ ഇന്ത്യ നല്‍കിയ 141 റണ്‍സ് മറികടക്കാന്‍ ആകാതെ പാക്കിസ്ഥാന്‍ ഇന്നിംഗ്സും 141 റണ്‍സിന് അവസാനിച്ചപ്പോള്‍ ബൗള്‍ ഔട്ടിലൂടെ ഇന്ത്യക്ക് വിജയം. വര്ഷങ്ങളായി ആരാധകര്‍ കാത്തിരുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ സ്വപ്ന ഫൈനലിന് സാക്ഷ്യം വഹിക്കാനുള്ള അവസരം ലഭിച്ചത് ജോഹാന്നസ്ബുര്‍ഗിന് ആയിരുന്നു. കാണികളെ മുള്‍ മുനയില്‍ നിര്‍ത്തിയ മത്സരത്തില്‍ അഞ്ചു റണ്‍സിന് പാകിസ്താനെ തോല്പിച്ച് ഇന്ത്യ ചാമ്പ്യന്മാരായി.

2012 ലും, 2014 ലും 2016 ലും കുറഞ്ഞ സ്‌കോറുകള്‍ക്ക് പാകിസ്താനെ പുറത്താക്കി ഇന്ത്യ വിജയങ്ങള്‍ നേടി. രണ്ടു ദിവസങ്ങള്‍ക്കപ്പുറം 24 ആം തിയതി, ടി20 ലോകകപ്പില്‍ വീണ്ടുമൊരു ഇന്ത്യ – പാക്കിസ്ഥാന്‍ മത്സരം. കണക്കുകള്‍ മാത്രമല്ല, ടീമിന്റെ ശക്തി പരിഗണിച്ചാലും ഇന്ത്യക്ക് തന്നെയാണ് മുന്‍തൂക്കം.ലോകകപ്പ് മത്സരം ആണെങ്കില്‍ ഇന്ത്യ പാകിസ്താനെ തോല്പിച്ചിരിക്കും എന്നത് ഒരു വിശ്വാസമാണ്. എന്നാല്‍ അതൊരു അന്ധവിശ്വാസമായി കൊണ്ട് നടക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ക്രിക്കറ്റ് എന്നത് ഒരു കായികവിനോദമാണ്. അന്നത്തെ പ്രകടനത്തിനനുസരിച്ച് എന്തും സംഭവിക്കാം.

എന്നെങ്കിലും ഒരു ലോകകപ്പ് മത്സരത്തില്‍ പാക്കിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിച്ചാല്‍ പോലും 12 തുടര്‍ച്ചയായ വിജയങ്ങള്‍ എന്ന റെക്കോര്‍ഡ് മറി കടക്കാന്‍ പാക്കിസ്ഥാനികള്‍ക്ക് കുറഞ്ഞത് ഇനിയുമൊരു 29 വര്ഷം കാത്തിരിക്കണം. അതൊരിക്കലും നടക്കാന്‍ പോകുന്ന കാര്യമല്ല.

നമ്മുടെ ഇന്ത്യന്‍ ടീമിന് വിജയാശംസകള്‍..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍