ബാബറിന് വേണമെങ്കില്‍ പുരപ്പുറത്ത് കയറി ആഘോഷിക്കാമായിരുന്നു, പക്ഷെ കോഹ്ലിയെ പുണരുകയാണ് അയാള്‍ ചെയ്തത്

സന്ദീപ് ദാസ്

സ്‌പോര്‍ട്‌സ് മനുഷ്യരെ ഒന്നിപ്പിക്കാനുള്ളതാണ്; ഭിന്നിപ്പിക്കാനുള്ളതല്ല. സ്‌നേഹമാണ് കളിയുടെ അടിസ്ഥാനം. ഈ വസ്തുത തിരിച്ചറിയാന്‍ നമുക്ക് സാധിക്കണം. പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് സംഭവിച്ച തോല്‍വിയുടെ നിരാശ അപ്പോള്‍ മാറും.
ഏതാണ്ട് 30 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് പാക്കിസ്ഥാന്‍ ഇന്ത്യയെ ലോകകപ്പില്‍ പരാജയപ്പെടുത്തിയത്.

വിജയശില്‍പികളായ ബാബര്‍ അസമിനും മുഹമ്മദ് റിസ്വാനും വേണമെങ്കില്‍ പുരപ്പുറത്ത് കയറി ആഘോഷിക്കാമായിരുന്നു. പക്ഷേ കളി കഴിഞ്ഞപ്പോള്‍ അവര്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെ പുണരുകയാണ് ചെയ്തത്.

വിരാടും മോശമാക്കിയില്ല. അയാള്‍ ചിരിച്ചുകൊണ്ട് പാക് ഓപ്പണര്‍മാരെ അഭിനന്ദിച്ചു. കളിയിലെ ജയപരാജയങ്ങളേക്കാള്‍ വലുതാണ് മനുഷ്യസ്‌നേഹം.

പാക്കിസ്ഥാനില്‍ ഒരു വൃദ്ധനായ ക്രിക്കറ്റ് ആരാധകന്‍ ജീവിക്കുന്നുണ്ട്. ചാച്ച എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന മുഹമ്മദ് ബഷീര്‍. ധോനി വിരമിച്ച സമയത്ത് ചാച്ച പറഞ്ഞത് ഇങ്ങനെയാണ്-

”ഒരുപാട് കളിക്കാര്‍ വിരമിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷേ ധോനിയുടെ വിടവാങ്ങലാണ് ഏറ്റവും ഹൃദയഭേദകം. ഞാന്‍ കളി കാണല്‍ അവസാനിപ്പിക്കുകയാണ്…!”

ചാച്ചയ്ക്ക് കളി കാണാനുള്ള ടിക്കറ്റുകള്‍ ധോനിയാണ് സംഘടിപ്പിച്ചുനല്‍കാറുള്ളത്. തീവ്രമായ സ്‌നേഹത്തിന്റെ പ്രതീകമാണ് ചാച്ച. അതുകൊണ്ടാണ് ‘ശത്രു’ ആയ ധോനിയെ അദ്ദേഹം ഇത്രമേല്‍ നെഞ്ചോടുചേര്‍ക്കുന്നത്.

ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും സാധാരണക്കാരായ ജനങ്ങള്‍ക്ക് പരസ്പരം സ്‌നേഹം മാത്രമേയുള്ളൂ. അവരെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്നത് മാദ്ധ്യമങ്ങളാണ്.

മണിക്കൂറില്‍ 140 കിലോമീറ്ററിനുമുകളില്‍ വേഗതയില്‍ സ്വിംഗിങ്ങ് ഡെലിവെറികള്‍ എറിഞ്ഞ ഷഹീന്‍ അഫ്രീദിയുടെ ബോളിങ്ങ് ഒരു വിരുന്ന് തന്നെയായിരുന്നു. അയാള്‍ക്ക് ആകെ 21 വയസ്സേയുള്ളൂ. ഒരുപാട് ക്രിക്കറ്റ് ഇനിയും അവശേഷിക്കുന്നു.
സിംബാബ്വേ മര്‍ദ്ദകന്‍ എന്ന പരിഹാസം കേട്ട ആളാണ് ബാബര്‍ അസം. പക്ഷേ ഈ തലമുറയിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് താന്‍ എന്ന് അയാള്‍ ദുബായില്‍ തെളിയിച്ചു.

പണ്ട് നാം വസീം അക്രത്തിന്റെ ബോളിങ്ങും ഇന്‍സമാം ഉള്‍ ഹഖിന്റെ ബാറ്റിങ്ങും ആസ്വദിച്ചിട്ടില്ലേ? അതുപോലെ ഷഹീനെയും ബാബറിനെയും നെഞ്ചിലേറ്റുന്നതില്‍ എന്താണ് തെറ്റ്?

ഒന്ന് പിന്തിരിഞ്ഞുനോക്കിയാല്‍ ഇന്ത്യ-പാക്കിസ്ഥാന്‍ ലോകകപ്പ് മത്സരങ്ങള്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള ഒത്തിരി കാര്യങ്ങള്‍ തന്നിട്ടില്ലേ?

നമ്മുടെ ഓര്‍മ്മകളില്‍ ഷോയബ് അക്തറിനെ നിര്‍ദ്ദയം പ്രഹരിക്കുന്ന സച്ചിന്‍ തെന്‍ഡുല്‍ക്കറുണ്ട്. വിരാട് കോഹ്ലിയുടെ ഒറ്റയാള്‍ പോരാട്ടങ്ങളുണ്ട്.

വഖാര്‍ യുനീസിനെ ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ എല്ലാ മൂലകളിലേയ്ക്കും അടിച്ചുപറത്തിയ അജയ് ജഡേജയുണ്ട്. 2007ലെ ടി20 ലോകകപ്പ് ഇന്ത്യയിലെത്തിച്ച ശ്രീശാന്തിന്റെ ക്യാച്ചുണ്ട്. 2019 ലോകകപ്പില്‍ രോഹിത് ശര്‍മ്മ നേടിയ ക്ലാസിക് സെഞ്ച്വറിയുണ്ട്.

അങ്ങനെ എത്രയെത്ര മറക്കാനാവാത്ത നിമിഷങ്ങള്‍! ആ നിലയ്ക്ക് ഈ തോല്‍വി നമുക്ക് ക്ഷമിക്കാം. ഇന്ത്യന്‍ ടീമിനുവേണ്ടി തുടര്‍ന്നും ആര്‍പ്പുവിളിക്കാം. പാക്കിസ്ഥാനെ മനസ്സുതുറന്ന് അഭിനന്ദിക്കാം.

കയ്യൊപ്പ് എന്ന സിനിമയില്‍ മമ്മൂട്ടി ജാഫര്‍ ഇടുക്കിയോട് പറയുന്ന ഒരു വാചകമുണ്ട്-

”ആരില്‍നിന്നെല്ലാമോ എനിക്ക് കിട്ടിയ സ്‌നേഹമാണ് ഞാന്‍ നിനക്ക് തന്നത്. അത് നിന്നില്‍ നിന്ന് മറ്റൊരാളിലേയ്ക്ക്. അങ്ങനെ പകര്‍ന്നുനല്‍കുന്ന സ്‌നേഹമാണ് ഈ ലോകത്തെ നിലനിര്‍ത്തുന്നത്…!”

You Might Also Like