; )
സുനില്‍ ലൂയിസ്
ഈ ബോള്‍ ഞാന്‍ കണ്ടില്ല, അടുത്ത ബോള്‍ നീയും കാണില്ല…. എന്ന് എതിരാളിക്ക് മുന്നറിയിപ്പ് നല്‍കുന്ന വിരാട് കോഹ്ലിയുടെ പരസ്യചിത്രം ഓര്‍മ്മയില്ലേ…
ഈ പരസ്യചിത്രം കാണുമ്പോഴെല്ലാം ചിലര്‍ക്കെങ്കിലും 1996ല്‍ ചിരവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ബാംഗ്ലൂരില്‍ നടന്ന ആവേശകരമായ ക്വാട്ടര്‍ ഫൈനല്‍ മത്സരം ഓര്‍മ്മ വരും.
ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ ആവേശത്തിന്റെ പരമകോടിയില്‍ ആറാടിച്ച ‘പ്രസാദവരം’ സംഭവിച്ച സുവര്‍ണ്ണദിനം. ചിന്നസാമി സ്റ്റേഡിയത്തിലെ ആദ്യത്തെ ഫ്‌ലഡ് ലൈറ്റ് മാച്ചായിരുന്നു അത്. ജാവേദ് മിയാന്‍ദാദ് എന്ന പാക്കിസ്ഥാന്‍ ഹീറോയുടെ അവസാന ഏകദിന മത്സരവും.
നവജ്യോത് സിങ് സിദ്ധുവിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ബാറ്റേഴ്സ് മനോഹരമായി ബില്‍ഡ് ചെയ്ത ഇന്നിംഗ്‌സിന്റെ അവസാന നിമിഷങ്ങളില്‍ പാക്കിസ്ഥാന്റെ സ്റ്റാര്‍ ബൗളര്‍ വഖാര്‍ യൂനീസിനെ തലങ്ങും വിലങ്ങും പ്രഹരിച്ചു ഒരോവറില്‍ 22 റണ്‍സ് കൂടി അടിച്ചെടുത്ത അജയ് ജഡേജ ഇന്ത്യന്‍ ആരാധകരെ കോരിത്തരിപ്പിച്ചു. സ്‌കോര്‍ 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സ്.
മറ്റൊരു തിരിച്ചടി കൂടി പാക്കിസ്ഥാന്‍ നേരിടേണ്ടി വന്നു. കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ പാക്കിസ്ഥാന്റെ ചേസില്‍ ഓരോവര്‍ വെട്ടിക്കുറച്ചപ്പോള്‍ വിജയലക്ഷ്യം 49 ഓവറില്‍ 288 റണ്‍സായി.
കൊള്ളാവുന്നൊരു ടോട്ടലിന്റെ ആവേശത്തില്‍ ജയം പ്രതീക്ഷിച്ചിരുന്ന ഇന്ത്യന്‍ ആരാധകരെ പക്ഷെ പാക്കിസ്ഥാന്റെ സുശക്തമായ തുടക്കം തെല്ലൊന്ന് പരിഭ്രമിപ്പിച്ചു. സയീദ് അന്‍വറും അമീര്‍ സൊഹൈലും കൂടി 10 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 84 റണ്‍സ് എന്ന ശക്തമായ നിലയില്‍ പാക്കിസ്ഥാനെയെത്തിച്ചു. അന്‍വര്‍ മടങ്ങിയ ശേഷവും അമീര്‍ പോരാട്ടം തുടര്‍ന്നു.
പക്ഷെ അര്‍ദ്ധസെഞ്ചുറിയുടെ ആവേശമടങ്ങും മുന്‍പ് പതിനഞ്ചാം ഓവറിലെ അഞ്ചാം പന്തില്‍ സ്വീപ്പര്‍ കവര്‍ ഏരിയയിലേക്ക് മനോഹരമായൊരു കവര്‍ ഡ്രൈവിലൂടെ നേടിയ ബൗണ്ടറി അമീര്‍ സൊഹൈല്‍ എന്ന പാക്കിസ്ഥാന്‍ ഓപ്പണിങ് ബാറ്റ്സ്മാനെ ഒരു മദയാനയെ എന്ന പോലെ ഉന്മാദിപ്പിച്ചിരിക്കണം.
ശത്രുക്കളുടെ തട്ടകത്തില്‍ അവരുടെ ആരാധകരെ നിശ്ശബ്ദരാക്കി സാമാന്യം തരക്കേടില്ലാത്തൊരു ടോട്ടല്‍ വിജയകരമായി ചേസ് ചെയ്യുന്നതിനിടെ അടുത്ത പന്ത് അതിമനോഹരമായി അതിര്‍ത്തിവരയിലേക്ക് പ്ലേസ് ചെയ്ത് എതിരാളിയെ പ്രകോപിപ്പിച്ചപ്പോള്‍ അയാള്‍ കരുതിക്കാണില്ല പിന്നീടങ്ങോട്ട് ഇങ്ങനൊരു സിനിമാറ്റിക് ടേണ്‍ എറൗണ്ട്.
അമീര്‍ സൊഹൈല്‍ എന്ന മദയാനയുടെ മദപ്പാടിന് മറുമരുന്നായി പാക്കിസ്ഥാനെ ഞെട്ടിച്ചു കൊണ്ട് തൊട്ടടുത്ത പന്തില്‍ ഇന്ത്യയുടെ റൈറ്റ് ആം മീഡിയം ഫാസ്റ്റ് ബൗളര്‍ വെങ്കിടേഷ് പ്രസാദ് ഓഫ് സ്റ്റമ്പ് കടപുഴക്കിയപ്പോള്‍ സ്‌റേഡിയമൊന്നാകെ ആവേശത്താല്‍ ഇളകി മറിഞ്ഞു.
ഓ ചക്കരേ… വെങ്കിടേഷ് പ്രസാദേ… ഉമ്മ,
ഉമ്മ, ഒരു നൂറുമ്മ എന്ന് ഇന്ത്യന്‍ ആരാധകര്‍ സന്തോഷം മൂത്ത് വിളിച്ചു പറഞ്ഞു.
പിന്നീടങ്ങോട്ട് കൃത്യമായ ഇടവേളകളില്‍ ഇന്ത്യന്‍ ബൗളെഴ്സ് പാക്ക് വിക്കറ്റുകള്‍ വീഴ്ത്തിക്കൊണ്ടേയിരുന്നു.ഒടുവില്‍ 248 ന് 9 വിക്കറ്റ് എന്ന നിലയില്‍ പാക്കിസ്ഥാന്‍ ഇന്നിംഗ്‌സ് അവശേഷിപ്പിച്ചപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ അത്യധികം ആവേശത്തോടെ ആര്‍പ്പുവിളിച്ചു. ‘ഭാരത് മാതാ കീ ജയ്’
ഇന്നും അതോര്‍ക്കുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ രോമം പോലും അന്നത്തെ ഇന്ത്യന്‍ ടീമിനെയും വെങ്കിടേഷ് പ്രസാദ് എന്ന മുത്തുമണിയെയും എണീറ്റ് നിന്ന് സല്യൂട്ടടിക്കും.
മച്ചാനേ അത് പോരേ അളിയാ…
പെര്‍ഫെക്റ്റ് ഓക്കേ…
കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്