പിരിഞ്ഞ കാലം മുതല്‍ അവര്‍ക്കായിരുന്നു മുന്‍തൂക്കം, അപ്രവചനീയത കൂടപ്പിറപ്പായ ഒരു ടീമിനെ എങ്ങനെ എഴുതി തള്ളാനാവും

റെജി സെബാസ്റ്റിയന്‍

വേള്‍ഡ് കപ്പ് ചരിത്രത്തിലെ ഇന്ത്യയുടെ അപരാജിത കുതിപ്പിന് തുടക്കമായത് 1992 മാര്‍ച്ച് 4ന്.29 വര്‍ഷത്തിനിപ്പുറവും അതിലൊരു വിജയം പോലും പാകിസ്ഥാന്റെ പേരില്‍ കുറിക്കപ്പെട്ടിട്ടില്ല എന്നത് അത്ഭുതം തന്നെയാണ്. എങ്ങനെ അത്ഭുതം കൂറാതിരിക്കും. ആകെയുള്ള 199 മത്സരങ്ങളില്‍ വിജയങ്ങളില്‍ (ടെസ്റ്റ്, ODI, T20) ഇന്ത്യയേക്കാളും 16 വിയങ്ങള്‍ ഇന്നും പാകിസ്താനൊപ്പമാണ്. (ഇന്ത്യ 70-പാകിസ്ഥാന്‍ 86)

രണ്ടു രാജ്യങ്ങളായി പിരിഞ്ഞു മത്സരിച്ച കാലംമുതല്‍ എന്നും പാകിസ്ഥാനായിരുന്നു ഇന്ത്യക്കെതിരെ മുന്‍തൂക്കം. ഇന്ത്യക്ക് എന്നും മികച്ച ബാറ്റര്‍മാരുണ്ടായിരുന്നു. അതുപോലെ പാകിസ്താനും. മോശമല്ലാത്ത സ്പിന്നര്‍മാരും ഇരുടീമിലുമുണ്ടായിരുന്നു. പക്ഷെ പാകിസ്ഥാനെ ഇന്ത്യയില്‍ നിന്നും വേറിട്ടുനിര്‍ത്തിയത് അവരുടെ പേസ് ബൗളേഴ്സ് ആയിരുന്നു. ഒരേയൊരു കപിലിനെ മാറ്റിനിര്‍ത്തിയാല്‍ ആ വിഭാഗം ഏറെക്കാലം ഇന്ത്യക്കു ശുഷ്‌കമായിരുന്നു. ഏറെ വിജയങ്ങളും പാകിസ്താനൊപ്പം നിന്നത് ഈ അതിവേഗക്കാരുടെ കഴിവിലായിരുന്നു. എന്നിട്ടും, ആ പുഷ്‌ക്കല കാലത്തുപോലും ഒരു ലോകകപ്പ് വേദിയില്‍ ഇന്ത്യയെ വീഴ്ത്താന്‍ പാക്കിസ്ഥാനായില്ല. ഇപ്പോഴും..

ഇന്ത്യയും പാകിസ്താനും എന്നേറ്റുമുട്ടിയാലും ആരാധകര്‍ക്കും ടീമിനും സമ്മര്‍ദ്ദമാണ്. ലോകകപ്പ് ആവുമ്പോള്‍ രസമാപിനി വീണ്ടും ഉയരുന്നു. സമ്മര്‍ദ്ദം അതിന്റെ ഉച്ചകോടിയിലാവും . എന്നിട്ടും ഇന്ത്യ മാത്രം ജയിക്കുന്നു… എന്താവും കാരണം..

ഒരു പരിധിവരെ ഇന്ത്യ നന്ദി പറയേണ്ടത് അവിടുത്തെ താരങ്ങളോടും മുന്‍താരങ്ങളോടുമാണ്. ഒപ്പം അവിടുത്തെ മീഡിയകളോടും.. ഓരോ പ്രധാന മത്സരങ്ങള്‍ക്കുമുമ്പും എല്ലാക്കാലത്തും അവരെല്ലാവരും തന്നെ സ്വന്തം ടീമിനെ സമ്മര്‍ദ്ദത്തിലാക്കാറുണ്ട്. സ്ഥാനത്തും അസ്ഥാനത്തുമുള്ള വെല്ലുവിളികളിലൂടെയും വീമ്പുപറച്ചിലുകളിലൂടെയും അത് കാലാകാലങ്ങളായി തുടരുന്നു.

ഇത്തവണ ക്യാപ്റ്റന്‍ ബാബര്‍ അസമം തന്നെ അതിനു തുടക്കമിട്ടു. . റസാഖു മുതല്‍ അക്തര്‍ തുടങ്ങിയവര്‍ അതേറ്റെടുത്തിട്ടുണ്ട്. ഇല്ല,.. ഇന്ത്യയുടെ ഭാഗത്തുനിന്നും പ്രകോപനങ്ങള്‍ ഇതുവരെയുണ്ടായിട്ടില്ല. ക്യാപ്റ്റന്‍ കോഹ്ലി പറഞ്ഞത് ഒരേയൊരു കാര്യം മാത്രം. ഈ മാച്ച് ഞങ്ങള്‍ക്ക് മറ്റേതൊരു മാച്ചിനെയും പോലെ..! വെല്‍ഡണ്‍ കോഹ്ലി, കളിയെ കളിയായി മാത്രം കണ്ടതിന്. ഇരു ടീമുകളെയും വേര്‍തിരിക്കുന്നത് ഇതൊക്കെ തന്നെയാണ്.

ഒരു മാച്ചില്‍ കളിക്കുന്ന എല്ലാ പാകിസ്ഥാന്‍ കളിക്കാരെയും മനപാഠമായിരുന്ന കാലത്ത് നിന്നും ഒരു ബാബറിലേക്കും റിസ്വാനിലേക്കും ഷഹീനിലേക്കും പിന്നെ ഹഫീസും ഒക്കെയായി പാക്കിസ്താന്‍ ടീം നമുക്ക് ചുരുങ്ങുകയാണ്. അവരുമായി നാം കളിക്കാത്തതൊരു കാരണമായിരിക്കാം. എന്നാലും എവര്‍ഗ്രീന്‍ പാകിസ്ഥാന്‍ ടീമുകളെ നാമൊക്കെ എന്നുമോര്‍ക്കുന്നു. പാകിസ്താനിത് മോശം കാലമായിരിക്കാം. എന്നാലും അപ്രവചനീയത കൂടപ്പിറപ്പായ ഒരു ടീമിനെ എങ്ങനെ എഴുതി തള്ളാനാവും..!

അതേ, ഇത് കളിയാണ്..
നന്നായി കളിക്കുന്നവര്‍ ജയിക്കട്ടെ…

GOOD LUCK ‘INDIA, PAKISTHAN ‘

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

You Might Also Like