നാണംകെട്ട് പാകിസ്ഥാന്‍, ഇന്ത്യയോട് പടുകൂറ്റന്‍ തോല്‍വി, കുല്‍ദീപ് എറിഞ്ഞിട്ടു

Image 3
CricketCricket News

ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. 228 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 357 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ പാകിസ്ഥാന്‍ 32 ഓവറില്‍ എട്ട് വിക്കറ്റിന് 128 റണ്‍സ് എന്ന നിലയില്‍ കീഴടങ്ങുകയായിരുന്നു.

പാകിസ്ഥാന് ഒരവസരം പോലും കൊടുക്കാത്ത വിധം തകര്‍പ്പന്‍ ബൗളിംഗ പ്രകടനം കാഴ്ച്ചവെച്ച ഇന്ത്യന്‍ ബൗളര്‍മാരാണ് നീലപ്പടയ്ക്ക് കൂറ്റന്‍ ജയം സമ്മാനിച്ചത്. ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് എട്ട് ഓവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി. ജസ്പ്രിത് ഭുംറയും ഹാര്‍ദ്ദിക്ക് പാണ്ഡ്യയും ഷാര്‍ദുല്‍ താക്കൂറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

പാകിസ്ഥാനായി ഒരാളും പൊരുതിയില്ല. 50 പന്തില്‍ 27 റണ്‍സെടുത്ത ഫഖര്‍ സമാനാണ് ടോപ് സ്‌കോറര്‍. അഗ സല്‍മാനും ഇഫ്ത്തിഖാര്‍ അഹമ്മദും 23 റണ്‍സെടുത്തു. ബാബര്‍ അ്‌സം 10 റണ്‍സെടുത്തും റിസ്വാന്‍ രണ്ട് റണ്‍സെടുത്തും പുറത്തായി. ഇമാമുല്‍ ഹഖ് (9), ഷാദാബ് ഖാന്‍ (6), ഫഹീം അഷ്‌റഫ് (4), ഷഹീന്‍ അഫ്രീദി (7*) എന്നിങ്ങനെയാണ് മറ്റ് പാക് ബാറ്റര്‍മാരുടെ പ്രകടനം.

ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്കായി വിരാട് കോഹ്ലിയുടേയും കെഎല്‍ രാഹുലിന്റേയും തകര്‍പ്പന്‍ സെഞ്ച്വറി മികവില്‍ 50 ഓവറില്‍ വെറും രണ്ട് വിക്കറ്റ് മികവിലാണ് നീലപ്പട 356 റണ്‍സിലെത്തിയത്. റിസര്‍വ്വ് ഡേയായ തിങ്കളാഴ്ച്ച പാകിസ്ഥാന ഇന്ത്യയുടെ ഒരു വിക്കറ്റ് പോലും നേടാനായില്ല.

ഇന്ത്യയ്ക്കായി വിരാട് കോഹ്ലി 94 പന്തില്‍ ഒന്‍പത് ഫോറും മൂന്ന് സിക്സും സഹിതം വിരാട് കോഹ്ലി പുറത്താകാതെ 122 റണ്‍സ്് നേടി. കോഹ്ലിയും 47ാം ഏകദിന സെഞ്ച്വറിയും 77ാം അന്താരാഷ്ട്ര സെഞ്ച്വറിയുമാണിത്. ആറ് മാസത്തിന് ശേഷം കളത്തിലേക്ക് തിരിച്ചെത്തിയ രാഹുല്‍ ആകട്ടെ 106 പന്തില്‍ 12 ഫോറും രണ്ട് സിക്സും സഹിതം പുറത്താകാതെ 111 റണ്‍സും നേടി. ഇരുവരും മൂന്നാം വിക്കറ്റില്‍ അഭേദ്യമായി 232 റണ്‍സ് കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്.

ആദ്യ ദിനം അര്‍ധ സെഞ്ച്വറി നേടിയ നായകന്‍ രോഹിത് ശര്‍മ (56), ശുഭ്മാന്‍ ഗില്‍ (58) എന്നിവരാണ് പുറത്തായത്. രോഹിത് 49 പന്തില്‍ ആറ് ബൗണ്ടറിയും നാല് സിക്സും സഹിതമാണ് 56 റണ്‍സെടുത്തത്. ഗില്‍ 52 പന്തില്‍ 10 ബൗണ്ടറിയുടെ അകമ്പടിയോടെയാണ് 58 റണ്‍സെടുത്തത്. ഷഹീന്‍ അഫ്രിദി, ഷദാബ് ഖാന്‍ എന്നിവര്‍ക്കാണ് വിക്കറ്റുകള്‍.

പാകിസ്ഥാനായി പേസര്‍ ഹാരിസ് റൗഫ് പരിക്ക് കാരണം പന്തെറിയാനാകാത്തത് അവര്‍ക്ക് ഇരുട്ടടിയായി. നസീം ഷായ്ക്ക് മത്സരത്തിന് അവസാന ഓവറുകളില്‍ പരിക്കേറ്റത് പാകിസ്ഥാന് കാര്യങ്ങള്‍ പ്രയാസകരമാക്കി.