ഉറങ്ങുന്ന സിംഹം ഉണരുന്നു, ഒമാനി തീരത്ത് ഇന്ത്യന്‍ കൊടുങ്കാറ്റ്, യുവ ഇന്ത്യ കണക്ക് ചോദിക്കുന്നു

Image 3
FootballFootball News

തേഡ് ഐ – കമല്‍ വരദൂര്‍

ഇഗോര്‍ സ്റ്റിമോകും യുവ സംഘവും മോശമാക്കിയില്ല. ആദ്യ പകുതിയില്‍ ഒന്ന് പിറകോട്ട് പോയി. രണ്ടാം പകുതിയില്‍ പക്ഷേ കരുത്തോടെ തിരിച്ചെത്തി. പെനാല്‍ട്ടി രക്ഷപ്പെടുത്തി ആദ്യ പകുതിയില്‍ ഗോള്‍ക്കീപ്പര്‍ അമരീന്ദര്‍ സിംഗും സുന്ദരമായ ഗോളിലുടെ രണ്ടാം പകുതിയില്‍ മന്‍വീര്‍ സിംഗും മധ്യനിരയിലെ വേഗ അസ്ത്രമായി ബിപിന്‍സിംഗും കസറിയപ്പോള്‍ ഇന്തൃ-ഒമാന്‍ സൗഹൃദ പോരാട്ടം 1-1 ല്‍ അവസാനിച്ചു.

15 മാസത്തിന് ശേഷമായിരുന്നു ഇന്ത്യ രാജ്യാന്തര ഫുട്ബോളില്‍ ഇന്നലെ പന്ത് തട്ടിയത്. കോവിഡ് ബാധിതനായി നാട്ടില്‍ ചികില്‍സയില്‍ കഴിയുന്ന നായകന്‍ സുനില്‍ ഛേത്രിയുടെ അഭാവത്തില്‍ കോച്ച് ഇഗോര്‍ സ്റ്റിമോക് ആറ് യുവതാരങ്ങള്‍ക്ക്് അവസരം നല്‍കിയപ്പോള്‍ ആദ്യ പകുതിയില്‍ ടീം അവിസ്മരണീയ പ്രകടനം നടത്തി. പക്ഷേ സനയുടെ കാലില്‍ തട്ടി വലയില്‍ കയറിയ സെല്‍ഫ് ഗോള്‍ മാത്രമായിരുന്നു ആദ്യ 45 മിനുട്ടിലെ ടീമിന്റെ നഷ്ടം.

നാലാം മിനുട്ടില്‍ തന്നെ ഒമാന്‍ ഇന്ത്യയെ ഞെട്ടിച്ചു. അബ്ദുള്‍ അസീസ് അല്‍ മഖ്ബാലി ഇന്ത്യന്‍ ഡിഫന്‍സിനെ മറികടന്ന് പെനാല്‍ട്ടി ബോക്സിലെത്തി അംജാദ് അല്‍ ഹര്‍ത്തിയുടെ ക്രോസ് മനോഹരമായി കണക്റ്റ് ചെയ്തിരുന്നു. പക്ഷേ പന്ത് പുറത്തേക്കായിരുന്നു. 12-ാം മിനുട്ടിലായിരുന്നു ഇന്ത്യയുടെ ആദ്യ അവസരം. കന്നി രാജ്യാന്തര മല്‍സരം കളിക്കുന്ന ബിപിന്‍ സിംഗിലുടെയാണ് പന്ത് ഒമാന്‍ ബോക്സിലെത്തിയത്.

വലത് വിംഗിലുടെ കയറിയ ബിപിന്‍ മന്‍വീറിനെ ലക്ഷ്യമാക്കി നല്‍കിയ ക്രോസ് ഏ.ടി.കെ മോഹന്‍ ബഗാന്‍ താരം മനോഹരമായി ഗോളിലേക്ക് മറിച്ചെങ്കിലും കോര്‍ണര്‍ കിക്കിന് വഴങ്ങി ഒമാന്‍ രക്ഷപ്പെടുത്തി. കോര്‍ണര്‍ കിക്കില്‍ നിന്നും ഉയര്‍ന്ന പന്ത് ഹെഡ് ചെയ്യാന്‍ സന്ദേശ് ജിങ്കാന് അവസരമുണ്ടായിരുന്നു. പക്ഷേ പന്ത് അദ്ദേഹം പ്രതീക്ഷിച്ച ഉയരത്തില്‍ ലഭിച്ചില്ല. ഒമാന്‍ നിരയിലെ വേഗക്കാരന്‍ മുഹമ്മദ് അല്‍ ഗാഫ്രി 15-ാം മിനുട്ടില്‍ ഇന്ത്യന്‍ ഗോള്‍ക്കീപ്പര്‍ അമരീന്ദറിനെ ഞെട്ടിച്ചു.

28-ാം മിനുട്ടില്‍ ഇന്ത്യ പെനാല്‍ട്ടി വഴങ്ങി. റൗളിംഗ് ബോര്‍ജസ് ഒമാന്‍ മുന്‍നിരക്കാരന്‍ അബ്ദുള്‍ അസീസ് അല്‍ മഖ്ബാലിയെ വീഴ്ത്തിയപ്പോള്‍ റഫറി സ്പോട്ട് കിക്ക് വിധിച്ചു. പക്ഷേ മഖ്ബാലി തന്നെ പായിച്ച ഷോട്ട് തന്റെ വലത് ഭാഗത്തേക്ക് ഡൈവ് ചെയ്ത് അമരീന്ദര്‍ രക്ഷപ്പെടുത്തി. ഒന്നാം പകുതിയില്‍ ഗോള്‍ പിറക്കില്ല എന്നാണ് കരുതിയത്. പക്ഷേ അവസാനത്തില്‍ നിര്‍ഭാഗ്യം ഇന്ത്യയെ പിടികൂടി. ഒമാന്‍ മധ്യനിരക്കാരന്‍ അഗ്ബാരി പന്തുമായി ഇന്ത്യന്‍ ബോക്സിന് സമീപമെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ നീളന്‍ ക്രോസ് ക്ലിയര്‍ ചെയ്യാന്‍ ചിനഗല്‍ സന ശ്രമിച്ചപ്പോള്‍ പന്ത് അമരീന്ദറിന്റെ ദേഹത്ത് തട്ടി വലയില്‍ കയറി.

രണ്ടാം പകുതിയില്‍ ഇന്ത്യ രണ്ട്് മാറ്റം വരുത്തി. ജാക്സണ്‍ സിംഗ്, റൗളിംഗ് ബോര്‍ജസ് എന്നിവര്‍ക്ക്് പകരം അപുയ, റായ്നര്‍ ഫെര്‍ണാണ്ടസ് എന്നിവരെത്തി. 56-ാം മിനുട്ടില്‍ ഇന്ത്യ സമനില നേടി. മുംബൈ സിറ്റി എഫ്.സിയുടെ മിന്നും താരം ബിപിന്‍ സിംഗായിരുന്നു ഗോളിന്റെ ശില്‍പ്പി. വലത് വിംഗില്‍ ഒമാന്‍ ഡിഫന്‍സിന് തലവേദനയായി മാറിയ ബിപിന്‍ അതിമനോഹരമായി നീട്ടി നല്‍കിയ ക്രോസിന് തല വെക്കുമ്പോള്‍ മന്‍വീര്‍ സിംഗിന് സമീപം ആരുമുണ്ടായിരുന്നില്ല. പന്ത് ഒമാന്‍ ഗോള്‍ക്കീപ്പറെ കീഴ്പ്പെടുത്തി വലയില്‍ കയറി. പിറകെ ആകാശ് മിശ്രക്ക്് പകരം മന്ദര്‍റാവു ദേശായിയെ ഇറക്കി ഇഗോര്‍ സ്റ്റിമോക് ആക്രമണ മുന്നറിയിപ്പ് നല്‍കി. വിജയിക്കാനായി രണ്ടും മറന്ന് ഒമാന്‍ക്കാര്‍ ആക്രമണത്തിന് ശക്തികൂട്ടിയപ്പോള്‍ ഇന്ത്യ പ്രതിരോധത്തിലേക്ക് പോയില്ല.

കടപ്പാട്: ചന്ദ്രിക ദിനപത്രം