ഇന്ത്യന്‍ താരം പരിക്കേറ്റ് പുറത്ത്, പകരക്കാരനായി സഞ്ജു വരുമോ

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുളള ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റം ഉറപ്പായി. കൈക്കുഴക്ക് പരിക്കേറ്റ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദ് കിവീസിനെതിരെ ടി20 പരമ്പര കളിയ്ക്കില്ല. ടി20 പരമ്പരക്കായി ഇന്ന് റാഞ്ചിയില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരേണ്ടതായിരുന്നെങ്കിലും കൈക്കുഴക്ക് പരിക്കേറ്റ ഗെയ്ക്വാദ് തുടര്‍ചികിത്സകള്‍ക്കായി ബംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണുളളത്.

ഇതോടെ റുതുരാജിന്റെ പകരക്കാരനെ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വര്‍ഷം ശ്രീലങ്കക്കെതിരെ നടന്ന ടി20 പരമ്പരയും കൈക്കുഴക്കേറ്റ പരിക്കിനെ തുടര്‍ന്ന് റുതുരാജിന് നഷ്ടമായിരുന്നു.

റുതുരാജിന്റെ പകരക്കാരനായി മലയാളി താരം സഞ്ജു സാംസണ്‍ വരുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ കാല്‍ മുട്ടിലെ പരിക്കിനുള്ള തുടര്‍ ചികിത്സകള്‍ക്ക് വിധേയനായ സഞ്ജു ഇപ്പോള്‍ കൊച്ചിയിലാണ് ഉളളത്. കൊച്ചിയില്‍ കെസിഎ ഏര്‍പ്പെടുത്തിയ ഫിസിയോതെറാപ്പിക്ക് വിധേയനാകുകയാണ്. ഇന്ത്യന്‍ ടീമിലേക്ക് വിളി എത്തിയാല്‍ സഞ്ജു ഉടന്‍ റാഞ്ചിയിലെത്തും.

ഇഷാന്‍, കിഷനും ശുഭ്മാന്‍ ഗില്ലും പൃഥ്വി ഷായും അടക്കമുള്ള ഓപ്പണര്‍മാര്‍ ടീമിലുള്ളതിനാല്‍ റുതുരാജിന്റെ പരിക്ക് ഇന്ത്യക്ക് വലിയ വെല്ലുവിളിയായേക്കില്ലെന്നാണ് സൂചന.

27ന് റാഞ്ചിയിലാണ് ടി20 പരമ്പരയിലെ ആദ്യ മത്സരം. 29ന് ലഖ്‌നൗവില്‍ രണ്ടാം മത്സരവും ഫെബ്രുവരി ഒന്നിന് അഹമ്മദാബാദില്‍ മൂന്നാം മത്സരവും നടക്കും.ഏകദിന പരമ്പര തൂത്തുവാരിയെത്തുന്ന ടീമിലെ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയാണ് ഇന്ത്യ ടി20 പരമ്പരക്ക് ഇറങ്ങുന്നത്.

ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: Hardik Pandya (Captain), Suryakumar Yadav (vice-captain), Ishan Kishan (wk), Shubman Gill, Deepak Hooda, Rahul Tripathi, Jitesh Sharma (wk), Washington Sundar, Kuldeep Yadav, Yuzvendra Chahal, Arshdeep Singh, Umran Malik, Shivam Mavi, Prithvi Shaw, Mukesh Kumar

 

You Might Also Like