മൂന്നാം ദിനം സ്പിന്‍ ആക്രമണത്തില്‍ വീണത് കിവീസിന്റെ കണ്ണിര്, തിരിച്ചടി തുടങ്ങി ന്യൂസിലന്‍ഡ്

കാണ്‍പൂര്‍ ടെസ്റ്റില്‍ മൂന്നാം ദിനം മേധാവിത്വം തിരിച്ച് പിടിച്ച് ടീം ഇന്ത്യ. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 345 റണ്‍സിന് മറുപടിയായി ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിംഗ്‌സ് പോരാട്ടം 296 റണ്‍സിന് അവസാനിച്ചു. ഇതോടെ നാല്‍പത്തിയഞ്ച് റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് ഇന്ത്യ നേടിയത്.

മറുപടി ബാറ്റിംഗിനിങ്ങിയ ടീം ഇന്ത്യയ്ക്ക് 14 റണ്‍സിനിടെ ഒരു വിക്കറ്റ് നഷ്ടമായി. ഇതോടെ മത്സരം രണ്ട് ദിവസം അവശേഷിക്കെ 63 റണ്‍സിന് മുന്നിലാണ് ടീം ഇന്ത്യ.

രണ്ടാം ഇന്നിംഗ്‌സില്‍ ടീം സ്‌കോര്‍ രണ്ടില്‍ നില്‍ക്കെ ഒരു റണ്‍സെടുത്ത ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. നാല് റണ്‍സെടുത്ത മായങ്ക് അഗര്‍വാളും ഒന്‍പത് റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയുമാണ് ക്രീസില്‍. കെയ്ല്‍ ജാമിസണാണ് വിക്കറ്റ്.

നേരത്തെ അഞ്ച് വിക്കറ്റ് സ്വന്തമാക്കിയ അക്‌സര്‍ പട്ടേലിന്റെ മികവിലാണ് ഇന്ത്യ ന്യൂസിലന്‍ഡിനെ 296 റണ്‍സില്‍ ഒതുക്കിയത്. 34 ഓവറില്‍ 62 റണ്‍സ് വഴങ്ങിയാണ് അക്‌സര്‍ പട്ടേല്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. രവിചന്ദ്ര അശ്വിന്‍ മൂന്നും ജഡേജയും ഉമേശ് യാദവും ഒരു വിക്കറ്റ് വിതവും വീഴ്ത്തി.

മൂന്നാംദിനം ഗംഭീര തിരിച്ചുവരവ് നടത്തി ടീം ഇന്ത്യ നടത്തിയത്. വിക്കറ്റ് നഷ്ടമില്ലാതെ 151 എന്ന ശക്തമായ നിലയിലായിരുന്നു കിവീസ്. എന്നാല്‍ കേവലം 145 റണ്‍സെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. ഓപ്പണര്‍മാരായ ടോം ലാഥം (95), വില്‍ യംഗ് (89) എന്നിവരൊഴികെ മറ്റാര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല.

വിക്കറ്റ് നഷ്ടമില്ലാതെ 129 എന്ന നിലയിലാണ് ന്യൂസിലന്‍ഡ് മൂന്നാദിനം ആരംഭിച്ചത്. എന്നാല്‍ 21 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ആദ്യ വിക്കറ്റ് ന്യൂസിലന്‍ഡിന് നഷ്ടമായി. യംഗിനെ അശ്വിന്‍ വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരതിന്റെ കൈകളിലെത്തിച്ചു. 15 ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു യംഗിന്റെ ഇന്നിംഗ്സ്. പിന്നാലെ ക്രീസിലെത്തിയ ക്യാപ്്റ്റന്‍ കെയ്ന്‍ വില്യംസണ് അധികനേരം പിടിച്ചുനില്‍ക്കാനായില്ല. ലഞ്ചിന് തൊട്ടുമുമ്പുള്ള വില്യംസണ്‍ മടങ്ങി. ഉമേഷിന്റെ പന്തില്‍ വില്യംസണ്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി.

വില്യംസണ്‍ മടങ്ങിയ ശേഷം കിവീസ് ബാറ്റര്‍ക്ക് നിലയുറപ്പിക്കാനായില്ല. അക്സറിന്റെ മൂന്ന് വിക്കറ്റ് പ്രകടനം സന്ദര്‍ശകരുടെ നടുവൊടിച്ചു. പരിചയസമ്പന്നനായ റോസ് ടെയ്ലറേയാണ് (11) അക്സര്‍ ആദ്യം മടക്കിയത്. വിക്കറ്റ് കീപ്പര്‍ ഭരതിന് ക്യാച്ച്. തുടര്‍ന്ന് ക്രീസിലെത്തിയ ഹെന്റി നിക്കോള്‍സിന് ഒമ്പത് പന്ത് മാത്രമായിരുന്നു ആയുസ്. രണ്ട് റണ്‍സെടുത്ത താരത്തെ അക്സര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. അടുത്ത് ലാഥത്തിന്റെ ഊഴമായിരുന്നു. ക്രീസില്‍ നിന്നിറങ്ങി കളിക്കാന്‍ ശ്രമിച്ച ലാഥത്തിന് പിഴച്ചു. അക്സറിന്റെ പന്തില്‍ ഭരത് അനായാസം സ്റ്റംപ് ചെയ്ത് പുറത്താക്കി. 10 ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു ലാഥത്തിന്റെ ഇന്നിംഗ്സ്. 13 റണ്‍സെടുത്ത അരങ്ങേറ്റക്കാരന്‍ രചിന്‍ രവീന്ദ്രയെ ജഡേജ ബൗള്‍ഡാക്കി.

55 റണ്‍സെടുക്കുന്നതിനിടെ വാലറ്റത്തെ നാല് വിക്കറ്റും ന്യൂസിലന്‍ഡിന് നഷ്ടമായി. ടോം ബ്ലണ്ടലിനെ (13) അക്സര്‍ ബൗള്‍ഡാക്കി. സൗത്തിയും (5) അതേ രീതിയില്‍ മടങ്ങി. കെയ്ന്‍ ജെയ്മിസണിനെ (23) അശ്വിന്‍ അക്സറിന്റെ കൈകളിലെത്തിച്ചു. വില്യം സോമര്‍വില്ലയെ (5) പുറത്താക്കി അശ്വിന്‍ മൂന്ന് വിക്കറ്റ് പൂര്‍ത്തിയാക്കി. രവീന്ദ്ര ജഡേജ, ഉമേഷ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് പങ്കിട്ടു.

You Might Also Like