ഞെട്ടിച്ചവരും നിരാശപ്പെടുത്തിയവരും, ഇന്ത്യന്‍ നായകനിതെന്ത് പറ്റി?

കെ നന്ദകുമാര്‍

മൂന്നാം ടെസ്റ്റിലെ വിജയത്തില്‍ നിന്ന് വ്യത്യസ്തമായി ഈ ടെസ്റ്റിലെ വിജയം കൂടുതല്‍ സന്തോഷം തരുന്നു. നാലാം ടെസ്റ്റിലെ പിച്ചും സ്പിന്നിന് അനുകൂലമായിരുന്നു. പക്ഷെ കഴിഞ്ഞ ടെസ്റ്റിന്റെ അത്രയും ബുദ്ധിമുട്ടുണ്ടായിരുന്നില്ല ബാറ്റ് ചെയ്യാന്‍. പ്രതിഭയുള്ളവര്‍ക്ക് പിടിച്ചു നിന്ന് റണ്‍സ് നേടാന്‍ സാധിക്കുന്ന പ്രതലം ആയിരുന്നു ഇതെന്ന് നമ്മുടെ ചുണക്കുട്ടികള്‍ തെളിയിച്ചു.

ഹോം ടീമിന് അനുകൂലമായി പിച്ച് നിര്‍മിക്കുന്നതില്‍ തെറ്റൊന്നുമില്ല. പക്ഷെ ഹോം ടീമിനെങ്കിലും അവിടെ റണ്‍സ് നേടാന്‍ സാധിക്കണം. ഇംഗ്ലണ്ട് നേടിയ 112 നു എതിരെ ഇന്ത്യ 145 നു ഓള്‍ ഔട്ട് ആകുന്നു. സെക്കന്റ് ഇന്നിങ്‌സില്‍ വീണ്ടും അവര്‍ തകര്‍ന്ന് 81 പുറത്താകുന്നു. ഇന്ത്യ വിക്കറ്റ് പോകാതെ 49 നേടിയത് ഉയര്‍ത്തിക്കാട്ടി(രോഹിതിന്റെ 66 & 25 നെയും) പിച്ചിനെ അനുകൂലിക്കേണ്ടി വരുന്നത് ഒരു നല്ല ലക്ഷണമായിരുന്നില്ല. ഇവിടെ, മധ്യനിര ആയിരുന്നെങ്കില്‍ പോലും നന്നായി ബാറ്റ് ചെയ്ത് ഇന്ത്യക്ക് മാന്യമായ സ്‌കോര്‍ സമ്മാനിച്ചു. അതുകൊണ്ട് തന്നെ ഈ വിജയം കുറേക്കൂടി സംതൃപ്തി നല്‍കുന്നു.

ഋഷഭ് പന്തിനെക്കുറിച്ച് എഴുതാന്‍ വാക്കുകള്‍ കിട്ടുന്നില്ല. വെറും 23 വയസുള്ള ഒരു പയ്യനില്‍ നിന്ന് പ്രതീക്ഷിക്കാവുന്നതിനും അപ്പുറത്താണ് പന്തിന്റെ പ്രകടനം. 146 / 6 എന്ന നിലയില്‍ തകര്‍ന്ന ടീമിനെ എത്ര ഉത്തരവാദിത്തത്തോടു കൂടിയാണ് പന്ത് ലീഡിലേക്ക് എത്തിച്ചത്. ഒരുപാട് എഴുതുന്നില്ല. ഈ അടുത്ത കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ലഭിച്ച ഏറ്റവും വലിയ ഭാഗ്യമാണ് പന്ത്.

2016 – 17 കാലയളവിലാണ് ഒരു 18 വയസുകാരന്‍ തമിഴ്‌നാട് ടീമില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കുന്നു എന്ന വാര്‍ത്ത പുറം ലോകം കേട്ട് തുടങ്ങിയത്. ആദ്യ സീസണില്‍ തന്നെ ആ പയ്യന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 532 റണ്‍സ് അടിച്ചെടുത്തു എന്നത് വലിയൊരു വാര്‍ത്തയായിരുന്നു. പയ്യന്റെ പേരില്‍ തന്നെ ഒരു വ്യത്യസ്തത ഉണ്ടായിരുന്നു. വാഷിംഗ്ടണ്‍ സുന്ദര്‍. ഇന്ത്യന്‍ ടീമില്‍ ഏകദിനത്തില്‍ തുടക്കം കുറിച്ചെങ്കിലും മികവ് കാണിക്കാനായില്ല. അമ്പാട്ടി റായുഡുവിനെപ്പോലെ, സമീര്‍ ദിഗേയെപ്പോലെ, ഉന്മുക്ത് ചന്ദിനെപ്പോലെ ആളിക്കത്തി അണഞ്ഞു പോയ കളിക്കാരുടെ ലിസ്റ്റിലേക്ക് സുന്ദറും പോകും എന്നാണ് കരുതിയത്. പക്ഷെ, ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഇന്ത്യന്‍ ലോവര്‍ മിഡില്‍ ഓര്‍ഡറിന് അങ്ങേയറ്റം ശക്തി പകര്‍ന്നു തന്നു കഴിഞ്ഞു സുന്ദര്‍. നിശബ്ദനായി, അമിത ആവേശ പ്രകടനങ്ങള്‍ ഇല്ലാതെ തന്റെ ജോലി ചെയുന്നു സുന്ദര്‍. ഇന്ന് സെഞ്ചുറി നഷ്ടപ്പെട്ടപ്പോഴും ആ മുഖത്ത് പ്രത്യേകിച്ചൊരു ഭാവഭേദവും ഉണ്ടായിരുന്നില്ല. രവീന്ദ്ര ജഡേജ ടീമിലേക്ക് തിരിച്ചു വരുമ്പോള്‍ എങ്ങനെ സുന്ദറിനെ മാറ്റി നിര്‍ത്തി ടീം മാനേജ്മന്റ് പ്ലെയിങ് 11 തീരുമാനിക്കും എന്നത് കാണേണ്ടിയിരിക്കുന്നു.

ഒരേ ടെസ്റ്റില്‍ തന്നെ ഏഴാം വിക്കറ്റിലും എട്ടാം വിക്കറ്റിലും സെഞ്ചുറി പാര്‍ട്ണര്‍ഷിപ്പുകള്‍ മറ്റേതെങ്കിലും ടീം നേടിയിട്ടുണ്ടോ? സംശയമാണ്. എന്റെ അറിവില്‍ ഇല്ല. ഇവരെപ്പോലെയുള്ള മികച്ച താരങ്ങളെ വളര്‍ത്തിക്കൊണ്ടു വരാനുള്ള സാഹചര്യം ഒരുക്കിയതിനു ബിസിസിഐ തീര്‍ച്ചയായും കയ്യടി അര്‍ഹിക്കുന്നു. എത്ര അഴിമതിയും പക്ഷപാതവുമൊക്കെ ആരോപിച്ചാലും, ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികള്‍ ഇന്ത്യന്‍ ക്രിക്കറ്റിനു ഗുണം ചെയ്തു എന്നത് കാണാതിരിക്കാന്‍ ആവില്ല.
അരങ്ങേറ്റ പരമ്പരയില്‍ തന്നെ 3 ടെസ്റ്റുകളില്‍ നിന്നായി 27 വിക്കറ്റുകള്‍ നേടുക, അതില്‍ തന്നെ 5 വിക്കറ്റ് നേട്ടം നാലു തവണ. സ്വപ്ന തുല്യമായ അരങ്ങേറ്റമാണ് അക്‌സര്‍ പട്ടേല്‍ നടത്തിയിരിക്കുന്നത്. സ്പിന്നിന് അനുകൂലമായി പിച്ചുകള്‍ നിര്‍മിച്ചു എന്നത് സമ്മതിച്ചാല്‍ തന്നെ, ഒരു തുടക്കക്കാരന്‍ അത് മുതലെടുത്തു വിക്കറ്റുകള്‍ വാരിക്കൂട്ടണമെങ്കില്‍ അയാള്‍ക്ക് കഴിവുണ്ട് എന്ന് അംഗീകരിച്ചേ പറ്റൂ.

വിരാട് കോഹ്ലിക്ക് ഇതെന്തു പറ്റി. ആ ബാറ്റില്‍ നിന്ന് ഒരു സെഞ്ചുറി പിറക്കുന്നത് കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. തിരിച്ചു വരൂ രാജാവേ. ഞങ്ങളുടെ ക്ഷമ നശിക്കുന്നു. ഫ്രസ്‌ട്രേറ്റഡ് ആകുന്നു. മുന്‍നിരയില്‍ രോഹിത് മാത്രമേ മികവ് പുലര്‍ത്തിയുള്ളു. രണ്ടു അര്‍ദ്ധ സെഞ്ചുറി നേടിയെങ്കിലും കൊഹ്ലിയില്‍ നിന്ന് ഇതിലും കൂടുതല്‍ നമ്മള്‍ പ്രതീക്ഷിക്കുന്നു. വേള്‍ഡ് ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനല്‍ ആകുമ്പോഴേക്കും നമ്മുടെ ടീമിലെ എല്ലാവരും ഫോമിലെത്തും എന്ന് ഉറച്ചു വിശ്വസിക്കുന്നു.

അര്‍ഹിച്ച മാന് ഓഫ് ദി സീരീസ് പുരസ്‌കാരമാണ് അശ്വിന് ലഭിച്ചത്. ബോള് കൊണ്ട് മാത്രമല്ല ബാറ്റ് കൊണ്ടും ടീമിന് ഒരു മുതല്‍ക്കൂട്ടായി അശ്വിന്‍.

കാത്തിരിക്കാം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ വാശിയേറിയ ഫൈനല്‍ പോരാട്ടത്തിനായി.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

 

You Might Also Like