ഏകദിന പരമ്പര ‘ജയിലില്‍’, നിര്‍ണ്ണായക തീരുമാനം പ്രഖ്യാപിച്ച് ബിസിസിഐ

ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പര അടച്ചിട്ട സ്റ്റേഡിയത്തിലാകും നടക്കുക. ഏകദിന പരമ്പരയില്‍ കാണികളെ പ്രവേശിപ്പിക്കേണ്ടെന്ന് ബിസിസിഐ തീരുമാനിച്ചു. മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന പശ്ചാത്തലത്തിലാണ് ബിസിസിഐയുടെ തീരുമാനം.

ടെസ്റ്റ് പരമ്പരക്കും ടി20 പരമ്പരക്കും ശേഷം നടക്കുന്ന ഏകദിന പരമ്പരക്ക് മഹാരാഷ്ട്രയിലെ പൂനെ ആണ് വേദിയാവുന്നത്.

എന്നാല്‍ ഇംഗ്ലണ്ട് ടീമിന് നാട്ടിലേക്ക് തിരിച്ചുപോവുന്നതിനുള്ള സൗകര്യാര്‍ത്ഥം ഏകദിന പരമ്പരയിലെ അവസാന മത്സരം പൂനെയില്‍ നിന്ന് മുംബൈയിലേക്ക് മാറ്റണോ എന്ന കാര്യത്തില്‍ ബിസിസിഐ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡുമായി ആലോചിച്ചശേഷമെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കു.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന നാലാം ടെസ്റ്റിനുശേഷം ഇതേ വേദിയില്‍ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലും ഇന്ത്യ കളിക്കും. ഇതിനുശേഷമാകും ഏകദിന പരമ്പരക്കായി ഇരു ടീമുകളും പൂനെയിലെത്തുക. മൂന്ന് മത്സരങ്ങളാണ് ഏകദിന പരമ്പരയിലുള്ളത്.

മാര്‍ച്ച്, 23, 26, 28 തീയതികളിലാണ് ഏകദിന മത്സരങ്ങള്‍. ഏകദിന പരമ്പരക്ക് മുന്നോടിയായി മഹാരാഷ്ട്രയില്‍ കൊവിഡ് നിയന്ത്രണവിധേയമായില്ലെങ്കില്‍ അഹമ്മദാബാദില്‍ തന്നെ ഏകദിന മത്സരങ്ങളും കളിക്കുന്ന കാര്യവും ബിസിസിഐ പരിഗണനയിലുണ്ട്

You Might Also Like