ഇംഗ്ലണ്ടില്‍ അവശേഷിക്കുന്ന ടെസ്റ്റ് മത്സരം, നിര്‍ണ്ണായക പ്രഖ്യാപനവുമായി ക്രിക്കറ്റ് ബോര്‍ഡുകള്‍

Image 3
CricketCricket News

ഇന്ത്യന്‍ ടീമിലെ സപ്പോര്‍ട്ട് സ്റ്റാഫിന് കൊവിഡ് ബാധിച്ചതുമൂലം നടക്കാതെ പോയ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം നടത്താന്‍ ധരണയായി. അടുത്തവര്‍ഷം ജൂലൈയില്‍ ആണ് ഇരുടീമുകളും ഏറ്റുമുട്ടുക. ഇക്കാര്യത്തില്‍ ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡുകള്‍ തമ്മില്‍ ധാരണയായി.

അടുത്ത വര്‍ഷം ജൂലൈ ഒന്നുമുതലായിരിക്കും ടെസ്റ്റ് നടക്കുകയെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

അടുത്തവര്‍ഷം ഏകദിന, ടി20 പരമ്പരകള്‍ക്കായി ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലെത്തുന്നുണ്ട്. പൂര്‍ത്തിയാകാതെ പോയ പരമ്പരയുടെ ഭാഗമായിരിക്കും ടെസ്റ്റെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. അഞ്ച് മത്സര പരമ്പരയിലെ നാലു മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ 2-1ന് പരമ്പരയില്‍ മുന്നിട്ടു നില്‍ക്കുകയായിരുന്നു.

അടുത്തവര്‍ഷം ജൂലൈയിലാണ് ഏകദിന-ടി20 പരമ്പരകളില്‍ കളിക്കാനായി ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലെത്തുന്നത്. അഞ്ചാം ടെസ്റ്റ് പൂര്‍ത്തിയായ ശേഷമായിരിക്കും മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20യുമുള്ള പരമ്പര തുടങ്ങുകയെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.

അഞ്ചാം ടെസ്റ്റിന് വേദിയാവേണ്ട എഡ്ജ്ബാസ്റ്റണില്‍ തന്നെയാണ് അടുത്തവര്‍ഷം നടക്കുന്ന ടെസ്റ്റും നടക്കുക. സോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗം കൂടിയാണ് ഈ ടെസ്റ്റ്. അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയില്‍ ആവേശകരമായ പര്യവസാനത്തിനാണ് വഴിയൊരുങ്ങിയിരിക്കുന്നതെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പ്രതികരിച്ചു.

ഓള്‍ഡ് ട്രഫോര്‍ഡില്‍ നടക്കേണ്ടിരുന്ന അഞ്ചാം ടെസ്റ്റ് മത്സരം ആരംഭിക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് ഉപേക്ഷിക്കുകയായിരുന്നു. കോച്ച് രവി ശാസ്ത്രി ഉള്‍പ്പെടെ ഇന്ത്യന്‍ സംഘത്തില്‍ നാലു സപ്പോര്‍ട്ട് സ്റ്റാഫുകള്‍ക്ക് പരമ്പരക്കിടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.