കര്‍ഷക സമരത്തെ കുറിച്ച് ടീം മീറ്റിംഗ് ചര്‍ച്ച ചെയ്ത് ടീം ഇന്ത്യ, ഇതാദ്യം

രാജ്യവ്യാപകമായി ആളിപ്പടരുന്ന കര്‍ഷക സമരത്തിന്റെ അലയൊലികള്‍ ഇന്ത്യന്‍ ക്രിക്കറ്റ ടീമിനെയും പിടിച്ചുകുലുക്കുകയാണ്. കര്‍ഷക സമരത്തെ കുറിച്ച് ടീം മീറ്റിംഗില്‍ ചര്‍ച്ച ചെയ്‌തെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി വ്യക്തമാക്കി. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന്റെ തലേന്ന് മാധ്യമങ്ങളെ കണ്ടപ്പോഴാണ് കര്‍ഷക സമരത്തെക്കുറിച്ചും ടീം മീറ്റിംഗില്‍ ചര്‍ച്ച ചെയ്ത കാര്യം കോലി വ്യക്തമാക്കിയത്.

ഇതാദ്യമായാണ് രാജ്യത്ത് നടക്കുന്ന ഒരു പ്രക്ഷോഭത്തെ കുറിച്ച് ഇന്ത്യന്‍ ടീം ചര്‍ച്ച ചെയ്‌തെന്ന് നായകന്‍ തന്നെ സ്ഥിരീകരിക്കുന്നത്. വിഷയത്തില്‍ താരങ്ങള്‍ ഹ്രസ്വമായി സംസാരിച്ചുവെന്ന് പറഞ്ഞ കോലി എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ പറയാന്‍ തയാറായില്ല. ടീം മീറ്റിംഗില്‍ ഇതേക്കുറിച്ച് ഞങ്ങള്‍ സംസാരിച്ചിരുന്നു. എല്ലാവരും അവരുടെ അഭിപ്രായങ്ങള്‍ പറഞ്ഞു. അത്രയുമാണ് നടന്നത്-കോലി പറഞ്ഞു.

നേരത്തെ പിന്തുണച്ചും കര്‍ഷക സമരത്തില്‍ അഭിപ്രായം പറഞ്ഞ വിദേശ സെലിബ്രിറ്റികളെ എതിര്‍ത്തും അനുകൂലിച്ചും നിരവധി ക്രിക്കറ്റ് താരങ്ങള്‍ രംഗത്ത് വന്നിരുന്നു.

പോപ് താരം രിഹാന, സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ട്യൂന്‍ബര്‍ഗ് യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ സദോഹരി പുത്രി മീന ഹാരിസ് തുടങ്ങിയവര്‍ കര്‍ഷക സമരത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തതിന് പിന്നാലെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നടത്തിയ ട്വീറ്റ് വിവാദമായിരുന്നു. പുറത്തുനിന്നുള്ളവര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ അഭിപ്രായം പറയേണ്ടെന്ന സച്ചിന്റെ ട്വീറ്റ് ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

സച്ചിനെ തള്ളി കര്‍ഷക സമരത്തെ പരോക്ഷമായി പിന്തുണച്ച് ഇര്‍ഫാന്‍ പത്താന്‍, സന്ദീപ് പാട്ടീല്‍, മനോജ് തിവാരി എന്നിവര്‍ രംഗത്തെത്തിയപ്പോള്‍ കോഹ്ലിയും രോഹിത്തുമടക്കമുളളവര്‍ തന്ത്രപരമായ നിലപാടാണ് സ്വീകരിച്ചത്.

You Might Also Like