ഈ മാന്യതയെ എന്ത് വിശേഷിപ്പിക്കണം, തോല്‍വിയ്ക്ക് ശേഷം റൂട്ട് പറഞ്ഞ സത്യങ്ങള്‍

രണ്ടാം ടെസ്റ്റ് നടന്ന ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ നിന്ന് പലതും പഠിച്ചതായി രണ്ടാം ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ ജോ റൂട്ട്. തങ്ങളുടെ കുറവുകളെല്ലാം പെട്ടെന്ന് പഠിച്ചെടുക്കേണ്ടതുണ്ടെന്നും കാരണം ഇതുപോലുള്ള സാഹചര്യങ്ങളാവും ഇനി മുന്‍പില്‍ വന്ന് നില്‍ക്കുകയെന്നും ഇംഗ്ലണ്ട് നായകന്‍ പറഞ്ഞു.

കഴിഞ്ഞ കുറച്ച് നാളുകളായി വളരെ നല്ല ക്രിക്കറ്റാണ് ഞങ്ങള്‍ കളിക്കുന്നത്. പ്രതികൂല സാഹചര്യങ്ങളില്‍, വിദേശ സാഹചര്യങ്ങളിലാണ് ഈ ജയങ്ങള്‍ നേടിയത്. എന്നാല്‍ ഈ ഒരാഴ്ച എല്ലാ അര്‍ഥത്തിലും ഞങ്ങള്‍ക്ക് മുകളില്‍ കളിക്കാന്‍ ഇന്ത്യക്കായി, റൂട്ട് പറഞ്ഞു.

ഞങ്ങള്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ ബൗണ്‍സ് ഇവിടെയുണ്ടായി. എങ്ങനെയാണ് ഇന്ത്യ അതിനെ അതിജീവിച്ചത് എന്ന് ഞങ്ങള്‍ നോക്കും. ഇതൊരു പാഠമായി എടുത്ത്, അടുത്ത വട്ടം ഇന്ത്യയേക്കാള്‍ മികച്ച് നില്‍ക്കുന്നു എന്ന് ഉറപ്പാക്കും എന്നും റൂട്ട് പറഞ്ഞു.

പ്രതികൂലമായ വിക്കറ്റായിരുന്നു അത്. ടോസ് നേടുക എന്നത് നിര്‍ണായകമായി. എന്നാല്‍ ടോസിനും വിജയം ഉറപ്പ് നല്‍കാനാവുന്നതായിരുന്നില്ല. ഇതുപോലൊരു പിച്ചില്‍ റണ്‍സ് സ്‌കോര്‍ ചെയ്ത് എങ്ങനെ കൈകാര്യം ചെയ്യാമെന്ന് ഇന്ത്യ കാണിച്ച് തന്നു.

പരമ്പരയില്‍ ഞങ്ങള്‍ക്കിപ്പോഴും ശക്തമായ സാധ്യതകളുണ്ട്. ഈ ടെസ്റ്റിലേക്ക് വരുന്നതിന് മുന്‍പ് തുടരെ മൂന്ന് മികച്ച ടെസ്റ്റുകളാണ് ഞങ്ങള്‍ കളിച്ചത്. ബൗളിങ്ങില്‍ സമ്മര്‍ദം ചെലുത്തിക്കൊണ്ടിരിക്കാനാണ് പ്ലാന്‍ ചെയ്തത്. എന്നാല്‍ അത് ഇതിലും നന്നായി ചെയ്യാമായിരുന്നു.

എങ്ങനെയാണ് സ്ട്രൈക്ക് കൈമാറി കളിക്കേണ്ടത് എന്ന് ഇംഗ്ലണ്ട് ബാറ്റ്സ്മാന്മാര്‍ പഠിക്കേണ്ടതുണ്ട്. കാര്യങ്ങള്‍ പെട്ടെന്ന് പഠിക്കുന്നതില്‍ ഞങ്ങള്‍ മിടുക്കരാണ്. സ്റ്റോക്ക്സിന്റെ കൈകളിലേക്ക് കൂടുതല്‍ ഓവര്‍ നല്‍കാതിരുന്നത് സീം ബൗളിങ്ങിന് ഈ വിക്കറ്റില്‍ വലിയ സാധ്യത ഇല്ലെന്ന് തിരിച്ചറിഞ്ഞതോടെയാണെന്നും റൂട്ട് പറഞ്ഞു.

 

You Might Also Like