എന്തൊരു നിര്‍ഭാഗ്യം, അക്‌സറിന് നഷ്ടമായത് ചരിത്ര നേട്ടം

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ അക്‌സര്‍ പട്ടേലിന് ഒരു അപൂര്‍വ്വ നേട്ടം നഷ്ടം. ആദ്യ ഇന്നിംഗ്‌സില്‍ ഒരു വിക്കറ്റ് കൂടി എടുത്തിരുന്നെങ്കില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ഇന്നിങ്സില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തുന്ന താരമെന്ന റെക്കോഡിനൊപ്പമെത്താന്‍ അക്‌സറിന് ആകുമായിരുന്നു.

എന്നാല്‍ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ നാല് വിക്കറ്റാണ് അക്‌സറിന് നേടാനായത്. 26 ഓവര്‍ എറിഞ്ഞ് 7 മെയ്ഡനടക്കം 68 റണ്‍സ് വഴങ്ങിയാണ് അക്‌സര്‍ നാല് വിക്കറ്റ് പ്രകടനം നടത്തിയത്. സാക്ക് ക്രോളി, ഡോം സിബ്ലി, ഡാന്‍ ലോറന്‍സ്, ഡോം ബെസ്സ് എന്നിവരുടെ വിക്കറ്റാണ് അക്‌സറിന് വീഴ്ത്താനായത്.

നാല് തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ഹര്‍ഭജന്റെ പേരിലാണ് നിലവില്‍ ഈ റെക്കോര്‍ഡ്. മൂന്ന് തവണ ഈ നേട്ടം സ്വന്തമാക്കിയ അക്‌സര്‍ നിലവില്‍ ജവഗല്‍ ശ്രീനാഥിനും എല്‍ ശിവരാമകൃഷ്ണന്റെയും റെക്കോഡിനൊപ്പമാണ്.

ആര്‍ അശ്വിനെ കാത്ത് മറ്റൊരു റെക്കോഡുകൂടി കാത്തിരിക്കുന്നുണ്ട്. രണ്ടാം ഇന്നിങ്സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്താനായാല്‍ സഹീര്‍ ഖാനെ മറികടന്ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ വിക്കറ്റ് നേടുന്ന ഇന്ത്യന്‍ താരങ്ങളില്‍ നാലാമതെത്താന്‍ അശ്വിന് സാധിക്കും.

നാലാം ടെസ്റ്റില്‍ തോല്‍ക്കാതെ നോക്കിയാല്‍ ഇന്ത്യക്ക് ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലില്‍ ഇടം പിടിക്കാനാവും. ഇംഗ്ലണ്ടിന് ജയിച്ചാല്‍ ടെസ്റ്റ് പരമ്പര സമനിലയാക്കാം. എന്നാല്‍ ജയിച്ചാലും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കടക്കാനാവില്ല.

You Might Also Like