ആദ്യ ടെസ്റ്റില്‍ രാഹുല്‍ കളിക്കില്ല, അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഇന്ത്യന്‍ താരം

Image 3
CricketTeam India

ഓസ്‌ട്രേലിയക്കെതിരായ അഡ്‌ലൈഡ് ടെസ്റ്റില്‍ ഇന്ത്യന്‍ നിരയില്‍ കെഎല്‍ രാഹുല്‍ ഉണ്ടാകാനുളള സാധ്യത വിരളമാണെന്ന് മുന്‍ ഇന്ത്യന്‍ താരവും പ്രശസ്ത കമന്റേറ്ററുമായ ആകാശ് ചോപ്ര. ഓസ്ട്രേലിയക്കെതിരെ രണ്ടു സന്നാഹമത്സരങ്ങളിലും താരം പങ്കെടുക്കാത്ത സ്ഥിതിക്ക് കെഎല്‍ രാഹുല്‍ അഡ്ലെയ്ഡ് ടെസ്റ്റില്‍ കളിക്കില്ലെന്നാണ് ചോപ്ര പറയുന്നത്.

ടി-20 പരമ്പരയില്‍ കളിച്ചതുകൊണ്ട് ആദ്യ സന്നാഹമത്സരത്തില്‍ പങ്കെടുക്കാതിരുന്നതിന് താരത്തിന് വ്യക്തമായ കാരണമുണ്ട്. എന്നാല്‍ പകലും രാത്രിയുമായി നടന്ന രണ്ടാമത്തെ സന്നാഹമത്സരത്തില്‍ കെഎല്‍ രാഹുല്‍ കളിക്കണമായിരുന്നെന്നും ചോപ്ര ചൂണ്ടികാണിക്കുന്നു.

എന്നാല്‍ അതുണ്ടായില്ലെന്നും ഇതോടെ രാഹുലിനെ കളിപ്പിക്കാന്‍ ടീം മാനേജ്മെന്റും താത്പര്യം കാട്ടിയില്ലെന്നും ചോപ്ര വ്യക്തമാക്കി.

നിലവില്‍ പൃഥ്വി ഷാ, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ക്കൊപ്പം കെഎല്‍ രാഹുലും ഇന്ത്യയുടെ ഓപ്പണര്‍ തസ്തികയിലേക്ക് പരിഗണനയിലുണ്ട്. കഴിഞ്ഞ 33 ടെസ്റ്റ് മത്സരങ്ങളിലെ കണക്കുകള്‍ നോക്കിയാല്‍ താരത്തിന്റെ ബാറ്റിങ് ശരാശരി 36 റണ്‍സില്‍ എത്തിനില്‍ക്കുന്നു. ഓപ്പണറെന്ന നിലയില്‍ അഞ്ച് സെഞ്ച്വറി പൂര്‍ത്തിയാക്കിയ ചരിത്രവും രാഹുലിനുണ്ട്. ഇതില്‍ത്തന്നെ അഞ്ചില്‍ മൂന്നു സെഞ്ച്വറി പിറന്നതും ഇന്ത്യയ്ക്ക് പുറത്താണ്.

അതുകൊണ്ട് മായങ്ക് അഗര്‍വാളിനൊപ്പം ഇന്ത്യയുടെ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യാന്‍ കെഎല്‍ രാഹുലിന് എല്ലാ യോഗ്യതയുമുണ്ടെന്ന് ആകാശ് ചോപ്ര ചൂണ്ടിക്കാട്ടുന്നു.