അടയാളപ്പെടുത്തുക കാലമേ ഇത് ഘടികാരങ്ങള്‍ നിലക്കുന്ന സമയം

വരുണ്‍ കാര്യാലയം

നൂറു വര്‍ഷത്തിനടുത്ത് ടെസ്റ്റ് പാരമ്പര്യമുള്ള ഗാബ ക്രിക്കറ്റ് ഗ്രൗണ്ട്, ഓസിസ് പോരാളികള്‍ എന്നും അധിപത്യം പുലര്‍ത്തിയിരുന്ന മൈതാനത്ത് നാലാം ടെസ്റ്റില്‍ തുടക്കം അവരുടേത് തന്നെ ആയിരുന്നു. ഇതുവരെ ഗാബയില്‍ ഇന്ത്യ ജയിച്ചിട്ടില്ല എന്ന കണക്കും ചേര്‍ത്തുവായിക്കണം. അത്രയ്ക്ക് ആത്മവിശ്വാസവുമയാണ് ഗാബ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഓസിസ് കളി തുടങ്ങിയത്.

അറുപതുകളില്‍ വലം കയ്യന്‍ ബാറ്റ്‌സ്മാനായ ജയ്‌സിംഹ നേടിയ സെഞ്ച്വറി ആയിരുന്നു ഗാബയിലെ ആദ്യ ഇന്ത്യന്‍ നേട്ടം. എഴുപതുകളില്‍ ഗവസ്‌കറും ഇതേ നേട്ടം കൈവരിച്ചു, പിന്നീട് ഗാബ മണ്ണില്‍ സെഞ്ച്വറി തികച്ചത് സാക്ഷാല്‍ ഗാംഗുലിയും മുരളി വിജയുമായിരുന്നു. ഇത്ര മാത്രമായിരുന്നു ഗാബ മണ്ണില്‍ ഇന്ത്യന്‍ നേട്ടം.

ഒന്നാം ഇന്നിങ്‌സില്‍ ഓസിസ് ഉയര്‍ത്തിയ 369 അത്ര വലിയ ടോട്ടല്‍ അല്ലെങ്കിലും ഗാബയില്‍ ഇന്ത്യയ്ക്ക് അത് ബാലികേറാമല തന്നെയായിരുന്നു. കണ്ണുകളെല്ലാം രോഹിത് ശര്‍മയിലേക്കായിരുന്നു. നല്ല തുടക്കം രോഹിത് നല്‍കിയെങ്കിലും അതിനെ വലിയ ഇന്നിങ്‌സായി പടുത്തുയര്‍ത്താന്‍ രോഹിതിനു കഴിഞ്ഞില്ല. സീനിയര്‍ താരങ്ങളില്‍ നിന്നും വലിയ വിമര്‍ശനമാണ് പിന്നീട് രോഹിത് നേരിട്ടത്. പോസിറ്റീവ് ഇന്നിങ്‌സ് മാത്രം കളിക്കാന്‍ ഇഷ്ട്ടപെടുന്ന രോഹിത് ഒരു പക്ഷെ ആ വിമര്‍ശനങ്ങള്‍ക്ക് അര്‍ഹനല്ല എന്ന് ഞാന്‍ പറയും. ലെഗ് സ്റ്റമ്പിനു പുറത്ത് കുത്തിയുയര്‍ന്നു വരുന്ന പന്തിനെ പുള്‍ ഷോര്‍ട് കളിച്ചില്ലെങ്കില്‍…, സ്വിങ് കൈമോശം വന്ന ബൗളേഴ്സിനെ സമ്മര്‍ദ്ധത്തില്‍ തള്ളിയിടാന്‍ ശ്രമിച്ചില്ലെങ്കില്‍ അദ്ദേഹം മറ്റാരെങ്കിലുമായിപ്പോകും.

വീരുവും രോഹിത്തും ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു പരിധിക്കപ്പുറം വിമര്‍ശനം അര്‍ഹിക്കുന്നില്ല. അവരുടെ സ്വത്വം ചോദ്യം ചെയ്യാന്‍ ഇവിടെ ആര്‍ക്കാണ് അധികാരം. 94 ഉം 93 ഉം പന്തുകള്‍ നേരിട്ട് പുജാരയും രഹാനയും അവരവരുടെ കടമ നിറവേറ്റി എന്ന് മാത്രം പറഞ്ഞവസാനിപ്പിക്കാം. മൂന്ന് ഫോര്‍മാറ്റിലും സാഹചര്യത്തിനനുസരിച്ച് ബാറ്റുവീശാറുള്ള വിരാടും രാഹുലും ഈ മത്സരത്തില്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആശിച്ചു പോയിരുന്നു. ഇന്ത്യയുടെ സ്റ്റാര്‍ ഓപ്പണര്‍ എന്ന് ബി.സി.സി.ഐ കരുതുന്ന മായങ്കിന്റെ സ്ഥാനമാറ്റം വിജയിച്ചു എന്ന് പറയാന്‍ കഴിയില്ലെങ്കിലും 75 പന്ത് നേരിട്ടത് ചെറിയ ആശ്വാസം നല്‍കി.

അപ്പോഴും മുന്‍നിരയില്‍ വലിയ ഇന്നിങ്‌സുകള്‍ ഉണ്ടായില്ല എന്നത് നിരാശ തന്നെയാണ്. ഒരു പക്ഷെ രോഹിത്തിന്റെ വിക്കറ്റിനു ശേഷം എല്ലാവരും ഉറ്റുനോക്കിയത് പ്രതിഭയും അലസതയും സാമാസമം കുത്തിനിറച്ച റിഷബിന്റെ ബാറ്റിലേക്കു തന്നെയായിരിക്കണം. അത് മറ്റൊന്നും കൊണ്ടല്ല മൂന്നാം ടെസ്റ്റില്‍ വമ്പന്മാരെല്ലാം സ്‌കോര്‍ കാര്‍ഡ് ചലിപ്പിക്കാതെ കൂടാരം കയറിയപ്പോള്‍ സിഡ്‌നി മൈതാനത്ത് തന്റെ പ്രതിഭ കൊണ്ട് കെട്ടിപ്പൊക്കിയ ആ 97 റണ്‍സ് പോരാട്ടം കൊണ്ടുതന്നെയാണ്. കമ്മിന്‍സിനെയും സ്റ്റാര്‍ക്കിനെയും ബഹുമാനിക്കാതെയുള്ള ആ ഇന്നിങ്‌സ് എക്കാലത്തും ഓര്‍മ്മിക്കപ്പെടും.

അതുപോലെ ഒരു വലിയ ഇന്നിങ്‌സ് റിഷബില്‍ നിന്നും പ്രതീക്ഷിച്ചാല്‍ എന്താണ് തെറ്റ്. നിര്‍ഭാഗ്യവശാല്‍ അതുണ്ടായില്ല. ഒന്നോ രണ്ടോ ബൗണ്ടറി പായിക്കുമ്പോള്‍ റിഷബിനും രോഹിതിനും അവരുടെ ഡി.എന്‍.എ തിളച്ചുയരും. അവരോടു ദയവായി വന്മത്തില്‍ തീര്‍ക്കാന്‍ പറയരുത്. അവരില്‍ നിന്നും സ്വത്വം പണയപ്പെടുത്തിയുള്ള ഇന്നിങ്‌സുകള്‍ പ്രതീക്ഷിക്കരുത്. ചരിത്രം പിറന്നത് ഇവിടെ വെച്ചായിരുന്നു………

‘അടയാളപ്പെടുത്തുക കാലമേ ഇത് ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം’ എന്ന ഷൈജു ദാമോധരന്റെ വാക്കുകള്‍ ആണ് മനസ്സിലേക്ക് ഓടിയെത്തിയത്. റിഷബും കൂടാരം കയറിയ ശേഷം പെയ്‌നിന്റെ മുഖത്തുണ്ടായ തിളക്കം ചെറുതായിരുന്നില്ല. താക്കൂര്‍, സുന്ദര്‍….! കേവലം ഒന്നോ രണ്ടോ ഓവറില്‍ തന്നെ ഇവരെയും കൂടാരം കയറ്റാം എന്ന തോന്നല്‍ തന്നെയായിരിക്കണം പെയ്‌നിന്റെ മുഖത്ത് ആ തിളക്കം സമ്മാനിച്ചത്.

10 വിക്കറ്റുകളും പിഴുതെറിഞ്ഞുകൊണ്ട് മികച്ച ലീഡുമായി രണ്ടാം ഇന്നിങ്‌സ് തുടങ്ങാം എന്ന ഓസിസ് മോഹങ്ങളുടെ മുനയൊടിഞ്ഞത് ഇവിടെ വെച്ചായിരുന്നു. ഇന്ത്യയുടെ എക്കാലത്തെയും വലിയ ടെസ്റ്റ് ഏഴാം വിക്കറ്റ് കൂട്ടുകെട്ട് പിറന്നതും ഇവിടെ വെച്ചുതന്നെ. വിഹാരിയില്‍ നിന്നും ജഡേജയില്‍ നിന്നുമായിരുന്നില്ലേ ഇത്തരം വലിയ മധ്യനിര കൂട്ടുകെട്ടുകള്‍ ഉണ്ടാകേണ്ടിയിരുന്നത്. അവിടെയെങ്ങനെ തക്കൂറിന്റെയും സുന്ദരിന്റെയും പേരുകള്‍ വന്നു. ഈ ചെറുപ്പക്കാരെ ഇത്ര നന്നായി ബാറ്റുവീശാന്‍ പഠിപ്പിച്ചതാരാണ്.

രണ്ടു മാസങ്ങള്‍ക്ക് മുന്നേ IPL ല്‍ വാലറ്റത്ത് വന്ന് കളി പൂര്‍ത്തീകരിക്കാന്‍ പോലും പറ്റാത്ത സുന്ദറിനെ ഇത്ര ക്ഷമയോടെ ഇന്നിങ്‌സ് പടുത്തുയര്‍ത്താന്‍ പഠിപ്പിച്ചതാരാണ്. ഒന്നുറപ്പാണ് നെറ്റ്സില്‍ ആ ചെറുപ്പക്കാരന്‍ നന്നായി വിയര്‍പ്പൊഴുക്കിയിട്ടുണ്ട്. കഠിനാധ്വാനത്തിലും അര്‍പ്പണ ബോധത്തിലും കെട്ടിപ്പൊക്കിയതാണ് ആ ഇന്നിങ്‌സ്. ഓസിസ് സ്പിന്നര്‍ ലിയോണിനെ എത്ര മികച്ച രീതിയിലാണ് സുന്ദര്‍ കളിച്ചത്. ലിയോണിന്റെ ഓരോ ബൗളിനെയും നല്ല ഫൂട് വര്‍ക്കുകളോടെ സുന്ദര്‍ നേരിട്ടു. ഓസിസ് സ്പിന്നറുടെ മുഖത്ത് നിരാശ നിഴലിച്ചു കാണാമായിരുന്നു. ഇന്ത്യയുടെ വര്‍ത്തമാന കാല വന്മതില്‍ 94 പന്തുകള്‍ നേരിട്ട മത്സരത്തിലാണ് ഈ അരങ്ങേറ്റക്കാരന്‍ 144 പന്തുകള്‍ നേരിട്ടതെന്നത് ഏറെ പ്രതീക്ഷകള്‍ നല്‍കുന്നു. അതുകൊണ്ടുതന്നെയാണ് സുന്ദറിന്റെ അര്‍ദ്ധ സെഞ്ച്വറിക്ക് പ്രാധാന്യമേറുന്നത്.

കുറച്ചുകൂടെ വേഗതയേറിയ രീതിയിലാണ് താക്കൂര്‍ കളിച്ചത്. 58.26 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു താക്കൂറിന്റെ ഇന്നിങ്‌സ്. സിക്‌സര്‍ പറത്തി ആദ്യ അര്‍ദ്ധ സെഞ്ച്വറി കുറിച്ചതും താന്‍ ഒരു വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ആണെന്ന ചിന്തയിലായിരിക്കണം. ഒന്നാം ഇന്നിങ്സില്‍ മികച്ച ലീഡ് നിലനിര്‍ത്തി ശേഷം രണ്ടാം ഇന്നിസില്‍ വലിയ ഒരു ടോട്ടല്‍ നല്‍കി വിജയത്തിലേക്ക് കുതിക്കാം എന്ന ഓസിസ് സ്വപ്നങ്ങള്‍ക്ക് അക്ഷരര്‍ത്ഥത്തില്‍ തടയിടുകയായിരുന്നു താക്കൂര്‍ സുന്ദര്‍ സഖ്യം.

കമ്മിന്‍സിന്റെ പന്തില്‍ പുറത്താകുമ്പോള്‍ തക്കൂര്‍ ഏറെ നിരാശനായിരുന്നു. ഒരു പക്ഷെ ഇതിലും വലിയ ഒരു ഇന്നിങ്‌സ് എന്റെ ടീമിനായി എനിക്ക് നല്‍കണം എന്ന ചിന്തയിലായിരിക്കാം ആ നിരാശ. ഒരു 33 റണ്‍സ് കൂടെ ചേര്‍ക്കാനായിരുന്നെങ്കില്‍ ചരിത്രമുറങ്ങുന്ന ഗാബയുടെ മണ്ണില്‍ ജയ്‌സിംഹയും ഗവാസ്‌കറുമെല്ലാമടങ്ങുന്ന നിരയില്‍ ഈ ഇരുപതിയൊമ്പത്തുകാരന്‍ ഇടം പിടിച്ചേനെ. മൂന്നാം ടെസ്റ്റില്‍ വിഹാരിയും അശ്വിനും തീര്‍ത്ത മധ്യനിര തന്ന പ്രതീക്ഷയോളം, അല്ലെങ്കില്‍ അതിനും മുകളില്‍ നില്‍ക്കുന്ന ഒരു കൂട്ടുകെട്ടാണ് താക്കൂറും സുന്ദറും സമ്മാനിച്ചത്. എക്കാലവും വിമര്‍ശിക്കപ്പെട്ടിരുന്ന ഇന്ത്യന്‍ മധ്യനിര മികവ് കാട്ടിയതിനും ഗാബ മൈതാനം സാക്ഷ്യം വഹിക്കുകയാണ്. വിശ്വ ക്രിക്കറ്റ് കലണ്ടറുകളില്‍ എന്നും ഓര്‍മ്മിക്കപ്പെടുന്ന ഒരു ടൂര്‍ണമെന്റായി ബോര്‍ഡര്‍ ഗവസ്‌കര്‍ ട്രോഫി 2020/2021 ഇതിനോടകം തന്നെ മാറിയിരിക്കുന്നു.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

You Might Also Like