ഇന്ത്യന്‍ താരങ്ങള്‍ക്ക് നേരെ വീണ്ടും വംശീയ അധിക്ഷേപം

Image 3
CricketCricket News

സിഡ്‌നി ടെസ്റ്റിന് പിന്നാലെ ബ്രിസ്ബെയ്നിലും ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിനെ വംശീയമായി ആക്ഷേപിച്ച് ഓസ്‌ട്രേലിയന്‍ കാണികള്‍. മത്സരത്തിനിടെ സിറാജിന് നേരെ കാണികളില്‍ ഒരു കൂട്ടര്‍ വംശീയ അധിക്ഷേപം നടത്തിയെന്ന് ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സിറാജിനെ നോക്കി ഒരു കൂട്ടം കാണികള്‍ ‘നീ ഒരു വൃത്തികെട്ട പുഴു’വാണെന്ന് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകളില്‍ ഉള്ളത്. ‘ഞങ്ങളെ ഒന്ന് ആവേശം കൊള്ളിക്കൂ വൃത്തിക്കെട്ട പുഴു’ എന്ന് പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

പരിക്കേറ്റ് മുതിര്‍ന്ന പേസര്‍മാര്‍ വിട്ടുനില്‍ക്കുന്ന നാലാം ടെസ്റ്റില്‍ ഇന്ത്യന്‍ പേസ് ഡിപാര്‍ട്ട്മെന്റിനെ നയിക്കുന്നത് സിറാജാണ്. സിറാജിനൊപ്പം അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന വാഷിങ്ടന്‍ സുന്ദറിന് നേരെയും കാണികള്‍ അധിക്ഷേപം നടത്തിയതായി മാധ്യമങ്ങള്‍ പറയുന്നു. എന്നാല്‍ സംഭവം സംബന്ധിച്ച് ഇന്ത്യന്‍ ടീം ഔദ്യോഗിക പരാതികളൊന്നും നല്‍കിയിട്ടില്ല.

നേരത്തെ സിഡ്‌നിയില്‍ ഇന്ത്യന്‍ താരങ്ങളായ മുഹമ്മദ് സിറാജ്, ജസ്പ്രിത് ഭുംറ എന്നിവര്‍ക്ക് നേരെ കാണികള്‍ വംശീയ അധിക്ഷേപം നടത്തിയത് വിവാദമായിരുന്നു. ഇതിനെതിരെ ബിസിസിഐ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ ടീം ഇന്ത്യയോട് മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് പുതിയ സംഭവം.