കോഹ്ലിയെ നായക സ്ഥാനത്ത് നിന്നും മാറ്റിയാല്‍ പ്രത്യാഘാതം ഗുരുതരം, മുന്നറിയിപ്പുമായി ഓസീസ് താരം
ഓസ്‌ട്രേലിയന് പര്യടനത്തില് നായകത്വ ശേഷി കാട്ടി അമ്പരപ്പിച്ചത് ഉപനായകന് അജിന്ക്യ രഹാനയായിരുന്നു. കോഹ്ലിയുടെ ഇന്ത്യയെ മുന്നില് നിന്നും നയിച്ച രഹാന 2-1ന് പരമ്പര സ്വന്തമാക്കിയാണ് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചത്. ആദ്യ മത്സരത്തില് കോഹ്ലിയ്ക്ക് കീഴില് ഇറങ്ങിയ ടീം 36 റണ്സിന് ഓള് ഔട്ടായി നാണംകെട്ട തോല്വി വഴങ്ങിയതിന് പിന്നാലെയാണ് രഹാന നായക സ്ഥാനം ഏറ്റെടുത്തതും ഇന്ത്യയ്ക്ക് ചരിത്ര പരമ്പര സമ്മാനിച്ചതും.
ഇതോടെ ടെസ്റ്റില് കോഹ്ലിയെ നായകസ്ഥാനത്ത് നിന്നും മാറ്റി രഹാനയ്ക്ക് സ്ഥിരം ക്യാപ്റ്റന് പദവി നല്കണമെന്ന ആവശ്യം ഉയര്ന്നിരുന്നു. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ടാണ് കോഹ്ലി അവസാന മൂന്ന് ടെസ്റ്റുകളില് നിന്ന് വിട്ടുനിന്നത്.
എന്നാല് ഇക്കാര്യത്തില് വിഭിനന്നമായൊരു അഭിപ്രായലവുമായി രംഗത്ത് വന്നിരിക്കുകയാണ് മുന് ഓസ്ട്രേലിയന് താരം ബ്രാഡ് ഹോഗ്. കോഹ്ലലിയെ നായകസ്ഥാനത്ത് നിന്ന് മാറ്റിയാല് ഇന്ത്യന് സംസ്‌കാരത്തെത്തന്നെ അത് തകര്ക്കുമെന്നാണ് ഹോഗ് അഭിപ്രായപ്പെട്ടത്.
‘നായകനായിരിക്കുമ്പോഴാണ് കോഹ്ലി കൂടുതല് മികച്ച രീതിയില് ബാറ്റ് ചെയ്യുന്നത്. ഇന്ത്യ നായകനെ മാറ്റാന് ശ്രമിച്ചാല് അത് ടീമിന്റെ സംസ്‌കാരത്തെ തകര്ക്കും. അത് കോഹ്ലിയുടെ ബാറ്റിങ്ങിനെയും ബാധിച്ചേക്കും. അത് അവന് മനപ്പൂര്വം ചെയ്തില്ലെങ്കിലും അത് സംഭവിക്കും’-ഹോഗ് പറഞ്ഞു.
‘ഓസ്ട്രേലിയക്കെതിരായ അവസാന മൂന്ന് മത്സരത്തിലും മനോഹരമായി തന്റെ ജോലി ചെയ്യാന് രഹാനെയ്ക്ക് സാധിച്ചിട്ടുണ്ട്. വളരെ ശാന്തനും മികച്ചൊരു നായകനുമാണവന്. എന്നാല് ഉപനായക പദവിയാണ് കൂടുതല് ചേരുക. കാരണം കോഹ്ലി മുന്നില് നിന്ന് നയിക്കുന്ന നായകനാണ്’-ഹോഗ് വിലയിരുത്തി. അഡ്ലെയ്ഡിലെ വലിയ നാണക്കേടിന് ശേഷം മെല്ബണില് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് രഹാനെയുടെ സെഞ്ച്വറി പ്രകടനമായിരുന്നു. നിര്ണ്ണായക സമയത്ത് സെഞ്ച്വറിയോടെ ടീമിനെ മുന്നില് നിന്ന് നയിക്കാന് രഹാനെക്ക് സാധിച്ചിരുന്നു.