തീയായി രോഹിത്ത്, സൂപ്പര്‍ ഫിനിഷറായി കാര്‍ത്തിക്, തകര്‍പ്പന്‍ ജയവുമായി ഇന്ത്യ

ഓസ്‌ട്രേലിയക്കെതിരെ രണ്ടാം ടി20യില്‍ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ. മഴയും നനഞ്ഞ ഔട്ട് ഫീല്‍ഡും കാരണം എട്ടോവര്‍ വീതമാക്കി കുറച്ച മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 91 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ നാല് പന്ത് മാത്രം ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇരുടീമുകളും 1-1ന് ഒപ്പത്തിനൊപ്പമെത്തി.

മുന്നില്‍ നിന്ന നയിച്ച രോഹിത്ത് ശര്‍മ്മയുടെ തകര്‍പ്പന്‍ പ്രകടന മികവിലാണ് ഇന്ത്യ വിജയത്തിലെത്തിയത്. അവസാന ഓവറില്‍ ഇന്ത്യയ്ക്ക ജയിക്കാന്‍ ഒന്‍പത് റണ്‍സായിരുന്നു വേണ്ടിയിരുന്നത്. സാംസ് എറിഞ്ഞ ആദ്യ പന്ത് ദിനേഷ് കാര്‍ത്തിക് അനായാസം സിക്‌സ് പായിക്കുകയായിരന്നു. ഇതോടെ അഞ്ച് പന്തില്‍ ഇന്ത്യയുടെ വിജയലക്ഷ്യം വെറും മൂന്ന് റണ്‍സായി കുറഞ്ഞു. തൊട്ടടുത്ത പന്ത് ബൗണ്ടറി നേടി രണ്ട് പന്ത് മാത്രം നേരിട്ട കാര്‍ത്തിക് മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു.

20 പന്തില്‍ നാല് വീതം ഫോറും സിക്‌സും ഫോറും സഹിതം പുറത്താകാതെ 46 റണ്‍സാണ് രോഹിത്ത് നേടിയത്. ഒരറ്റത്ത് വിക്കറ്റ് കൊഴിയുമ്പോഴും വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത രോഹിത്ത് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണ്ണായകമായി. കെഎല്‍ രാഹുല്‍ (10), വിരാട് കോഹ്ലി (11), സൂര്യകുമാര്‍ യാദവ് (0), ഹാര്‍ദ്ദിക്ക് പാണ്ഡ്യ (9) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം. ഓസ്‌ട്രേലിയക്കായി ആദം സാമ്പ രണ്ടോവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഓസ്‌ട്രേലിയക്കായി ക്യാപ്റ്റന്‍ മാത്യു വെയ്ഡിന്റെയും ആരോണ്‍ ഫിഞ്ചിന്റെയും ബാറ്റിംഗ് വെടിക്കെട്ടിന്റെ മികവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 90 റണ്‍സെടുത്തത്. വെയ്ഡ് 19 പന്തില്‍ 43 റണ്‍സെടുത്ത് പുറത്താകാതെ നിന്നപ്പോള്‍ ഫിഞ്ച് 15 പന്തില്‍ 31 റണ്‍സെടുത്തു. ഇന്ത്യക്കായി അക്‌സര്‍ പട്ടേല്‍ രണ്ട് വിക്കറ്റുമായി തിളങ്ങി.

എട്ടോവര്‍ മാത്രമുള്ളതിനാല്‍ ആദ്യ ഓവര്‍ മുതല്‍ അടിച്ചു തകര്‍ക്കാനാണ് ഓസീസ് ശ്രമിച്ചത്. ഹാര്‍ദ്ദിക് പാണ്ഡ്യ എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്ത് യോര്‍ക്കറായിരുന്നു. എന്നാല്‍ രണ്ടാം പന്തില്‍ സ്‌കൂപ്പ് ഷോട്ടിലൂടെ ബൗണ്ടറിയടിച്ച് ഫിഞ്ച് ഉദ്ദേശം വ്യക്തമാക്കി. ആദ്യ ഓവറില്‍ 10 റണ്‍സാണ് ഓസീസ് അടിച്ചെടുത്തത്. എന്നാല്‍ അക്‌സര്‍ പട്ടേല്‍ എറിഞ്ഞ പവര്‍പ്ലേയിലെ അവസാന ഓവറില്‍ ക്യാച്ചില്‍ നിന്ന് രക്ഷപ്പെട്ട കാമറൂണ്‍ ഗ്രീന്‍ റണ്ണൗട്ടായത് ഓസീസിന് തിരിച്ചടിയായി.

വിരാട് കോഹ്ലിയാണ് ബൗണ്ടറിയില്‍ ഗ്രീനിനെ കൈവിട്ടത്. എന്നാല്‍ അടുത്ത പന്തില്‍ ഗ്രീനിനെ റണ്ണൗട്ടാക്ക് കോഹ്ലി തന്നെ കണക്കു തീര്‍ത്തു. അതേ ഓവറിലെ അവസാന പന്തില്‍ ഗ്ലെന്‍ മാക്‌സ്വെല്ലിനെ(0) ഗോള്‍ഡന്‍ ഡക്കാക്കി അക്‌സര്‍ വീണ്ടും ആഞ്ഞടിച്ചു. രണ്ടോവര്‍ കഴിഞ്ഞപ്പോള്‍ 19-2 ആയിരുന്നു ഓസീസ് സ്‌കോര്‍. യുസ്വേന്ദ്ര ചാഹല്‍ എറിഞ്ഞ മൂന്നാം ഓവറില്‍ ഒരു സിക്‌സ് അടക്കം 12 റണ്‍സടിച്ച ഓസീസിനെ അക്‌സര്‍ വീണ്ടും ഞെട്ടിച്ചു. ടിം ഡേവിഡിനെ ആദ്യ പന്തില്‍ തന്നെ അക്‌സര്‍ ക്ലീന്‍ ബൗള്‍ഡാക്കി. നാലാം ഓവറില്‍ നാലു റണ്‍സ് മാത്രമാണ് ഓസീസിന് നേടാനായത്.

അഞ്ചാം ഓവറിലാണ് ജസ്പ്രീത് ഭുംറ പന്തെറിയാനെത്തിയത്. വൈഡില്‍ തുടങ്ങിയ ഭുംറയുടെ അടുത്ത പന്ത് ഫിഞ്ച് ബൗണ്ടറി കടത്തി. എന്നാല്‍ ഓവറിലെ അവസാന പന്തില്‍ മനോഹരമായൊരു ലോ ഫുള്‍ട്ടോസില്‍ തകര്‍ത്തടിച്ചിരുന്ന ഫിഞ്ചിനെ ക്ലീന്‍ ബൗള്‍ഡാക്കി ഭുംറ മത്സരക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് അറിയിച്ചു. ഭുംറയുടെ ഓവറില്‍ 11 റണ്‍സാണ് ഓസീസ് നേടിയത്.ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ ആറാം ഓവറില്‍ 13 റണ്‍സടിച്ച് ഓസീസ് കരുത്തു കാട്ടി. ഭുംറ എറിഞ്ഞ ഏഴാം ഓവറിലും ഓസീസ് 12 റണ്‍സടിച്ചു. ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ അവസാന ഓവറില്‍ മൂന്ന് സിസ്‌ക് അടക്കം 19 റണ്‍സടിച്ച മാത്യു വെയ്ഡ് ഓസീസിനെ 90 റണ്‍സിലെത്തിച്ചു. അഞ്ച് പന്തില്‍ എട്ട് റണ്‍സുമായി സ്റ്റീവ് സ്മിത്തും പുറത്താകാതെ നിന്നു.

ഇന്ത്യക്കായി അക്‌സര്‍ പട്ടേല്‍ രണ്ടോവറില്‍ 13 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ജസ്പ്രീത് ബുമ്ര രണ്ടോവറില്‍ 23 റണ്‍സിന് ഒരു വിക്കറ്റെടുത്തു. ഹാര്‍ദ്ദിക് പാണ്ഡ്യ ഒരോവറില്‍ 10 ഉം, യുസ്വേന്ദ്ര ചാഹല്‍ ഒരോവറില്‍ 12ഉം റണ്‍സ് വഴങ്ങിയപ്പോള്‍ രണ്ടോവറില്‍ 32 റണ്‍സ് വഴങ്ങിയ ഹര്‍ഷല്‍ പട്ടേല്‍ നിരാശപ്പെടുത്തി.

You Might Also Like