ധവാനും ശ്രേയസും തിരിച്ചെത്തി, രോഹിത്തിന് സെലക്ഷന്‍ തലവേദന, ദ്രാവിഡിന് ഉറക്കം നഷ്ടപ്പെടും

Image 3
CricketTeam India

വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം ഏകദിനത്തിനായി ഇന്ത്യ ഇറങ്ങുമ്പോള്‍ ആരെ തള്ളും ആരെ കൊള്ളുമെന്ന തലവേദനയിലാണ് ടീം മാനേജ്‌മെന്റ്. കൊവിഡ് മുക്തരായ ശിഖര്‍ ധവാനും ശ്രേയസ് അയ്യര്‍ക്കും പുറമെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ കെ എല്‍ രാഹുലും മായങ്ക് അഗര്‍വാളും ടീമിനൊപ്പം ചേര്‍ന്നതോടെ ആരെയൊക്കെ ഉള്‍പ്പെടുത്തണമെന്ന ആശയകുഴപ്പത്തിലാണ് രോഹിത്തും ദ്രാവിഡും.

ധവാനെയും ശ്രേയസിനെയും നാളത്തെ കളിപ്പിക്കണോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ ധവാന്‍ മിന്നുന്ന ഫോമിലായിരുന്നുവെന്നത് രോഹിത്തിന് അവഗണിക്കാനാവില്ല. അതേസമയം, ഇവര്‍ക്കൊപ്പം കൊവിഡ് ബാധിതനായ റുതുരാജ് ഗെയ്ക്വാദ് ഇപ്പോഴും ഐസൊലേഷനില്‍ തുടരുകയാണ്.

ആദ്യ മത്സരത്തില്‍ നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് രോഹിത് ശര്‍മ്മയും സംഘവും നാളെ രണ്ടാം മത്സരത്തിനിറങ്ങുന്നത്. ഒന്നാം ഏകദിനത്തില്‍ രോഹിത്തും ഇഷാന്‍ കിഷനുമാണ് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത്. നാളെ രോഹിത് ഏത് സ്ഥാനത്ത് ബാറ്റുചെയ്യുമെന്ന കാര്യത്തില്‍ വ്യക്തത ആയിട്ടില്ല.

യുസ്‌വേന്ദ്ര ചാഹലിന്റെയും വാഷിംഗ്ടണ്‍ സുന്ദറിന്റെയും ബൗളിംഗ് മികവിലായിരുന്നു ഇന്ത്യ പരമ്പരയില്‍ ജയിച്ച് തുടങ്ങിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ 60 റണ്‍സുമായും തിളങ്ങി. വിരാട് കോലിക്ക് കഴിഞ്ഞ മത്സരത്തിലും റണ്‍സ് കണ്ടെത്താനായില്ല. കോലി സെഞ്ച്വറി നേടിയിട്ട് രണ്ടുവര്‍ഷത്തില്‍ ഏറെയായി.

പരമ്പരയില്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ വിന്‍ഡീസിന് ജയം അനിവാര്യമാണ്. ജേസണ്‍ ഹോള്‍ഡറുടെ പോരാട്ടമാണ് ആദ്യമത്സരത്തില്‍ വിന്‍ഡീസിനെ ആദ്യ മത്സരത്തില്‍ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. നായകന്‍ കെയ്‌റോണ്‍ പൊള്ളാര്‍ഡ്, നിക്കോളാസ് പുരാന്‍ എന്നിവരുടെ പ്രകടനവും വിന്‍ഡീസിന് നിര്‍ണായകമാണ്.