2034 ലോകകപ്പിലെ പത്ത് മത്സരങ്ങൾ ഇന്ത്യയിൽ നടത്താൻ നീക്കം, സൗദിയുമായി ചർച്ചകൾ നടത്തും

Image 3
Football News

ഇന്ത്യയിലെ ഫുട്ബോൾ പ്രേമികൾക്ക് സന്തോഷവാർത്തയാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ പുതിയ നീക്കം. 2034ൽ നടക്കുന്ന ഫിഫ ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിലും സംഘടിപ്പിക്കാനുള്ള നീക്കങ്ങൾ എഐഎഫ്എഫ് നടത്തുന്നുണ്ട്. ലോകകപ്പിന്റെ ആതിഥേയർ സൗദി അറേബ്യ ആണെങ്കിലും അവരോട് ചർച്ചകൾ നടത്തി ഏതാനും മത്സരങ്ങൾ ഇന്ത്യയിൽ സംഘടിപ്പിക്കാനുള്ള നീക്കമാണ് നടത്തുന്നത്.

കഴിഞ്ഞ ദിവസം പുറത്തു വന്ന ഈ റിപ്പോർട്ടുകൾ അടിസ്ഥാനമാക്കുന്നത് എഐഎഫ്എഫ് അംഗങ്ങളുടെ ഇടയിൽ മാത്രം നൽകിയ ഒരു സർക്കുലറിനെയാണ്. ഇതിലാണ് മേധാവിയായ കല്യാൺ ചൗബേ ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ നടത്താനുള്ള പദ്ധതിയെക്കുറിച്ച് വ്യക്തമാക്കുന്നത്. സൗദി അറേബ്യയുമായി ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തും. സൗദി അറേബ്യക്കും സമ്മതമാണെങ്കിൽ സംഭവം യാഥാർഥ്യമാകും.

അതേസമയം ഒരുപാട് മത്സരങ്ങളൊന്നും നടത്താൻ ഇന്ത്യക്ക് പദ്ധതിയില്ല. അടുത്ത ലോകകപ്പ് മുതൽ കൂടുതൽ ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്. 2034 ലോകകപ്പിൽ 48 ടീമുകൾ പങ്കെടുക്കുമെന്നതിനാൽ 104 മത്സരങ്ങളാണ് നടക്കുക. ഇതിൽ പത്ത് മത്സരങ്ങളെങ്കിലും ഇന്ത്യയിൽ വെച്ച് നടത്താനാണ് എഐഎഫ്എഫ് ശ്രമിക്കുന്നത്. നടന്നാൽ ഇന്ത്യൻ ഫുട്ബോളിന് അത് നൽകുന്ന ഊർജ്ജം വലുതായിരിക്കും.

കഴിഞ്ഞ മാസമാണ് 2034 ലോകകപ്പ് സൗദി അറേബ്യയിൽ വെച്ച് നടത്താനുള്ള തീരുമാനം വരുന്നത്. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷനിൽ നിന്നും അതിനു പൂർണപിന്തുണയാണ് ലഭിച്ചത്. ഇന്ത്യയും സൗദിക്ക് പിന്തുണ നൽകിയിരുന്നു. ലോകകപ്പ് ബിഡ് ചെയ്യാൻ ഉദ്ദേശിച്ച ഓസ്‌ട്രേലിയ പിന്മാറുകയും ചെയ്‌തു. സമാനമായ രീതിയിൽ 2027 ഏഷ്യൻ കപ്പിന് സൗദി അറേബ്യ ബിഡ് ചെയ്‌തപ്പോൾ ഇന്ത്യയും പിന്മാറിയിരുന്നു.