ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യയ്ക്ക് വീണ്ടും തകര്‍പ്പന്‍ പരമ്പരകള്‍, ഷെഡ്യൂള്‍ പ്രഖ്യാപിച്ചു

Image 3
CricketTeam India

ഈ വര്‍ഷം ഒക്ടോബറില്‍ നടക്കുന്ന ടി20 ലോകകപ്പ് എന്ത് വിലകൊടുത്തും ഇന്ത്യയിലേക്ക് എത്തിക്കാനുളള തയ്യാറെടുപ്പിലാണ് ബിസിസിഐ. ഇതിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി രണ്ട് തകര്‍പ്പന്‍ പരമ്പര കൂടി ടീം ഇന്ത്യ പ്രഖ്യാപിച്ചിരിക്കുകയാണ്.

നാട്ടില്‍ വച്ച് കരുത്തരായ ഓസ്ട്രേലിയ, സൗത്താഫ്രിക്ക എന്നിവര്‍ക്കെതിരേയാണ് ടി20 പരമ്പരകളില്‍ ഇന്ത്യ ഏറ്റുമുട്ടുന്നത്. ഈ പരമ്പരകളുടെ ഷെഡ്യൂളുകള്‍ ബിസിസിഐ പ്രഖ്യാപിക്കുകയും ചെയ്തു. ഓസ്ട്രേലിയക്കെതിരെ മൂന്നു ടി20 മത്സരങ്ങളടങ്ങിയ പരമ്പരകളും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നു വീതം ടി20, ഏകദിന മത്സരങ്ങളടങ്ങിയ പരമ്പരകളുമാണ് ഇന്ത്യ കളിക്കുക.

നിലവില്‍ വെസ്റ്റ് ഇന്‍ഡീസ് പര്യടനം നടത്തിക്കൊണ്ടിരിക്കുന്ന ഇന്ത്യ അടുത്തതായി സിംബാബ്വെയിലാണ് പര്യടനം നടത്തുക. അതിനു ശേഷം ഈ മാസം അവസാനത്തോടെ ഏഷ്യാ കപ്പിലും പങ്കെടുക്കും.

2022-23 സീസണിന്റെ ഭാഗമായി ഇന്ത്യ നാട്ടില്‍ കളിക്കുന്ന ആദ്യത്തെ പരമ്പര കൂടിയാണ് ഓസ്ട്രേലിയയുമായുള്ള ടി20 പരമ്പര. ആദ്യ ടി20 സപ്തബംര്‍ 20ന് മൊഹാലിയിലാണ്. തുടര്‍ന്നുള്ള മല്‍സരങ്ങള്‍ 23ന് നാഗ്പൂരിലും 25ന് ഹൈദരാബാദിലുമായിരിക്കും.

ഓസ്ട്രേലിയയുമായുള്ള പരമ്പരയ്ക്കു പിറകെ ദക്ഷിണാഫ്രിന്‍ ടീം വൈറ്റ് ബോള്‍ പരമ്പരകള്‍ക്കായി ഇന്ത്യയിലേക്കു വരും. സെപ്തംബര്‍ 28ന് നടക്കുന്ന ടി20 പരമ്പരയിലെ ആദ്യ മല്‍സരം തിരുവനന്തപുരത്താണ്. തുടര്‍ന്നുള്ള മല്‍സരങ്ങള്‍ ഒക്ടോബര്‍ രണ്ട്, നാല് തിയ്യതികളില്‍ നടക്കും. രണ്ടാം ടി20 ഗുവാഹത്തിയിലും മൂന്നാമത്തെ മല്‍സരം ഇന്‍ഡോറിലുമായിരിക്കും.

ടി20 പരമ്പരയ്ക്കു പിന്നാലെ ഏകദിന പരമ്പര നടക്കും. ഒക്ടോബര്‍ ആറിനു ലഖ്നൗവിലാണ് ആദ്യ ഏകദിനം. തുടര്‍ന്നുള്ള മല്‍സരങ്ങള്‍ ഒമ്പതിനു റാഞ്ചിയിലും 11ന് ഡല്‍ഹിയിലുമാണ്.