സഹല്‍ പുറത്ത്, രാഹുല്‍ ഇതാദ്യമായി ഇന്ത്യന്‍ ടീമില്‍

ഇന്ത്യന്‍ ടീമിന്റെ പരിശീലന ക്യാമ്പിലേക്ക് മൂന്ന് മലയാളി താരങ്ങള്‍ക്ക് ക്ഷണം. രാഹുല്‍ കെപി. രാഹുലിനൊപ്പം മഷൂര്‍ ഷരീഫും ആശിഖ് കുരുണിയനും ആണ് ക്യാമ്പില്‍ ഇടം പിടിച്ചു. ഇതില്‍ രാഹുലും മഷൂറും ഇതാദ്യമായാണ് ഇന്ത്യന്‍ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.
അതേസമയം, ടീമിലെ സ്ഥിര സാന്നിധ്യമായിരുന്ന ബ്ലാസ്റ്റേഴ്‌സ് താരം സഹല്‍ അബ്ദുല്‍ സമദിന് ഇടം ലഭിച്ചില്ല. പരിക്കാണ് താരത്തിന് തിരിച്ചടിയയത്.
എഫ്‌സി ഗോവയ്ക്കു വേണ്ടി സൂപ്പര്‍ സബായി ഇറങ്ങി മികച്ച പ്രകടനം കാഴ്ച വച്ച ഇഷാന്‍ പണ്ഡിറ്റയെയും പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച് ആദ്യമായി ക്യാമ്പിലേക്ക് ക്ഷണിച്ചു. ഇവര്‍ക്കൊപ്പം ഹൈദരാബാദിന്റെ യുവതാരങ്ങളായ ആകാശ് മിശ്ര, യാസിര്‍ മുഹമ്മദ്, ലിസ്റ്റണ്‍ ഐഎസ്എലില്‍ ആദ്യമായി ഹാട്രിക്ക് നേടിയ ഇന്ത്യന്‍ താരം എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ മുംബൈ സിറ്റിയുടെ ബിപിന്‍ സിംഗ് എന്നിവരൊക്കെ സ്‌ക്വാഡില്‍ ഉണ്ട്.
മൂന്ന് മലയാളി താരങ്ങള്‍ ടീമിലുണ്ടെങ്കിലും സഹലും വിപി സുഹൈറും ടിപി രഹനേഷും പുറത്തായത് നിരാശയായി.
ഹൈദരാബാദിന്റെ കുതിപ്പിന് പ്രധാന പങ്കുവഹിച്ച യുവതാരങ്ങള്‍ ക്യാമ്പില്‍ ഉള്‍പ്പെട്ടത് പ്രതീക്ഷിച്ചിരുന്നതാണ്. മധ്യനിരയിലും പ്രതിരോധനിരയിലും ഗംഭീര പ്രകടനങ്ങളുമായി യുവതാരങ്ങള്‍ കളം നിറഞ്ഞത് ആരാധകരെയും ഏറെ സന്തോഷിപ്പിച്ചിരുന്നു.
ഹൈദരാബാദിന്റെ 6 താരങ്ങളാണ് ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഹൈദരാബാദിന്റെ ലിസ്റ്റണ്‍, ആകാശ് മിശ്ര തുടങ്ങിയവര്‍ക്കൊപ്പം കേരള ബ്ലാസ്റ്റേഴ്‌സിനു വേണ്ടി വിങ്ങില്‍ നിറഞ്ഞുകളിച്ച രാഹുലിന്റെ തെരഞ്ഞെടുപ്പും പ്രതീക്ഷിച്ചതാണ്. മുംബൈ സിറ്റിക്കായി ഗംഭീര പ്രകടനം നടത്തിയ ബിപിന്‍ സിംഗിനെയും ഇത്തവണ ക്യാമ്പില്‍ പ്രതീക്ഷിച്ചിരുന്നു. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനു വേണ്ടി നടത്തിയ പ്രകടനമാണ് മഷൂര്‍ ശരീഫിനെ ക്യാമ്പില്‍ എത്തിച്ചത്.
ഈ മാസം അവസാനം യുഎഇ ഒമാന്‍ എന്നീ ടീമുകളെയാണ് ഇന്ത്യ നേരിടുന്നത്. ദുബായില്‍ വെച്ചാകും മത്സരം.