സഞ്ജു തുടരും, ദീര്‍ഘകാലത്തിന് ശേഷം അവരുടെ മടങ്ങി വരവ്, ടീം ഇന്ത്യ പ്രഖ്യാപിച്ചു

Image 3
CricketTeam India

സിംബാബ്വെക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ശിഖര്‍ ധവാനാണ് നായകനായ 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. ദീര്‍ഘകാലത്തിന് ശേഷം സ്പിന്നര്‍ വാഷിംഗ്ടണ്‍ സുന്ദറും പേസര്‍ ദീപക് ചാഹറും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി.

പരിക്കിനെത്തുടര്‍ന്ന് ഇരുവരും ദീര്‍ഘനാളായി ടീമിന് പുറത്തായിരുന്നു. സുന്ദര്‍ കൗണ്ടി ക്രിക്കറ്റില്‍ മികച്ച പ്രകടനം തുടരുന്നതിനിടെയാണ് ഇന്ത്യന്‍ ടീമിലേക്കുള്ള വിളിയെത്തുന്നത്.

എന്നാല്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് പോലെ വിരാട് കോഹ്ലി സിംബാബ് വെയ്‌ക്കെതിരായ ടീമില്‍ ഇടംപിടിച്ചില്ല. ഏഷ്യാ കപ്പിന് മുമ്പ് ഫോമിലേക്ക് മടങ്ങാന്‍ കോലിയെ സിംബാബ്വെക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതോടെ കോഹ്ലിയുടെ തിരിച്ചുവരവ് ഏഷ്യാ കപ്പിലെ ഉണ്ടാകൂ എന്ന് ഉറപ്പായി.

ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദ്, ശുഭ്മാന്‍ ഗില്‍ എന്നിവരും ടീമില്‍ സ്ഥാനം നിലനിര്‍ത്തി. പേസര്‍മാരായി പ്രസിദ്ധ് കൃഷ്ണ, ഷര്‍ദ്ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ് എന്നിവരാണ് ദീപക് ചാഹറിന് പുറമെ ടിമിലിടം നേടിയത്. സ്പിന്നര്‍മാരായി അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവരാണ് സുന്ദറിന് പുറമെ ടീമിലുള്ളത്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ കളിച്ച യുസ്വേന്ദ്ര ചാഹലിനും സൂര്യകുമാര്‍ യാദവിനും ഏകദിന പരമ്പരയില്‍ നിന്ന് വിശ്രമം അനുവദിച്ചു. രാഹുല്‍ ത്രിപാതിയും ഇഷാന്‍ കിഷനുമെല്ലാം ടീമിലുണ്ട്.

സിംബാബ്വെക്കെതിരെ മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയിലാണ് ഇന്ത്യ കളിക്കുക. ഓഗസ്റ്റ് 18, 20, 22 തീയതികളിലാണ് മത്സരങ്ങള്‍.

സിംബാബ്വെക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം: Shikhar Dhawan (Capt), Ruturaj Gaikwad, Shubman Gill, Deepak Hooda, Rahul Tripathi, Ishan Kishan (wk), Sanju Samosn (wk), Washington Sundar, Shardul Thakur, Kuldeep Yadav, Axar Patel, Avesh Khan, Prasidh Krishna, Mohd Siraj, Deepak Chahar.