ഇന്ത്യ രക്ഷപ്പെട്ടു, ആ നാണക്കേടിന്റെ റെക്കോര്‍ഡ് ഇനി ആ ടീമിന്
ഇംഗ്ലണ്ട് പര്യടനത്തിനെത്തി ദയനീയ തോല്‍വി ഏറ്റുവാങ്ങുുന്ന ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെ തേടി ഒരു നാണക്കേടിന്റെ റെക്കോര്‍ഡ്. അന്താരാഷ്ട്ര ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ പരാജയപ്പെട്ട ടീം എന്ന നാണക്കേടാണ് ശ്രീലങ്ക ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്.
1975ല്‍ അന്താരാഷ്ട്ര ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച ശ്രീലങ്ക ഇതുവരെ 860 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഇതില്‍ 390 മത്സരങ്ങളില്‍ വിജയിക്കുകയും 428 മത്സരങ്ങളില്‍ പരാജയപ്പെടുകയും ചെയ്തു.
ഇംഗ്ലണ്ടുമായുള്ള ശ്രീലങ്കയുടെ ഏകദിന പരമ്പര തുടങ്ങുന്നതിന് മുമ്പ് ഈ മോശം റെക്കോര്‍ഡ് ഇന്ത്യയുടെ പേരിലായിരുന്നു. 1974 ല്‍ ആദ്യമായി ഏകദിന മത്സരം കളിച്ച ഇന്ത്യ ഇതുവരെയായി 933 മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. 516 വിജയവും 427 പരാജയവുമാണ് ഇന്ത്യ നേടിയത്. ഒപ്പം 9 സമനിലയും 41 മത്സരങ്ങളില്‍ ഫലം കാണാതെയും പോയി.
933 മത്സരങ്ങളില്‍ നിന്ന് 414ല്‍ പരാജയപ്പെട്ട പാകിസ്ഥാന്‍ ഈ ലിസ്റ്റില്‍ മൂന്നാമതാണ്. 828 മത്സരങ്ങളില്‍ നിന്ന് 384 പരാജയവുമായി വെസ്റ്റ് ഇന്‍ഡീസ് നാലാമതും. 1973 ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച വെസ്റ്റ് ഇന്‍ഡീസ് 404 മത്സരങ്ങളില്‍ ജയം നേടിയിട്ടുണ്ട്. ഏകദിനത്തിലെ ആദ്യ 2 ലോകക്കപ്പും വെസ്റ്റ് ഇന്‍ഡീസ് തന്നെയായിരുന്നു നേടിയത് (1975, 1979).
ടി20 പരമ്പരയില്‍ മൂന്ന് മത്സരത്തിലും ദയനീയ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ ഏകദിനത്തിലും അത് തുടരുകയാണ് ശ്രീലങ്ക. ജൂണ് 23ന് ആരംഭിച്ച ടി20 പരമ്പരയില്‍ ശ്രീലങ്കയെ ഇംഗ്ലണ്ട് വെള്ളപൂശിയിരുന്നു. ഇതുവരെ നടന്ന 2 ഏകദിന മത്സരത്തിലും നില മെച്ചപ്പെടുത്താനാകാതെ കഷ്ടപ്പെടുകയാണ് ശ്രീലങ്ക.
കഴിഞ്ഞ ദിവസം നടന്ന രണ്ടാം ഏകദിന മത്സരത്തില്‍ ആദ്യ ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 50 ഓവര്‍ പിന്നിട്ടപ്പോള്‍ 9 വിക്കറ്റ് നഷ്ട്ടത്തില്‍ 241 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് ലക്ഷ്യം 2 വിക്കറ്റ് നഷ്ട്ടത്തില്‍ 43ആം ഓവറില്‍ മറികടന്നു. ശ്രീലങ്കയുടെ തകര്‍ച്ചയ്ക്ക് ചുക്കാന്‍ പിടിച്ച യുവ താരം സാം കറനായിരുന്നു മാന്‍ ഓഫ് ദി മാച്ച്. റോയ് (60), റൂട്ട് (68*), മോര്‍ഗന്‍ (75*) എന്നിവര്‍ ഇംഗ്ലണ്ടിനായി ബാറ്റിങ്ങില്‍ തിളങ്ങി.